വായനയ്ക്കിടയില്‍...

Wednesday, January 30, 2008

Central Station അഥവാ central do Brasil (1998)

വായിക്കാന്‍ തീരെ സാധിക്കുന്നില്ല. സിനിമയാവുമ്പോള്‍ ബുദ്ധിമുട്ടൊന്നുമില്ലല്ലോ. അതും ഫെസ്റ്റിവലോ മറ്റോ ഉണ്ടെങ്കില്‍ കേമമായി. നേരെ ചെന്നങ്ങിരുന്നു കൊടുത്താല്‍ മതി. പരിചയക്കാരെ കാണുകയും ചെയ്യാം. ആയകാലത്തു് നല്ല സിനിമകള്‍ കണ്ടു ശീലിച്ചിട്ടില്ല. ആ കുഴപ്പം തീര്‍ത്തു കളയാമെന്നൊരു പ്രതീക്ഷയുമുണ്ടു്.


പ്രേരണ കഴിഞ്ഞ വെള്ളിയാഴ്ച ഷാര്‍ജയില്‍ നടത്തിയ ഫെസ്റ്റിവലില്‍ കാണിച്ച സെന്റ്രല്‍ സ്റ്റേഷന്‍ എന്ന ബ്രസീലിയന്‍ സിനിമ വളരെയധികം ഇഷ്ടപ്പെട്ടതായി പറയേണ്ടിയിരിക്കുന്നു. ഇഷ്ടപ്പെടാന്‍ പ്രഥമഹേതു അതിനു് ഒരു കഥയുണ്ടെന്നതു തന്നെ. എന്നാല്‍ പിന്നെ ആ കഥ തന്നെ ആദ്യം പറഞ്ഞു കളയാം.

കഥ റിയോ ഡി ജെനീറോയിലെ റെയില്‍‌വേ സ്റ്റേഷനില്‍ തുടങ്ങുന്നു. സ്റ്റേഷനില്‍ നിരക്ഷരര്‍ക്കു് കത്തെഴുതിക്കൊടുക്കുന്ന റിട്ടയേഡ് അദ്ധ്യാപിക ഡോറയുടെ അടുത്തു് അന എന്ന സ്ത്രീയും മകനും എത്തുന്നു.

മകന്‍ യോഷ്വയുടെ പിതാ‍വു് ജീസസ് ദൂരെ ഒരു ഗ്രാമത്തിലാണു്. അദ്ദേഹത്തിന്റെ അടുക്കലേക്കു് തനിക്കു് തിരിച്ചു പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ടാണു് എഴുത്തു്. എഴുതിയ എഴുത്തുകള്‍ പെട്ടിയിലാക്കി വീട്ടിലെത്തുന്ന ഡോറ, പതിവു പോലെ, അവരെപ്പോലെ തന്നെ ഭര്‍തൃരഹിതയായി താമസിക്കുന്ന കൂട്ടുകാരിയേയും വിളിച്ചിരുത്തി എഴുത്തുകള്‍ പൊട്ടിച്ചു് വായിക്കുന്നു. എല്ലാം ഓരോ കാരണം പറഞ്ഞു് ചവറ്റുകുട്ടയിലിടുമ്പോഴാണു് ഡോറയെ നമ്മള്‍ വെറുക്കാന്‍ തുടങ്ങുന്നതു്. ചിലവ പിന്നീടു തീരുമാനമെടുക്കാനായി മാറ്റി വയ്ക്കുന്നു. അനയുടെ എഴുത്തു് അയാള്‍ കള്ളുകുടിയനാ‍ണു്, ഇവളെന്തിനു് അയാളെ അന്വേഷിച്ചു് പോയി നശിക്കണം, എന്ന കാരണം പറഞ്ഞാണു് മാറ്റി വയ്ക്കുന്നതു്. പിറ്റേന്നു് യോഷ്വയും അമ്മയും വന്നു് കത്തു് തിരുത്തണമെന്നും യോഷ്വയുടെ പടം വച്ചു് അവനെ പറ്റികൂടി എഴുതണമെന്നും പറയുന്നു. മാറ്റി വച്ച എഴുത്തു് തിരിച്ചു മേടിച്ചു് പുതിയതെഴുതിച്ചു് തിരിച്ചിറങ്ങുന്ന അന ആക്സിഡന്റില്‍ മരിക്കുന്നു.


സ്റ്റേഷനില്‍ തന്നെ തങ്ങുന്ന യോഷ്വ, ഡോറയുടെ കണ്ണിലെ കരടായി. അവള്‍ കുട്ടിയെ വീട്ടിലേക്കു് വിളിച്ചു കൊണ്ടു പോയി ഭക്ഷണവും മറ്റും കോടുത്തു്, നല്ലവാക്കുകള്‍ പറഞ്ഞു് അവനെ മറ്റൊരു സംഘത്തിനു് വില്‍ക്കുന്നു.എന്നിട്ടു് കൂട്ടുകാരിയോടു് അവനു് സര്‍ക്കാര്‍ അനാഥാലയത്തിനെക്കാള്‍ സുഖം അവിടെയായിരിക്കുമെന്നു് ന്യായീകരിക്കുന്നു. എന്നാല്‍ അവര്‍ അവന്റെ കിഡ്നിയും മറ്റും മുറിച്ചു് വില്‍ക്കുമെന്നുള്ള കൂട്ടുകാരിയുടെ വാദം ഡോറയുടെ ഉറക്കം കെടുത്തി. പിറ്റേന്നു് ഡോറ സംഘത്തില്‍ ചെന്നു് യോഷ്വയെ തട്ടിക്കൊണ്ടു പോന്നു. ഇത്രയുമായപ്പോഴേക്കും ഡോറയുടെ തത്സ്വരൂപം മനസ്സിലാക്കിയിരുന്ന യോഷ്വ അവരുടെ കൂടെ പോരാന്‍ വിസമ്മതിക്കുന്നെങ്കിലും ബലമായി ഡോറ അവനെ പിതാവിന്റെ അടുക്കലേക്കുള്ള യാത്രയ്ക്കു പ്രേരിപ്പിച്ച്‌ കൂടെ കൂട്ടുന്നു.സംഭവബഹുലമായ യാത്രയ്ക്കിടയില്‍ രണ്ടുപേരും പരസ്പരം മനസ്സിലാക്കുന്നു. കരുതിവച്ച പണം നഷ്ടപ്പെട്ടു് ആലംബമില്ലതാകുമ്പോള്‍, യോഷ്വയുടെ ഉപദേശപ്രകാരം, പഴയ എഴുത്തു പണി ചെയ്യാന്‍ ഡോറ നിര്‍ബന്ധിതയാകുന്നു. പക്ഷേ ഇത്തവണ അവള്‍ ആ എഴുത്തെല്ലാം പോസ്റ്റ് ചെയ്യുന്നതു കാണാം. ആവശ്യത്തിനുള്ള പണവുമായി പിന്നെയും യാത്ര തുടരുന്നതിനിടയ്ക്കു് ഡോറ സ്വന്തം അച്ഛനെ പറ്റി പറയുന്നതും കാണാം. യോഷ്വയ്ക്കു് പിതാവിനെപ്പറ്റി അഭിമാനമാണുള്ളതു്. പിതാവു് കേമനായ മരപ്പണിക്കാരനാണു്. വലിയ വലിയ സൌധങ്ങള്‍ നിര്‍മ്മിക്കുന്നയാള്‍ എന്നു് കൂടെ കൂടെ പറയും. എന്നാല്‍ ഡോറ ചെറുപ്പത്തിലേ വീടു വിട്ടിറങ്ങിയ തന്നെ പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോള്‍ നിങ്ങളെന്നെ അറിയുമോ എന്ന ചോദ്യത്തിനു് “സുന്ദരീ നിന്നെ മറക്കാനോ“ എന്നു പറഞ്ഞ സ്വന്തം അച്ഛനെ പറ്റി പയ്യനോടു പറയുന്നു. അന്നാണത്രേ അവളയാളെ വെറുത്തതു്. ഇന്നും അതു് വെറുപ്പായി മനസ്സിലിരിക്കുന്ന ഡോറയ്ക്കു്, കള്ളുകുടിച്ചു നശിച്ച ഒരുവനായിരിക്കും യോഷ്വയുടെ പിതാവു് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

ഡോറയുടെ വിശ്വാ‍സം ശരിവയ്ക്കും വിധത്തില്‍, കള്ളുകുടിച്ചു നശിച്ചു് വീടും ഗ്രാമവും വിട്ടെവിടേക്കോ പോയ ജീസസില്‍ ഇവരുടെ അന്വേഷണം അവസാനിക്കുന്നു. തിരിച്ചു പോരാനുള്ള വണ്ടിക്കായി കാത്തു നില്‍ക്കുന്ന ഈ രണ്ടനാഥരുടെ അടുക്കലേക്കു് തന്റെ അച്ഛന്റെ സുഹൃത്തെന്നു പറഞ്ഞു വന്നയാളെ തേടി ഒരു ചെറുപ്പക്കാരന്‍ എത്തുന്നു. ഒരു മനുഷ്യനു് എത്രമാത്രം സൌമ്യനാകാമോ അത്രയ്ക്കു സൌമ്യനായ ഒരു ചെറുപ്പക്കാരന്‍. അയാള്‍ അവരെ തന്റെ വീട്ടിലേക്കു് കൊണ്ടു പോകുന്നു. അവിടെ അവരെ കാത്തിരുന്നതു് അനയുടെയും ജീസസിന്റെയും ഒരു ചിത്രമാണു്. തന്റെ അമ്മയുടെ മരണശേഷം അന എന്ന പെണ്‍കുട്ടിയെ തന്റെ പിതാവു് വിവാഹം കഴിച്ചുവെന്നും. അവര്‍ തിരിച്ചു വരുമെന്നു കാത്തു് ഏറെക്കാലം പിതാവു് കാത്തിരുന്നുവെന്നും ചെറുപ്പക്കാരന്‍ പറയുന്നു. ആറു മാസങ്ങള്‍ക്കുമുന്‍പു് പിതാവു് അവളെ തേടി റിയോയിലെക്കു പോയി. അയാള്‍ തിരിച്ചു വരുന്നതിനു മുന്‍പെങ്ങാനും അന വരികയാണെങ്കില്‍ കൊടുക്കാനെന്നും പറഞ്ഞേല്‍പ്പിച്ചു പോയ ഒരു കത്തു് ഡോറയോടു പൊട്ടിച്ചു വായിക്കാന്‍ അയാളാവശ്യപ്പെടുന്നു. കത്തു വായിക്കുമ്പോള്‍ അനയെ ജീസസ് എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നു് വെളിവാകുന്നു. ആ കത്തിന്റെ തൊട്ടടുത്തു് അന അയക്കാനേര്‍പ്പെടുത്തിയിരുന്ന കത്തും വച്ചു് ഡോറ പിറ്റേന്നു പുലര്‍ച്ചയ്ക്കു് ആരോടും പറയാതെ അവിടം വിടുന്നു. സ്വന്തം അച്ഛനെ കാണണമെന്നു് അവര്‍ ആഗ്രഹിക്കുന്നു.

മലയാളത്തിലിത്തരം പടങ്ങള്‍ ആണ്ടിലൊന്നെങ്കിലും ഉണ്ടായെങ്കില്‍ എന്നു് ആഗ്രഹിക്കും വിധം സ്തുത്യര്‍ഹമാണിതിന്റെ അവതരണം. സംവിധായകന്‍ Walter Salles പടം വിരസമാവാതിരിക്കാന്‍ ശ്രദ്ധിച്ചു. എന്നാല്‍ ഡോറയായി അഭിനയിച്ച Fernanda Montenegro, യോഷ്വയായ Vinícius de Oliveira എന്നിവര്‍ അതിനെ സരസമാക്കി തീര്‍ത്തു. അതില്‍ Fernanda Montenegro യുടെ ഡോറയെ പെട്ടെന്നു മറക്കാന്‍ കഴിയുകയില്ല. റിയോയിലെ നഗരപ്പകിട്ടുകളില്‍ നിന്നും ഒഴിഞ്ഞു് നമ്മള്‍ കണ്ടിട്ടില്ലാത്ത ഗ്രാമയാഥാര്‍ത്ഥ്യങ്ങള്‍ പകര്‍ത്താന്‍ അനുയോജ്യമായ ഷോട്ടുകളാണു് ഇവരുടെ യാത്രകളിലുടനീളം.കഥയില്‍ യോഷ്വയുടെ പിതാവിന്റെ പേരു് ജീസസ് എന്നായതും അദ്ദേഹം ഒരു മരപ്പണിക്കാരനായതും യാദൃശ്ചികമല്ല. പിതാവിനെ തേടിപ്പോകുന്ന രണ്ടു യാത്രക്കാരില്‍ ഒരാളെ നയിക്കുന്നതു് സ്നേഹവും മറ്റെയാളെ വെറുപ്പും ആണെന്നതും യാദൃശ്ചികമല്ല. കണ്ടുകിട്ടില്ല എന്നുറപ്പായ നിമിഷത്തില്‍ കാരുണ്യം അവരെ തേടിയെത്തുന്നതും യാദൃശ്ചികമല്ല. അവിചാരിതമായി ഈ പടം ഞാന്‍ കാണാനിടയായതും അതിവിടെ എഴുതിയിടാനിടയായതും ആ കണക്കില്‍ യാദൃശ്ചികമായിരിക്കില്ല. പരമകാരുണികന്‍ എവിടെയെല്ലാമോ ഇരുന്നു് എന്നെയും നിങ്ങളെയും നിയന്ത്രിക്കുന്നു എന്നോര്‍മ്മിപ്പിക്കാന്‍ സംവിധായകനു് കഴിഞ്ഞു. അങ്ങനെ കഴിയാത്ത പടമെല്ലാം വെറും പടം.

Labels: