വായനയ്ക്കിടയില്‍...

Wednesday, January 30, 2008

Central Station അഥവാ central do Brasil (1998)

വായിക്കാന്‍ തീരെ സാധിക്കുന്നില്ല. സിനിമയാവുമ്പോള്‍ ബുദ്ധിമുട്ടൊന്നുമില്ലല്ലോ. അതും ഫെസ്റ്റിവലോ മറ്റോ ഉണ്ടെങ്കില്‍ കേമമായി. നേരെ ചെന്നങ്ങിരുന്നു കൊടുത്താല്‍ മതി. പരിചയക്കാരെ കാണുകയും ചെയ്യാം. ആയകാലത്തു് നല്ല സിനിമകള്‍ കണ്ടു ശീലിച്ചിട്ടില്ല. ആ കുഴപ്പം തീര്‍ത്തു കളയാമെന്നൊരു പ്രതീക്ഷയുമുണ്ടു്.


പ്രേരണ കഴിഞ്ഞ വെള്ളിയാഴ്ച ഷാര്‍ജയില്‍ നടത്തിയ ഫെസ്റ്റിവലില്‍ കാണിച്ച സെന്റ്രല്‍ സ്റ്റേഷന്‍ എന്ന ബ്രസീലിയന്‍ സിനിമ വളരെയധികം ഇഷ്ടപ്പെട്ടതായി പറയേണ്ടിയിരിക്കുന്നു. ഇഷ്ടപ്പെടാന്‍ പ്രഥമഹേതു അതിനു് ഒരു കഥയുണ്ടെന്നതു തന്നെ. എന്നാല്‍ പിന്നെ ആ കഥ തന്നെ ആദ്യം പറഞ്ഞു കളയാം.

കഥ റിയോ ഡി ജെനീറോയിലെ റെയില്‍‌വേ സ്റ്റേഷനില്‍ തുടങ്ങുന്നു. സ്റ്റേഷനില്‍ നിരക്ഷരര്‍ക്കു് കത്തെഴുതിക്കൊടുക്കുന്ന റിട്ടയേഡ് അദ്ധ്യാപിക ഡോറയുടെ അടുത്തു് അന എന്ന സ്ത്രീയും മകനും എത്തുന്നു.

മകന്‍ യോഷ്വയുടെ പിതാ‍വു് ജീസസ് ദൂരെ ഒരു ഗ്രാമത്തിലാണു്. അദ്ദേഹത്തിന്റെ അടുക്കലേക്കു് തനിക്കു് തിരിച്ചു പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ടാണു് എഴുത്തു്. എഴുതിയ എഴുത്തുകള്‍ പെട്ടിയിലാക്കി വീട്ടിലെത്തുന്ന ഡോറ, പതിവു പോലെ, അവരെപ്പോലെ തന്നെ ഭര്‍തൃരഹിതയായി താമസിക്കുന്ന കൂട്ടുകാരിയേയും വിളിച്ചിരുത്തി എഴുത്തുകള്‍ പൊട്ടിച്ചു് വായിക്കുന്നു. എല്ലാം ഓരോ കാരണം പറഞ്ഞു് ചവറ്റുകുട്ടയിലിടുമ്പോഴാണു് ഡോറയെ നമ്മള്‍ വെറുക്കാന്‍ തുടങ്ങുന്നതു്. ചിലവ പിന്നീടു തീരുമാനമെടുക്കാനായി മാറ്റി വയ്ക്കുന്നു. അനയുടെ എഴുത്തു് അയാള്‍ കള്ളുകുടിയനാ‍ണു്, ഇവളെന്തിനു് അയാളെ അന്വേഷിച്ചു് പോയി നശിക്കണം, എന്ന കാരണം പറഞ്ഞാണു് മാറ്റി വയ്ക്കുന്നതു്. പിറ്റേന്നു് യോഷ്വയും അമ്മയും വന്നു് കത്തു് തിരുത്തണമെന്നും യോഷ്വയുടെ പടം വച്ചു് അവനെ പറ്റികൂടി എഴുതണമെന്നും പറയുന്നു. മാറ്റി വച്ച എഴുത്തു് തിരിച്ചു മേടിച്ചു് പുതിയതെഴുതിച്ചു് തിരിച്ചിറങ്ങുന്ന അന ആക്സിഡന്റില്‍ മരിക്കുന്നു.


സ്റ്റേഷനില്‍ തന്നെ തങ്ങുന്ന യോഷ്വ, ഡോറയുടെ കണ്ണിലെ കരടായി. അവള്‍ കുട്ടിയെ വീട്ടിലേക്കു് വിളിച്ചു കൊണ്ടു പോയി ഭക്ഷണവും മറ്റും കോടുത്തു്, നല്ലവാക്കുകള്‍ പറഞ്ഞു് അവനെ മറ്റൊരു സംഘത്തിനു് വില്‍ക്കുന്നു.എന്നിട്ടു് കൂട്ടുകാരിയോടു് അവനു് സര്‍ക്കാര്‍ അനാഥാലയത്തിനെക്കാള്‍ സുഖം അവിടെയായിരിക്കുമെന്നു് ന്യായീകരിക്കുന്നു. എന്നാല്‍ അവര്‍ അവന്റെ കിഡ്നിയും മറ്റും മുറിച്ചു് വില്‍ക്കുമെന്നുള്ള കൂട്ടുകാരിയുടെ വാദം ഡോറയുടെ ഉറക്കം കെടുത്തി. പിറ്റേന്നു് ഡോറ സംഘത്തില്‍ ചെന്നു് യോഷ്വയെ തട്ടിക്കൊണ്ടു പോന്നു. ഇത്രയുമായപ്പോഴേക്കും ഡോറയുടെ തത്സ്വരൂപം മനസ്സിലാക്കിയിരുന്ന യോഷ്വ അവരുടെ കൂടെ പോരാന്‍ വിസമ്മതിക്കുന്നെങ്കിലും ബലമായി ഡോറ അവനെ പിതാവിന്റെ അടുക്കലേക്കുള്ള യാത്രയ്ക്കു പ്രേരിപ്പിച്ച്‌ കൂടെ കൂട്ടുന്നു.



സംഭവബഹുലമായ യാത്രയ്ക്കിടയില്‍ രണ്ടുപേരും പരസ്പരം മനസ്സിലാക്കുന്നു. കരുതിവച്ച പണം നഷ്ടപ്പെട്ടു് ആലംബമില്ലതാകുമ്പോള്‍, യോഷ്വയുടെ ഉപദേശപ്രകാരം, പഴയ എഴുത്തു പണി ചെയ്യാന്‍ ഡോറ നിര്‍ബന്ധിതയാകുന്നു. പക്ഷേ ഇത്തവണ അവള്‍ ആ എഴുത്തെല്ലാം പോസ്റ്റ് ചെയ്യുന്നതു കാണാം. ആവശ്യത്തിനുള്ള പണവുമായി പിന്നെയും യാത്ര തുടരുന്നതിനിടയ്ക്കു് ഡോറ സ്വന്തം അച്ഛനെ പറ്റി പറയുന്നതും കാണാം. യോഷ്വയ്ക്കു് പിതാവിനെപ്പറ്റി അഭിമാനമാണുള്ളതു്. പിതാവു് കേമനായ മരപ്പണിക്കാരനാണു്. വലിയ വലിയ സൌധങ്ങള്‍ നിര്‍മ്മിക്കുന്നയാള്‍ എന്നു് കൂടെ കൂടെ പറയും. എന്നാല്‍ ഡോറ ചെറുപ്പത്തിലേ വീടു വിട്ടിറങ്ങിയ തന്നെ പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോള്‍ നിങ്ങളെന്നെ അറിയുമോ എന്ന ചോദ്യത്തിനു് “സുന്ദരീ നിന്നെ മറക്കാനോ“ എന്നു പറഞ്ഞ സ്വന്തം അച്ഛനെ പറ്റി പയ്യനോടു പറയുന്നു. അന്നാണത്രേ അവളയാളെ വെറുത്തതു്. ഇന്നും അതു് വെറുപ്പായി മനസ്സിലിരിക്കുന്ന ഡോറയ്ക്കു്, കള്ളുകുടിച്ചു നശിച്ച ഒരുവനായിരിക്കും യോഷ്വയുടെ പിതാവു് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

ഡോറയുടെ വിശ്വാ‍സം ശരിവയ്ക്കും വിധത്തില്‍, കള്ളുകുടിച്ചു നശിച്ചു് വീടും ഗ്രാമവും വിട്ടെവിടേക്കോ പോയ ജീസസില്‍ ഇവരുടെ അന്വേഷണം അവസാനിക്കുന്നു. തിരിച്ചു പോരാനുള്ള വണ്ടിക്കായി കാത്തു നില്‍ക്കുന്ന ഈ രണ്ടനാഥരുടെ അടുക്കലേക്കു് തന്റെ അച്ഛന്റെ സുഹൃത്തെന്നു പറഞ്ഞു വന്നയാളെ തേടി ഒരു ചെറുപ്പക്കാരന്‍ എത്തുന്നു. ഒരു മനുഷ്യനു് എത്രമാത്രം സൌമ്യനാകാമോ അത്രയ്ക്കു സൌമ്യനായ ഒരു ചെറുപ്പക്കാരന്‍. അയാള്‍ അവരെ തന്റെ വീട്ടിലേക്കു് കൊണ്ടു പോകുന്നു. അവിടെ അവരെ കാത്തിരുന്നതു് അനയുടെയും ജീസസിന്റെയും ഒരു ചിത്രമാണു്. തന്റെ അമ്മയുടെ മരണശേഷം അന എന്ന പെണ്‍കുട്ടിയെ തന്റെ പിതാവു് വിവാഹം കഴിച്ചുവെന്നും. അവര്‍ തിരിച്ചു വരുമെന്നു കാത്തു് ഏറെക്കാലം പിതാവു് കാത്തിരുന്നുവെന്നും ചെറുപ്പക്കാരന്‍ പറയുന്നു. ആറു മാസങ്ങള്‍ക്കുമുന്‍പു് പിതാവു് അവളെ തേടി റിയോയിലെക്കു പോയി. അയാള്‍ തിരിച്ചു വരുന്നതിനു മുന്‍പെങ്ങാനും അന വരികയാണെങ്കില്‍ കൊടുക്കാനെന്നും പറഞ്ഞേല്‍പ്പിച്ചു പോയ ഒരു കത്തു് ഡോറയോടു പൊട്ടിച്ചു വായിക്കാന്‍ അയാളാവശ്യപ്പെടുന്നു. കത്തു വായിക്കുമ്പോള്‍ അനയെ ജീസസ് എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നു് വെളിവാകുന്നു. ആ കത്തിന്റെ തൊട്ടടുത്തു് അന അയക്കാനേര്‍പ്പെടുത്തിയിരുന്ന കത്തും വച്ചു് ഡോറ പിറ്റേന്നു പുലര്‍ച്ചയ്ക്കു് ആരോടും പറയാതെ അവിടം വിടുന്നു. സ്വന്തം അച്ഛനെ കാണണമെന്നു് അവര്‍ ആഗ്രഹിക്കുന്നു.

മലയാളത്തിലിത്തരം പടങ്ങള്‍ ആണ്ടിലൊന്നെങ്കിലും ഉണ്ടായെങ്കില്‍ എന്നു് ആഗ്രഹിക്കും വിധം സ്തുത്യര്‍ഹമാണിതിന്റെ അവതരണം. സംവിധായകന്‍ Walter Salles പടം വിരസമാവാതിരിക്കാന്‍ ശ്രദ്ധിച്ചു. എന്നാല്‍ ഡോറയായി അഭിനയിച്ച Fernanda Montenegro, യോഷ്വയായ Vinícius de Oliveira എന്നിവര്‍ അതിനെ സരസമാക്കി തീര്‍ത്തു. അതില്‍ Fernanda Montenegro യുടെ ഡോറയെ പെട്ടെന്നു മറക്കാന്‍ കഴിയുകയില്ല. റിയോയിലെ നഗരപ്പകിട്ടുകളില്‍ നിന്നും ഒഴിഞ്ഞു് നമ്മള്‍ കണ്ടിട്ടില്ലാത്ത ഗ്രാമയാഥാര്‍ത്ഥ്യങ്ങള്‍ പകര്‍ത്താന്‍ അനുയോജ്യമായ ഷോട്ടുകളാണു് ഇവരുടെ യാത്രകളിലുടനീളം.



കഥയില്‍ യോഷ്വയുടെ പിതാവിന്റെ പേരു് ജീസസ് എന്നായതും അദ്ദേഹം ഒരു മരപ്പണിക്കാരനായതും യാദൃശ്ചികമല്ല. പിതാവിനെ തേടിപ്പോകുന്ന രണ്ടു യാത്രക്കാരില്‍ ഒരാളെ നയിക്കുന്നതു് സ്നേഹവും മറ്റെയാളെ വെറുപ്പും ആണെന്നതും യാദൃശ്ചികമല്ല. കണ്ടുകിട്ടില്ല എന്നുറപ്പായ നിമിഷത്തില്‍ കാരുണ്യം അവരെ തേടിയെത്തുന്നതും യാദൃശ്ചികമല്ല. അവിചാരിതമായി ഈ പടം ഞാന്‍ കാണാനിടയായതും അതിവിടെ എഴുതിയിടാനിടയായതും ആ കണക്കില്‍ യാദൃശ്ചികമായിരിക്കില്ല. പരമകാരുണികന്‍ എവിടെയെല്ലാമോ ഇരുന്നു് എന്നെയും നിങ്ങളെയും നിയന്ത്രിക്കുന്നു എന്നോര്‍മ്മിപ്പിക്കാന്‍ സംവിധായകനു് കഴിഞ്ഞു. അങ്ങനെ കഴിയാത്ത പടമെല്ലാം വെറും പടം.

Labels:

Tuesday, August 14, 2007

ടോട്ടോ-ചാന്‍ (ജനാലയ്ക്കരികിലെ വികൃതിക്കുട്ടി)

കുഞ്ഞുങ്ങളുടെ സഹജമായ ഇച്ഛകളെ തുരങ്കം വെയ്ക്കാതിരിക്കുക. അവരുടെ സ്വപ്നങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടേതിനേക്കാള്‍ മഹത്തരമാണു്



ജപ്പാന്‍കാരനായ ഫുക്കുവോക്കയുടെ ഒറ്റവൈക്കോല്‍ വിപ്ലവം എന്ന പുസ്തകത്തെയും ആശയത്തെയും പറ്റി നമ്മള്‍ കേട്ടിരിക്കുന്നു. സസ്യങ്ങളെ അതിന്റെ സ്വാഭാവിക വളര്‍ച്ചയ്ക്കു വിടുക എന്ന സുന്ദരമാ‍യ ഒരു സംഗതിയാണു് ഫുക്കുവോക്ക നിര്‍ദ്ദേശിക്കുന്നതു്. സ്വാഭാവികമായ അന്തരീക്ഷത്തില്‍ സസ്യങ്ങള്‍ക്കു് പ്രതിരോധശക്തി ലഭിക്കുമെന്നും. വളര്‍ച്ചയ്ക്കു പ്രതികൂലമായി വരുന്ന അവസ്ഥകളെല്ലാം തന്നെ കാലക്രമേണ ഇല്ലാതായിക്കൊള്ളുകയോ, അതിനു തക്ക പ്രതിരോധം വിത്തിലും ചെടിയിലും ഉണ്ടായി വരികയോ ചെയ്യുമെന്നും ഫുക്കുവോക്ക ചെയ്തു കാണിച്ചു തരുന്നതു് നമ്മെ തീര്‍ച്ചയായും ആകര്‍ഷിക്കും. എന്നാല്‍ ഇതു വായിക്കുന്ന ഒരാളും തങ്ങളും തങ്ങളുടെ കുഞ്ഞുങ്ങളും ഇപ്രകാരമാണോ വളരുന്നതെന്നു ചിന്തിക്കാന്‍ മിനക്കെടുന്നില്ല. അങ്ങനെ അബദ്ധത്തിലെങ്ങാനും ചിന്തിച്ചു പോയാല്‍ തന്നെ ഒരു ജീവിതകാലയളവുകൊണ്ടിതൊന്നും ശരിയാകാന്‍ പോകുന്നില്ലെന്നു് സ്വയം തീരുമാനിച്ചു് പിന്തിരിയുന്നു.

ചന്തയില്‍നിന്നു മേടിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതില്‍ നാം അതീവ ശ്രദ്ധാലുക്കളാണു്. നാട്ടുകാരതു കൂട്ടം കൂട്ടമായി വാങ്ങുന്നു എന്നതു് നമ്മെ സ്വാധീനിക്കുമെങ്കിലും നമുക്കതു തന്നെയാണോ വേണ്ടതു് എന്നു് ഒരു നിമിഷമെങ്കിലും ആലോചിക്കാതിരിക്കില്ല. നിര്‍ഭാഗ്യവശാല്‍, ചിന്തിക്കുന്ന ആളുകള്‍ പോലും അവനവന്റെ കുഞ്ഞിന്റെ വിദ്യാഭ്യാസകാര്യത്തില്‍ സ്വീകരിക്കുന്ന നയം ആശാവഹമായ ഒന്നല്ല. മനുഷ്യന്റെ, മനുഷ്യകുലത്തിന്റെ, സ്വാഭാവികമായ വളര്‍ച്ചയും പരിണാമവും വിഭാവനം ചെയ്യുന്ന ഒരു വിദ്യാഭ്യാസപദ്ധതിയുടെ ആവശ്യകതയെപ്പറ്റി അതിന്റെ ഉപഭോക്താക്കളില്‍ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്നറിയില്ല. പക്ഷേ അത്തരമൊരു വിദ്യാലയത്തില്‍ പഠിച്ച തെത്‌സുകോ കുറയോനഗി എഴുതിയ ടോട്ടോചാന്‍ എന്ന കൃതിയില്‍ അങ്ങനെ ചിന്തിക്കുകയും, ഉപേക്ഷിക്കപ്പെട്ട റെയില്‍ബോഗികളില്‍ അദ്ധ്യയനം നടത്തുകയും ചെയ്ത, ഫുക്കുവോക്കയുടെ നാട്ടുകാരനായ കൊബായാഷി മാസ്റ്ററെ പറ്റിയുള്ള ഓര്‍മ്മകള്‍ നിങ്ങള്‍ക്കു വായിക്കാം.

തെത്‌സുകോ കുറയൊനഗി എന്ന ടോട്ടോചാനെ ആദ്യം പഠിച്ച സ്ക്കൂളില്‍ നിന്നു പറഞ്ഞയക്കുകയാണുണ്ടായതു്. തുടരെ തുടരെ പെന്‍സില്‍ ബോക്സ് തുറന്നടച്ചും, ജനാലയ്ക്കരികില്‍ ചെന്നു നിന്നു് തെരുവിലെ പാട്ടു സംഘത്തിനു് ചെവികൊടുത്തും. മറ്റും ശല്യപ്പെടുത്തുന്നുവെന്ന കാരണത്താല്‍ പുറത്താക്കപ്പെട്ട വിവരം ടോട്ടോയെ അറിയിക്കാതെ അമ്മ കൊബായാഷി മാസ്റ്ററുടെ റ്റോമോഗാക്വെന്‍ സ്ക്കൂളില്‍ കൊണ്ടു ചെല്ലുന്നു. കൊബായാഷി മാസ്റ്ററുടെ കുഞ്ഞുമായുള്ള അഭിമുഖം തന്നെ വളരെ രസകരമാണു്. സംസാരിച്ചു തുടങ്ങിയ ടോട്ടോ ഇനി ഒന്നും പറയാനില്ലാതെ നിര്‍ത്തുന്നതു വരെ മാസ്റ്റര്‍ അതു കേട്ടുകൊണ്ടിരുന്നു. ഏകദേശം നാലര മണിക്കൂര്‍. ഇന്റര്‍വ്യൂ അത്രതന്നെ. കുഞ്ഞിന്റെ എല്‍ കെ ജിയിലെ അഡ്മിഷനു വേണ്ടി ഉറക്കമിളച്ചു ജി.കെ ഉണ്ടാക്കുന്ന അച്ഛനമ്മമാര്‍ക്കും ഇവര്‍ക്കു ചോദ്യക്കടലാസുണ്ടാക്കുന്ന അദ്ധ്യാപകര്‍ക്കും ഒരു പക്ഷേ അതു് അന്നത്തെ കാലം ഇന്നതല്ല അവസ്ഥ എന്നൊരു ന്യായം പറയാനുണ്ടാവും. മത്സരം നിറഞ്ഞ ലോകത്തില്‍ ഇടിച്ചു നിന്നു് പത്തു കാശോ പേരോ ഉണ്ടാക്കാനുള്ളതാണു് വിദ്യാഭ്യാസം എന്ന തെറ്റിദ്ധാരണയാണിതിനു ഹേതു. കാലത്തിനാണോ വിദ്യാഭ്യാസം വേണ്ടതു്? കുഞ്ഞിനല്ലേ? കുഞ്ഞു് അന്നുമിന്നും ഒന്നാണു്.

സ്കൂളിലെ ഭക്ഷണരീതികള്‍ കണിശമാണു്. ചോറിനോടൊപ്പം മലകളില്‍ നിന്നൊരു പങ്കു് സമുദ്രത്തില്‍ നിന്നൊരു പങ്കു്. അതു നിര്‍ബന്ധം. മാസ്റ്റര്‍ എല്ലാവരുടെയും ചോറ്റുപാത്രം പരിശോധിച്ചു് ഏതെങ്കിലും പങ്കു് കുറവെന്നുകണ്ടാല്‍ അതു് കൊടുക്കാന്‍ പത്നിയെ ഏല്പിക്കും. കൃഷിയെക്കുറിച്ചു ക്ലാസെടുക്കാന്‍ വരുന്നതു് ഒരു അഗ്രികള്‍ചര്‍ ബിരുദധാരിയല്ല, മറിച്ചു് ഒരു കൃഷിക്കാരനാണു്. ഇങ്ങനെ ഒട്ടനവധി വിശേഷങ്ങളുണ്ടീ വിദ്യാലയത്തില്‍.

1937-ല്‍ ഒട്ടനവധി പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണു് സൊസാകു കൊബായാഷി റ്റോമോഗാക്വെന്‍ ആരംഭിച്ചതു്. “കുഞ്ഞുങ്ങളുടെ സഹജമായ ഇച്ഛകളെ തുരങ്കം വെയ്ക്കാതിരിക്കുക. അവരുടെ സ്വപ്നങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടേതിനേക്കാള്‍ മഹത്തരമാണു്” എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. ലോകത്തിന്റെ നെഞ്ചില്‍ തൊടുക്കപ്പെട്ട ആറ്റംബോംബിലാണു് ഈ സ്ക്കൂളും അവസാനിക്കുന്നതു്. വായിക്കാനും ഇന്നത്തെ വിദ്യാഭ്യാസപദ്ധതി അപര്യാപ്തമാണെന്ന ബോധം ഉണ്ടായിട്ടുള്ളവര്‍ക്കതെക്കുറിച്ചു് ചിന്തിക്കാനും ഉതകുന്ന ഒരു നല്ല പുസ്തകം. മൂലകൃതി ജാപനീസ് ഭാഷയില്‍. രചനാകാലം 1970- 1980. ഖണ്ഡശ്ശ ആയി പ്രസിദ്ധീകരിക്കപ്പെട്ടു് പിന്നീടു് പുസ്തകമായ ഈ കൃതി ജപ്പാനിലെ വിദ്യാഭ്യാസവിചക്ഷണന്മാ‍രെ ഏറെ സ്വാധീനിച്ചിരുന്നതായി പറയപ്പെടുന്നു. വിവര്‍ത്തനം: അന്‍‌വര്‍.

കൃതിയിലെ ഒരു ഭാഗം കൃതിയുടെയും കൊബായാഷി മാസ്റ്ററുടെ അദ്ധ്യയനരീതിയുടെയും ഏകദേശരൂപത്തിനായി ഇവിടെ ചേര്‍ക്കുന്നു.

ടോട്ടോചാനു് ഒരു ശീലമുണ്ടായിരുന്നു. ടോയ്ലറ്റില്‍ പോയതിനുശേഷം അവള്‍ കുഴിയിലേക്കു് എത്തിവലിഞ്ഞു നോക്കും. തീരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ അവളിതു ചെയ്യുമായിരുന്നു. പള്ളിക്കൂടത്തില്‍ പോയിത്തുടങ്ങുന്നതിനും മുമ്പ്‌, അനേകം കുഞ്ഞുതൊപ്പികള്‍ ഇത്തരത്തില്‍ അവള്‍ക്കു് നഷ്ടപ്പെട്ടിട്ടുണ്ടു്. വിലപിടിപ്പുള്ള പനമ്പുകൊണ്ടു നിര്‍മ്മിച്ച അപൂര്‍വ്വമായ ഒന്നും വെള്ളത്തൂവാല തുന്നിച്ചേര്‍ത്ത മറ്റൊന്നും ഉള്‍പടെ. അക്കാലത്തെ ടോയ്ലറ്റുകള്‍ ആധുനികരീതിയില്‍ നിര്‍മ്മിച്ചവയായിരുന്നില്ല. സ്ലാബിനടിയില്‍ ഓവുകളോടുകൂടിയ വലിയൊരു കുഴി തയ്യാറാക്കുകയാണു് പതിവൂ്. ഈ കുഴിയില്‍ തന്റെ ഹാറ്റുകള്‍ ഒഴുകിനടക്കുന്നതു് അവള്‍ക്കു കാണാം. ടോയ്ലറ്റ് ഉപയോഗിച്ചുകഴിഞ്ഞാല്‍ അതിലേക്കു് എത്തിവലിഞ്ഞു നോക്കരുതെന്നു് അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു.

അന്നേ ദിവസം ക്ലാസ്സ് തുടങ്ങുന്നതിനുമുമ്പു് ടോട്ടോചാനു് ടോയ്ലറ്റിലേക്കു് പോകേണ്ടി വന്നു. അമ്മയുടെ വിലക്കു് ഓര്‍ക്കാന്‍ കഴിയുന്നതിനു മുമ്പുതന്നെ അറിയാതെ താഴേക്കു നോക്കിപ്പോയി ആ ഒരു നിമിഷത്തില്‍ പേഴ്സിലെ പിടി ഒന്നയഞ്ഞിരിക്കണം. അതു കൈയില്‍ നിന്നും വഴുതിവീണു; വെള്ളം തെറിപ്പിച്ചു കൊണ്ടു് കുത്തനെകുഴിയിലേക്കു്. യ്യോ! താഴെ ഇരുട്ടിലേക്കു് കണ്ണും നട്ടു് ഒരപശബ്ദം പുറപ്പെടുവിക്കാനേ അവള്‍ക്കു കഴിഞ്ഞുള്ളൂ.

പക്ഷേ കുത്തിയിരുന്നു് കരയാന്‍ ടോട്ടോ കൂട്ടാ‍ക്കിയില്ല; പേഴ്സ് ഉപേക്ഷിക്കാനും. അവള്‍ നേരെ വാച്ചറുടെ ഷേഡ്ഡിലേക്കോടി. തോട്ടപ്പണിക്കുപയോഗിക്കുന്ന ഒരു കൂറ്റന്‍ മണ്‍‌വെട്ടി പണിപ്പെട്ടെടുത്തുകൊണ്ടുവന്നു. തടിയില്‍ പണിത പിടിക്കു തന്നെ അവളുടെ രണ്ടിരട്ടി നീളമുണ്ടായിരുന്നു. പക്ഷേ അതൊരു പ്രശ്നമേയല്ലെന്ന ഭാവത്തില്‍ മണ്വെട്ടിയും തോളിലേറ്റി അവള്‍ സ്ക്കൂളിന്റെ പിന്‍‌വശത്തേക്കു നടന്നു. ഓവുചാല്‍ അവസാനിക്കുന്ന സ്ഥലം എത്ര ശ്രമിച്ചിട്ടുമവള്‍ക്കു കണ്ടുപിടിക്കാനായില്ല. ടോയലറ്റിന്റെ പിന്മതിലിനു പുറത്തായിരിക്കും അതു ചെന്ന് നില്‍ക്കുന്നതെന്നായിരുന്നു അവളുടെ ധാരണ. കുറെ നേരത്തെ പരിശ്രമത്തിനുശേഷം അവളതു കണ്ടെത്തി. അല്പം അകലെയായി കോങ്ക്രീറ്റിലുള്ള ഒരു ചെറിയ സ്ലാബ്. വളരെകഷ്ടപ്പെട്ടു് അവള്‍ സ്ലാബുയര്‍ത്തി. താന്‍ തിരഞ്ഞ ‘സംഭവം’ തന്നെയാണിതെന്നു് അവള്‍ക്കു് ബോധ്യമായി. പതുക്കെ തല ഉള്ളിലേക്കു് കടത്തി.

“യ്യോ! ഇതു് കുഹോന്‍ബസതു കൊളത്തിന്റത്രയുമുണ്ടല്ലോ!” ടോട്ടോചാന്‍ അറിയാതെ പറഞ്ഞുപോയി.

അവള്‍ പണി ആരംഭിച്ചു. ആദ്യം പേഴ്സ് കണ്ടേക്കുമെന്നു് അവള്‍ക്കു തോന്നിയഭാഗത്തു നിന്നു് അഴുക്കു കുറേശ്ശെ കോരി മാറ്റാന്‍ തുടങ്ങി. മൂന്നു ടോയ്ലറ്റുകളിലേയും ഓവുകള്‍ ചെന്നു ചേരുന്ന കൂറ്റന്‍ ടാങ്കു്; ഇരുട്ടു നിറഞ്ഞതും ആ‍ഴമേറിയതും. ടോട്ടോചാന്റെ കുഞ്ഞു തല അപകടമാംവിധം ദ്വാരത്തിനുള്ളിലായിരുന്നു. അവള്‍ ഉള്ളില്‍ വീണു പോകാന്‍ തന്നെ ഇടയുണ്ടു്. കുറേക്കൂടി സുരക്ഷിതമായ സ്ഥാനത്തിരുന്നു് കുറേശ്ശെ കോരുക മാത്രമേ നിര്‍വ്വാഹമുള്ളൂ എന്നു് അവള്‍ക്കു് മനസ്സിലായി. ഉള്ളിലുള്ള പദാര്‍ത്ഥങ്ങള്‍ കോരിയെടുത്തു്, അവള്‍ ദ്വാരത്തിനു ചുറ്റുമായി നിക്ഷേപിച്ചുകൊണ്ടിരുന്നു. ഓരോ തവണയും ടോട്ടോചാന്‍ മണ്‍‌വെട്ടിയിലെ വസ്തുക്കള്‍ നന്നായി പരിശോധിച്ചു. പേഴ്സ് കണ്ടുപിടിക്കാന്‍ ഇത്രയേറെ കഷ്ടപ്പെടേണ്ടിവരുമെന്നവള്‍ കരുതിയിരുന്നില്ല. നേരം ഒരുപാടായി. അവള്‍ കോരിക്കൊണ്ടിരുന്നു. പേഴ്സെവിടെ? പേഴ്സ് പോയിട്ടു് അതിന്റെ പൊടി പോലും കാണാനില്ല. ഒടുവില്‍ മണി മുഴങ്ങി. ക്ലാസ് ആരംഭിക്കാന്‍ സമയമായി.
ഇനിയിപ്പൊ എന്താ ചെയ്ക? അവള്‍ക്കു് ഒരെത്തും പിടിയും കിട്ടിയില്ല. എന്തായാലും ഇത്രയുമായസ്ഥിതിക്കു് കുറച്ചു കൂടി നോക്കുക തന്നെ. പൂര്‍വ്വാധികം വാശിയോടെ അവള്‍ തിരച്ചില്‍ തുടര്‍ന്നു.

ഇതിനിടെ മാസ്റ്റര്‍ അതുവഴി വന്നു. അപ്പോഴേക്കും കുഴിക്കരികില്‍ അഴുക്കിന്റെ ഒരു കൂമ്പാരം തന്നെ ആയിക്കഴിഞ്ഞിരുന്നു. “ടോട്ടോ നീയെന്താ ചെയ്യണേ?” മാസ്റ്റര്‍ ചോദിച്ചു.

“എന്റെ പേഴ്സ് ടോയ്ലറ്റില്‍ വീണു” തിരച്ചിലിനിടയില്‍ ഒരു നിമിഷം പോലും പാഴാക്കാതെ അവള്‍ പറഞ്ഞു.

“ഉവ്വോ, നടക്കട്ടെ” തന്റെ പതിവുശൈലിയില്‍ കൈകള്‍ പിന്നില്‍ കെട്ടി അദ്ദേഹം നടന്നകന്നു.

നേരം കടന്നു പൊയ്ക്കൊണ്ടിരുന്നു. അവള്‍ക്കിതുവരെയും പെഴ്സ് കണ്ടെത്താനായില്ല. കൂനയുടെ ഉയരം കൂടിക്കൂടി വന്നു. ഗന്ധവും.

മാസ്റ്റര്‍ വീണ്ടും വന്നു. “കിട്ടിയോ?”

“ഇല്ല്യ” കൂനകള്‍ക്കിടയില്‍നിന്നു് ടോട്ടോ കഴുത്തുയര്‍ത്തി. മുഖം വിയര്‍ത്തൊലിക്കുന്നുണ്ടായിരുന്നു. കവിളുകള്‍ വല്ലാതെ ചുവന്നിരുന്നു.
അവളുടെ അടുത്തേക്കു് സ്വല്‍പം കൂടെ നീങ്ങി നിന്നു് സൌഹൃദഭാവത്തില്‍ അദ്ദേഹം പറഞ്ഞു. “ തെരഞ്ഞുകഴിഞ്ഞാലേ, ഒക്കേം തിരികെ കോരിയിടണം എന്താ ഇട്വോ?” ശേഷം പഴയമട്ടില്‍ അദ്ദേഹം നടന്നു മറഞ്ഞു
.


പുസ്തകത്തിന്റെ അവസാനത്തില്‍ ഈ സ്ക്കൂളില്‍ ടോട്ടോയോടൊപ്പം‌ പഠിച്ചവരില്‍ ചിലരുടെ വിവരങ്ങളും മറ്റും ചേര്‍ത്തിട്ടുണ്ടു്. എന്നാല്‍ അവയൊന്നും നമുക്കു വേണ്ടിവരില്ല; ഈ അദ്ധ്യയനരീതിയുടെ മേന്മ മനസ്സിലാക്കാന്‍. ഒരേഴെട്ടു വര്‍ഷം മുമ്പു് ഈ പുസ്തകം എന്നെ തേടിപ്പിടിച്ചെനിക്കെത്തിച്ച ഒരു സുഹൃത്തിനെ നന്ദിയോടെ ഇത്തരുണത്തില്‍ സ്മരിക്കുന്നു.

Labels:

Tuesday, December 26, 2006

യോഗം എന്ന സഹജാവസ്ഥ

ദൈവവും ഭക്തനും തമ്മിലുള്ള ബന്ധം രണ്ടു രീതിയിലാണുള്ളതെന്നു് അറിവുള്ളവര്‍ പറയുന്നു. അതിലൊന്നത്രേ മാര്‍ജ്ജാരകിശോരന്യായം . എന്നു വച്ചാല്‍ പൂച്ച തന്റെ കുഞ്ഞിനെ എപ്രകാരമാണോ കടിച്ചു പിടിക്കുന്നതു് അപ്രകാരം ഭഗവാന്‍ ഭക്തനെ സംരക്ഷിച്ചിരിക്കുന്നുവെന്ന അറിവില്‍ ഭക്തന്‍ സ്വസ്ഥമായി ഭഗവാന്റെ കൈകളില്‍ അഭയം പ്രാപിച്ചു കിടക്കുമത്രേ.

ഇനി പൂച്ചയെപറ്റി കേട്ട മറ്റൊരു കാര്യം പറയാം. തന്റെ കുഞ്ഞുങ്ങളില്‍ ഭാവിയില്‍ ശേഷിക്കാന്‍ കഷ്ടപ്പെടും എന്നു തോന്നുന്നവയെ ഈ സാധ്വി തിന്നുകളയുമത്രേ. നാളെ ഇവന്‍ ആപ്പീസില്‍ പോയി സമ്പാദിച്ചു് നമുക്കുള്ള റേഷന്‍‌വാങ്ങിക്കൊണ്ടുവരാന്‍ കെല്പില്ലാത്തവനാണെന്നോര്‍ത്തല്ല അവളപ്രകാരം ചെയ്യുന്നതു്, മറിച്ചു് ജന്തുസഹജമായ വാസന, അല്ലെങ്കില്‍ പരമകാരുണികന്‍ അവളില്‍ നിക്ഷേപിച്ചു വച്ചിരിക്കുന്ന വ്യവസ്ഥ, കൊണ്ടാണെന്നതില്‍ സംശയമേതുമില്ല.

സ്വന്തം കുഞ്ഞിനെ തെല്ലും വേദനിപ്പിക്കാതെ, ഒരു കുഞ്ഞുപോലുമറിയാതെ കടിച്ചുതൂക്കി കാതങ്ങള്‍ നടന്നെത്തിക്കാനുള്ള സംവിധാനം ഒരുക്കിവച്ച തമ്പുരാന്‍ തന്നെയാണിതും വ്യവസ്ഥചെയ്തുവച്ചിരിക്കുന്നതു്. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ രണ്ടും ചെയ്യിക്കുന്നതു് അമ്മയിലുള്ള ജന്തു സഹജമായ വാസന തന്നെയത്രേ.

എന്നാലിങ്ങനെയൊരവസരത്തില്‍ മനുഷ്യന്‍ ചെയ്യുന്നതെന്താ‍ണെന്നുശ്രദ്ധിച്ചിട്ടുണ്ടോ?

എനിക്കുപരിചയമുള്ള പല അമ്മമാരും അവരുടെ ദുര്‍ബലനായ കുഞ്ഞിനെ മറ്റുള്ളവര്‍ക്കുള്ളതിലും കൂടുതല്‍ ശ്രദ്ധകൊടുത്തു് വളര്‍ത്തുന്നു. വഴക്കുകൂടുമ്പോള്‍ ദുര്‍ബലന്റെ പക്ഷം ചേരുന്നു.
സമൂഹത്തില്‍ ദുര്‍ബലന്റെ പക്ഷം ചേരാന്‍ ആളുകളുത്സാഹിക്കുന്നു. മദര്‍തെരേസയെ നമ്മള്‍ സ്നേഹിക്കുന്നു.റ്റെറ്റ്സുകോ കുറയോനഗി എന്ന വനിതയെഴുതിയ ടോട്ടോ ചാന്‍ എന്ന ആത്മകഥാപരമായ കൃതിയില്‍ താന്‍ പഠിച്ച വിദ്യാലയത്തിലെ കായികമത്സരങ്ങള്‍ കൂട്ടത്തിലുള്ള ഒരേയൊരു വികലാംഗനു ജയിക്കാന്‍ സാധ്യമായ രീതിയില്‍ തയ്യാറാക്കിയതായിരുന്നെന്നു പറയുന്നു. ഇത്രയും വായിക്കുമ്പോള്‍ തന്നെ കാരുണ്യജന്യമായ ഒരു സന്തോഷം നമ്മില്‍ നിറയുന്നതായി അനുഭവപ്പെടുന്നില്ലേ? ആ സന്തോഷത്തിനുവേണ്ടി ജീവിക്കാന്‍ തോന്നുന്നില്ലേ? ഇതാണു് മനുഷ്യസഹജമായ വാസന. പരമകാരുണികന്‍ മനുഷ്യസമൂഹത്തിന്റെ നന്മയ്ക്കായി നമ്മില്‍ സംരചിച്ചുവച്ച വ്യവസ്ഥ.

ഈ വാസനയെ ശ്രീനാരായണഗുരുവിന്റെ ആത്മോപദേശശതകത്തിലെ ഒരു ശ്ലോകത്തിനെ ആസ്പദമാക്കി വിവരിക്കുന്ന ഗുരു നിത്യചൈതന്യയതിയുടെ ഒരു ലേഖനം “യോഗം ഒരു സഹജാവസ്ഥ” എന്ന പുസ്തകത്തില്‍ സമാഹരിച്ചു വച്ചിരിക്കുന്നു.

ഒന്നിച്ചു കുന്നു കയറുന്ന കുറച്ചാളുകളിലേക്കു് ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണു് ഗുരു ലേഖനം തുടങ്ങുന്നതു്. അവരിലൊരാളുടെ ഹൃദയസ്പന്ദനത്തിനുണ്ടാകുന്ന ആവൃത്തിവ്യത്യാസം അയാളില്‍ അസ്വസ്ഥതയുണ്ടാക്കുമ്പോള്‍ കൂടെയുള്ളവരിലും അതു് പടരുന്നു. എല്ലാവരുടേയും ഉത്സാഹം കുറയുന്നു. ഇവിടെ ഒരാള്‍ക്കു് അപ്രിയമായതു് സംഭവിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കുമപ്രകാരം തന്നെ സംഭവിക്കുന്നു. ഉടനേ ഓരോരുത്തരും ഓരോ രീതികളില്‍ പ്രവര്‍ത്തിക്കുന്നു. തളര്‍ന്നുകിടക്കുന്നവനെ മടിയിലെടുത്തു് ആശ്വാസം പകരാന്‍ ഒരാള്‍ ശ്രമിക്കുന്നു. ചായപകരാനൊരാള്‍. വണ്ടികിട്ടുന്നിടം വരെ പോകാനൊരാളൊരുങ്ങുന്നു. അങ്ങനെ ഒരാള്‍ക്കു് ഹിതം ചെയ്തു കൊടുക്കുന്നതു് മറ്റൊരാള്‍ക്കു് പ്രിയമായി തീര്‍ന്നിരിക്കുന്നതു് ചൂണ്ടിക്കാണിച്ചു് ഗുരു “പ്രിയമപരന്റെയതെന്‍പ്രിയം” എന്നു പറയുന്നു.

അപ്പോള്‍ സ്വയം ഹിതമായ കാര്യമെന്താണു്? അതു് മറ്റുള്ളവരുടെ പ്രിയം തന്നെയാകുന്നു “സ്വകീയപ്രിയമപരപ്രിയം”.

“മനുഷ്യവര്‍ഗ്ഗത്തില്‍ ആകവേകാണുന്ന, ഞൊടിയിടയില്‍ സമഷ്ടിയുടെ നന്മയ്ക്കായ് കൊതിക്കുന്നു, എന്നതിനെ നാരായണഗുരു സര്‍വസാധാരണമായി കാണുന്നു. ദാര്‍ശനികമായ ഒരു തത്വത്തെ മുന്നില്‍ വച്ചുകൊണ്ടു് എല്ലാവരേയും സ്നേഹിക്കണം. അതുകൊണ്ടു് ഹൃദ്രോഗം വന്നവനെ ഞാനും സ്നേഹിക്കണം എന്നു ചിന്തിക്കുന്നതു് യാന്ത്രികമാണു്. സഹജമല്ല.
ആര്‍ത്തനെ കണ്ടു് ശ്രദ്ധയില്ലാതെ പോകുന്ന പരീശന്റേയും പുരോഹിതന്റേയും ഉപേക്ഷയേക്കാള്‍ മോശമാണതു്”

(പേജ് 61)
ഇതു ധര്‍മ്മശാസ്ത്രങ്ങള്‍ നിഷ്കര്‍ഷിക്കുന്നതുകൊണ്ടല്ല മറിച്ചു് സഹജമായ ഒരു വാസനയാണെന്നതുകൊണ്ടു് ചെയ്യണം. ഇതാണു് രീതി, ഇപ്രകാരമാകും നയം എന്നതുകൊണ്ടു് ചെയ്യണം.

ചുരുക്കത്തില്‍ നരനു നന്മ നല്‍കുന്ന ക്രിയ മറ്റൊരുവനു് പ്രിയഹേതുവായ ക്രിയ തന്നെയാകുന്നു.

ആ‍കയാല്‍,
പ്രിയമപരന്റെയതെന്‍ പ്രിയം സ്വകീയ
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ, നരന്നു നന്മനല്‍കും
ക്രിയയപരപ്രിയ ഹേതുവായ് വരേണം
(ആ.ശ.22)

മറിച്ചാകുന്നതു് ഈ നയത്തിനു വിരുദ്ധമായതുകൊണ്ടാണു് തന്റെ അയല്‍ക്കാരനെ സ്നേഹിക്കുവാന്‍ ക്രിസ്തു ആവശ്യപ്പെടുന്നതു്. തന്നെ സ്നേഹിക്കുന്നതും അയല്‍ക്കാരനെ സ്നേഹിക്കുന്നതും നയത്തില്‍ വ്യത്യാസമുള്ളതല്ല. അതുകൊണ്ടു് വചനത്തില്‍ ‘തന്നെ പോലെ’ എന്നുകൂടെ ചേര്‍ത്തിരിക്കുന്നു. നയത്തിനുയോജിച്ചകാര്യങ്ങള്‍ നിഷ്ക്കര്‍ഷിച്ചുവച്ച്, അവ ധിക്കരിക്കുന്നവരെ, ഇതേ നയത്തിന്റെ ഉപഭോക്താവായിരിക്കേ നന്ദികേടു കാണിക്കുന്നവരുടെ കൂട്ടത്തില്‍പെടുത്തുന്നു മുഹമ്മദ് നബി. ‘ശുകറി‘ന്റെ വിപരീതാര്‍ഥമാണു് ‘കുഫ്‌‌റി’നു്*. നന്ദികേടു കാണിക്കുന്നവന്‍ കാഫിര്‍ ആകുന്നു.

അപ്പോള്‍ യഥാര്‍ഥത്തില്‍ പാപം അതാകുന്നതു് നമ്മുടെ സഹജാവസ്ഥയ്ക്കതെതിരെന്നതുകൊണ്ടത്രേ. അല്ലാതെ, അവയ്ക്കുള്ള ശിക്ഷയായി നമ്മെ കാത്തിരിക്കുന്ന പരശ്ശതം സൂര്യന്മാരുടെ ചൂടോടു കൂടിയ അഗ്നികുണ്ഡങ്ങള്‍ മൂലമല്ല.

----x-----

ബൂലോകത്തില്‍ ഈയിടെയായി ചര്‍ച്ച ചെയ്യപ്പെടുന്ന യോഗം, യോഗ എന്ന യോജിക്കലും സഹജമായ ഒരു അവസ്ഥയാണെന്നു പറയുന്നു ഗുരു ഇതേ പുസ്തകത്തിലെ മറ്റൊരു ലേഖനത്തില്‍.

ഇരുപത്തിനാലു മണിക്കൂറില്‍ ഒരു അഞ്ചാറുമിനിറ്റെങ്കിലും ‘ഇതു്’ എന്തെന്നും ‘ഞാന്‍’ ആരെന്നും ചോദിക്കാതെ തന്നില്‍ത്തന്നെ പൂര്‍ണ്ണമായി ലയിച്ചുകഴിയുന്ന സമയം എല്ലാവരിലുമുണ്ടു്. യോഗാരൂഢത്വം എന്നൊന്നുണ്ടെങ്കില്‍ ആ സ്ഥിതിയെ പ്രാപിച്ചവരെല്ലാം യോഗാരൂഢന്മാരാണു്.

അതിനൊരു പേരു കൊടുക്കാനോ യോഗത്തിന്റെ പേരില്‍ ഉണ്ടാക്കിയ സ്ഥാപനങ്ങളില്‍ അതു പഠിപ്പിച്ചു കൊടുക്കുവാനോ ആര്‍ക്കും ഒക്കുകയില്ല.

ആ അവസ്ഥയില്‍ നിന്നും ഉണര്‍ന്നു് പിന്നെയും ജാഗരിതാവസ്ഥയില്‍ വന്നാല്‍ ഉടന്‍ ചോദ്യങ്ങളായി. എന്തേ എന്റെമനസ്സിങ്ങനെ? ഒരു തെരുവുനായയെപ്പോലെ ഓടുകയും കുരയ്ക്കുകയും ചെയ്യുന്ന എന്റെ മനസ്സിനെ എങ്ങനെ അടക്കാം? എനിക്കു് ഏകാഗ്രത എങ്ങനെ കിട്ടും? മനസ്സിങ്ങനെ ഓടിനടക്കാന്‍ അതിനു കൈയോ കാലോ ഉണ്ടൊ? ഏകാഗ്രത എന്നുപറഞ്ഞാല്‍ എന്തു്? അതെവിടെയെങ്കിലും ഇരിക്കുകയാണോ പോയി കണ്ടെത്താന്‍?

ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. ലോകത്തില്‍ സ്ക്കൂളുകളും കോളെജുകളും ഉള്ളതുപോലെ അതിനൊക്കെ സമാന്തരമായ ഒരു പ്രചരണസംഘവുമുണ്ടു്. അതു് കേട്ടുകേള്‍വികളെ ശേഖരിച്ചു കേള്‍ക്കാത്തവര്‍ക്കു പറഞ്ഞുകൊടുക്കുന്ന കേട്ടുകേള്‍വി സംഘത്തിന്റേതാണു്. അങ്ങനെ നടന്നു് ജനങ്ങള്‍ക്കു് രോഗമുക്തി ഉണ്ടാക്കാന്‍ ശ്രമിക്കുന്ന വൈദ്യന്മാരോടു് യേശു ഒരിക്കല്‍ പറഞ്ഞു. “ ഹേ വൈദ്യാ, ആദ്യം നീ നിന്നെ തന്നെ ചികിത്സിച്ചു ഭേദമാക്കുക. അന്യന്റെ കണ്ണിലെ കരടിനെ എടുക്കുവാന്‍ ശ്രമിക്കുന്നവനേ, നിന്റെ കണ്ണിലെ കോലുകള്‍ ആദ്യം എടുക്കുക.” യേശു തുടര്‍ന്നു പറഞ്ഞു. “ മറ്റുള്ളവരുടെ വിശ്വാസം മാറ്റാന്‍ ഓടി നടക്കുന്ന നിങ്ങള്‍ മറ്റുള്ളവരെ നിങ്ങളെക്കാള്‍ ബുദ്ധിഹീനന്മാരാക്കുന്നു”.

അതുപോലെ യോഗികളാകാനും യോഗാരൂഢത്വം നല്‍കാനും ശ്രമിക്കുന്നവരോടു് നിങ്ങള്‍ പറയേണ്ടുന്നതു്, ‘ നിങ്ങള്‍ കണ്ണടച്ചുകൊണ്ടു് ലോകത്തെ നോക്കാതെ കണ്ണുതുറന്നു മുന്നില്‍ കാണുന്ന ഈ മരങ്ങളെ മരങ്ങളായും മേഘങ്ങളെ മേഘങ്ങളായും ആകാശത്തെ ആകാശമായും മനുഷ്യനെ മനുഷ്യനായും കണ്ടു സന്തോഷിക്കുവിന്‍. നിങ്ങള്‍ യോഗികള്‍ ഒന്നും ആകേണ്ട. ഈ പ്രപഞ്ചം എങ്ങനെയാണോ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു് അതില്‍ നമുക്കു നമ്മളായി ജീവിക്കാം.’ ”
(പേജ് 16-17)

യോഗം എന്ന സഹജാവസ്ഥ
ഗുരു നിത്യചൈതന്യയതി
Printed and published by current books
distributed by cosmo books

ജീവിതത്തില്‍, വസ്ത്രത്തിലും, ഭക്ഷണത്തിലും, പെരുമാറ്റത്തിലും എല്ലാം ഇപ്രകാരം യോജ്യമായവ തിരഞ്ഞെടുത്തു് യോഗികളായി ജീവിക്കാന്‍ സന്ദേശം നല്‍കുന്ന മഹാന്മാര്‍ നൂറ്റാണ്ടിലൊന്നേയുണ്ടാവൂ. അവരുടെ പുസ്തകങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുകയില്ല. പകരം അതിനെ കാണാന്‍ നിങ്ങള്‍ക്കൊരു കണ്ണിനെ തരും. സ്വച്ഛനിര്‍മ്മലമായ ഒരു കണ്ണു്. അതില്‍ ലോകത്തിലെ മനോഹരങ്ങളാ‍യ ദൃശ്യങ്ങള്‍ നിങ്ങള്‍ക്കു ദര്‍ശിക്കാനാവും. നിങ്ങള്‍ തന്നെ അത്തരത്തിലുള്ള ഒരു ദൃശ്യമായി മാറും. ഉറപ്പു്.


ഈ ഭാഗ്യം നമുക്കെല്ലാം ഉണ്ടായിവരട്ടെ.
ഹാപ്പി ന്യൂ ഇയര്‍

Saturday, August 26, 2006

ചോരശാസ്ത്രം



  


വി. ടി. ഭട്ടതിരിപ്പാടു് ആദ്യമായി അക്ഷരങ്ങളിലേക്കു് നോക്കിയപ്പോള്‍ കാണാനായതു് കുനിയനുറുമ്പു നിരയിട്ടതുപോലെ ചില ചിത്രങ്ങളായിരുന്നത്രേ. ഈ ചിത്രങ്ങള്‍ അക്ഷരങ്ങളും അവ പിന്നെ അര്‍ഥമുള്ള വാക്കുകളും വചനങ്ങളുമാവുന്നതു് വിദ്യ ഉണ്ടാവുമ്പോഴാണു്. ഈ അര്‍ഥങ്ങള്‍ ഒരു പ്രതലത്തിലെ X അക്ഷത്തില്‍ വയ്ക്കുക. Y അക്ഷത്തില്‍ നമ്മുടെ അനുഭവം, വാസന, സംസ്കാരം എന്നിവയും. അപ്പോള്‍ X, Y എന്നിവ ചേര്‍ന്നു് ബോധമണ്ഡലത്തിലുളവാക്കുന്ന ബിന്ദുക്കളാണു് ദര്‍ശനങ്ങള്‍. ദര്‍ശനം എന്നു പൊതുവില്‍ പറയപ്പെടുന്നതു് കണ്ടും കേട്ടും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ചില കാര്യങ്ങളെ (ഉദാഹരണത്തിനു് ആത്മാവു് എന്നാല്‍ എന്തെന്നു് മനസ്സിലാക്കേണ്ടതു് ആത്മാവുകൊണ്ടുതന്നെയായതുകൊണ്ടു് അതുമനസ്സിലാക്കാനും ബുദ്ധിമുട്ടാണു്) അറിയുന്നതിനെയാണു്. ഇതുതന്നെയാണു് തത്ത്വചിന്തകരും മറ്റും സാധാരണയായി പ്രയോഗിക്കുന്ന അര്‍ഥവും.

ദര്‍ശനങ്ങള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തങ്ങളായിരിക്കുന്നതു്, ഈ Y പലര്‍ക്കും വ്യത്യസ്തമായതു കൊണ്ടത്രേ. വി. ജെ. ജെയിംസിന്റെ ചോരശാസ്ത്രം എന്ന കൃതിയില്‍ ഞാന്‍ കണ്ടു എന്നു പറയുന്നതു് എല്ലാവരും കണ്ടു കൊള്ളണമെന്നില്ല.

കള്ളനു് വിദ്യ ലഭിക്കുന്നയിടത്തു നിന്നും ഈ കഥ തുടങ്ങുന്നു.
" അങ്ങനെ ആശിച്ചാശിച്ചൊടുവില്‍ കള്ളനു് നോട്ടം കൊണ്ടു് പൂട്ടു തുറക്കുന്ന വിദ്യ സ്വായത്തമായി." ഒരു അരക്കിറുക്കന്‍ പ്രൊഫസറാണവനതു പഠിപ്പിച്ചു കൊടുക്കുന്നതു്.

കള്ളന്‍ അങ്കലാപ്പിലാവുന്നു. എന്തു ചെയ്യണം? എങ്ങനെ ചെയ്യണം?? കള്ളന്‍ സകലമാനയിടങ്ങളിലും കയറി മോഷ്ടിക്കുന്നു. സ്വത്തുക്കളും മറ്റു സുഖങ്ങളും കള്ളനെ തൃപ്തനാക്കുന്നില്ല. പ്രായേണ കള്ളനു് നിധിയിരിക്കുന്ന സ്ഥലം കാണാനുള്ള കഴിവും ലഭിക്കുന്നു. അതു് കള്ളനെ കൂടുതല്‍ സ്വാര്‍ത്ഥനാക്കുകയാണു് ചെയ്യുന്നതു്. അതൃപ്തനായ കള്ളനു് സഹകള്ളന്റെ മേന്മയില്‍ അസൂയയുണ്ടാകുമ്പോള്‍ തകര്‍ച്ച പൂര്‍ണ്ണമാവുന്നു. കള്ളന്‍ തിരിച്ചു് ഗുരുസമക്ഷത്തിലെത്തുന്നു. നിധി ദര്‍ശനവും അതു സ്വന്തമാക്കാനുള്ള വിദ്യയുമുണ്ടെങ്കില്‍ ആ നിധിയൊക്കെ നിന്റേതല്ലേ? എന്തിനു പിന്നെ വേവലാതിപ്പെടണം? എന്ന പ്രൊഫസറുടെ ചോദ്യം കള്ളനെ തെല്ലും തൃപ്തനാക്കുന്നില്ല. പ്രൊഫസറുടെ മുന്നറിയിപ്പു് വകവെക്കാതെ കള്ളന്‍ ചെന്നെത്തുന്നതു് അഗാധമായ ഒരു ഗര്‍ത്തത്തില്‍. ഭാഗ്യദാതാവെന്നു് കള്ളന്‍ കരുതിയിരുന്ന നാണയത്തിലെ രാജാവിനാലും കൈവെടിയപ്പെട്ടു് അഗ്നിയിലമരുമ്പോള്‍ കഥയവസാനിക്കുന്നു.

ഇതു് കഥയിലെ കള്ളന്റെ കഥ. കഥയവസാനിക്കുമ്പോള്‍ കള്ളന്‍ വായനക്കാരന്‍ തന്നെയെന്നു്‌ തിരിച്ചറിയുന്നയിടത്തുനിന്നും കഥ വീണ്ടും തുടങ്ങുന്നു. സ്വന്തമായി ഒന്നുമില്ലാതെ ലോകത്തിലേക്കുവരുന്ന ഓരോരുത്തരും ഉപയോഗിക്കുന്നതു് മറ്റാരുടേതൊക്കെയോ ആണു്. കള്ളനു് കഥാന്ത്യത്തിനു തൊട്ടുമുന്‍പാണീ തിരിച്ചറിവുണ്ടാകുന്നതു്. തനിക്കു പകര്‍ന്നുകിട്ടിയ വിദ്യയും സ്വന്തം ഭാര്യയുമെല്ലാം മറ്റൊരാളുടേതാകേണ്ടതായിരുന്നു എന്ന തിരിച്ചറിവു പക്ഷേ, കള്ളനില്‍ വൈരാഗ്യമല്ല ജനിപ്പിക്കുന്നതു് മറിച്ചു്‌ ദുരയാണു്. നിധി ഇരിക്കുന്ന സ്ഥലം കാണാനായാല്‍ അതു് തന്റേതായിക്കഴിഞ്ഞു പിന്നെ അതു കവരാനെന്തിനുശ്രമിക്കണം എന്നു്‌ വീണ്ടും പ്രൊഫസര്‍ ചോദിക്കുന്നു. മോക്ഷത്തിനായി ഉപനിഷത്തുക്കളും ഇതു തന്നെയാണുപദേശിക്കുന്നതു്. മാ ഗൃധഃ കസ്യ സിദ്ധ്വനം? ( പിടിച്ചു പറിക്കേണ്ട, ആരുടേതാണീ ധനം) എന്നു്‌ ഈശാവാസ്യോപനിഷത്തു്‌. പിടിച്ചു പറിച്ചാലും അതു തന്റേതാവുന്നില്ല, പിടിച്ചുപറിക്കാന്‍ അതാരുടേതുമല്ല താനും.

തന്നില്‍ നിന്നന്യമല്ലാതെ എന്നു കാണുന്നു സര്‍വ്വവും
അന്നേതു ശോകമന്നേതു മോഹ,മേകത്വദൃക്കിനു് *1 എല്ലാം തന്റേതാണെന്നും താന്‍ തന്നെയാണെന്നും കണ്ടവനു്‌ ശോകവും മോഹവുമുണ്ടാവില്ല അതു തന്നെയാണു്‌ ഉപനിഷദ്പ്രോക്തമായ മോക്ഷം

ദുര ഓരോ മനുഷ്യനേയും ചെന്നെത്തിക്കുന്നതു് നിലയില്ലാത്ത അന്ധകാരത്തിലേക്കാണു്. അവിടെ പകച്ചു നില്‍ക്കുമ്പോള്‍ ഒരാളുമറിയുന്നില്ല തന്നെ ഇതിലേക്കു് നയിച്ചതെന്തെന്നു്. രക്ഷപ്പെടാനുള്ള വെപ്രാളമാണു് ഒരായുസ്സുമുഴുവനും. അവസാനം, പ്രകാശമെന്നു കരുതുന്നവ ചുറ്റും തീയായി പടരുമ്പോള്‍ അതിലെരിഞ്ഞടങ്ങുന്ന നിസ്സഹായനായ മനുഷ്യന്റെ കഥയാണു്‌ ചോരശാസ്ത്രം.*2 ജീവിത ദര്‍ശനം പകരുന്നയിടത്തു്, ഇതു് പാവ്‌ലോ കോയ്‌ലോയുടെ ആല്‍ക്കെമിസ്റ്റിനേക്കാള്‍ സാധാരണക്കാരനോടടുത്തു നില്‍ക്കുന്നു. ലാളിത്യത്തിലും ശൈലിയിലും.

"കാവലായ്‌ നിന്നതും കഴുകനായ്‌ വന്നതും നീയെന്നറിഞ്ഞു
കൊടുത്തവനും എടുത്തവനും നീയെന്നു കണ്ടു
എന്തൊക്കെ നിധിയറയുണ്ടോ, എല്ലാം സ്വന്തമെന്നു കണ്ടവന്റെ നിറവോടെ,
ആരുടേയും ഒന്നുമിനി മോഷ്ടിക്കാനില്ലാത്തവന്റെ ലാഘവത്തോടെ, കള്ളനിവന്‍ പിന്‍വാങ്ങുന്നു
ഇവന്റെ വഴിയില്‍ പൊരുളുണര്‍ത്താനെത്തിയ പുല്ലിനും തുരുമ്പിനും കൂടി വിനീതപ്രണാമം"

-ചോരശാസ്ത്രം അവസാന പുറം.

പൊരുളുണര്‍ത്തുന്ന കൃതികളുടെ അന്യം നിന്നു പോകുന്ന വംശത്തില്‍ പിറന്ന ഈ പുസ്തകം വായിച്ചിരിക്കേണ്ട ഒന്നാകുന്നു.


  


*1 യസ്മിന്‍ സര്‍വാണി ഭൂതാനി
ആത്മന്യേവാനു പശ്യത
തത്രകഃ മോഹ കഃ ശോക
ഏകത്വമനു പശ്യത -എന്ന ഈശാവാസ്യോപനിഷത്തിലെ വരികള്‍ക്കു്‌ ശ്രീനാരായണ ഗുരുവിന്റെ പരിഭാഷ.

*2 മോഷണത്തിനും ശാസ്ത്രം രചിക്കപ്പെട്ടിട്ടുണ്ടത്രേ. ബ്ലോഗര്‍മാര്‍ക്കാര്‍ക്കെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അറിയാമെങ്കില്‍ കമന്റിലിടുമല്ലോ.

Wednesday, February 01, 2006

സാൻ‌മിഷേലിന്റെ കഥ

ഇതിലെ ഓരോ പേജ് മറിക്കുമ്പോഴും അതെന്നോടു് ഇതു വായിക്കാനാരോടെങ്കിലും പറയണമെന്നു് പറയുന്നു. ഒരു ഡോക്ടറുടെ അത്യസാധാരണമായ ഓർമ്മക്കുറിപ്പുകളാണിതു്. നിങ്ങളുടെ ധാരണയെ പൊളിച്ചടുക്കാൻ ഇതിനു കഴിയും. നല്ലവനാണു് നിങ്ങളെന്നു നിങ്ങളഭിമാനിക്കുന്നുണ്ടെങ്കിൽ ഈ ഡോക്ടർ നന്മയുടെ മുഖം‌മൂടിക്കു പിന്നിലെ നിങ്ങളിലെ പിശാചിനെ ശസ്ത്രക്രിയ ചെയ്തു പുറത്തെടുത്തു കാണിച്ചു തരും. ക്രൂരനാണു നിങ്ങളെന്നാണു നിങ്ങളവകാശപ്പെടുന്നതെങ്കിൽ ഇയ്യാൾ ആ ക്രൂരതയെ വിളിച്ചു മാറ്റിനിർത്തി സ്വീഡിഷ് ഭാഷയിൽ ശകാരിക്കുന്നതു കാണാം. മെരുക്കിയെടുക്കപ്പെട്ട കരടിയെപ്പോലെ അതു നിങ്ങൾക്കടുത്തേക്കു തിരിച്ചു വരുന്നതും കാണാം.

ദൈവത്താലും പിശാചിനാലും ഒരേസമയം അനുഗ്രഹിക്കപ്പെട്ട ആക്സൽ മുൻ‌തേ 1887-ൽ സ്വീഡനിൽ ജനിച്ചു. പാരീസിൽ വൈദ്യപഠനം നടത്തി. ജീവിച്ചിരുന്ന കാലത്തു് ഒരിതിഹാസമായിരുന്നു ഇയാൾ. രാജകുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ സന്ദർശനത്തിനു വേണ്ടി കാത്തു നിൽക്കുമ്പോൾ തെണ്ടികളുടേയും ചാവാളിപ്പട്ടികളുടേയും കൂടെ അദ്ദേഹം സമയം ചിലവഴിച്ചു. പുസ്തകത്തിനു് അവതാരിക എഴുതിയ എം ടി വാസുദേവൻ നായർ ഇതിനെ ജീവിതത്തിൽ വിശ്വാസം വരുത്തുന്ന അപൂർവം ഗ്രന്ഥങ്ങളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നു. പുസ്തകത്തിലെ, ചിലർക്കെങ്കിലും വിയോജിപ്പുതോന്നിയേക്കാവുന്ന ഒരു ഭാഗമാണു ചുവടെ. “നേപ്പിൾസിൽ കോളറ. നിത്യേന ആയിരം പേർ മരിക്കുന്നു “ എന്ന വാർത്ത കേട്ടു് ഒരു മണിക്കൂറിനകം ചീഞ്ഞളിഞ്ഞ ശവശരീരങ്ങൾക്കു നടുവിലേക്കു് വണ്ടി കയറിയ മനുഷ്യനാണിതു പറയുന്നതെന്നു് വിയോജിപ്പുള്ളവർ മനസ്സിലാക്കുക.

* “സ്വയം വിശദീകരിക്കാൻ പോലും അറയ്ക്കുന്ന പലതും നിങ്ങൾ രോഗിക്കു് വിവരിച്ചു് കൊടുക്കാൻ ശ്രമിക്കുന്നു. ഇതെല്ലാം വിശ്വാസത്തിന്റെ പ്രശ്നമാണെന്നും വിജ്ഞാനത്തിന്റേതല്ലെന്നും നിങ്ങൾ മറക്കുന്നു. ദൈവവിശ്വാസം പോലെ തന്നെ. കത്തോലിക്കർ ഒന്നും വിശദമായി പറയില്ല. അതു കൊണ്ടു തന്നെ അവർ ലോകത്തിലെ വലിയ ശക്തിയായി നില നിൽക്കുന്നു. പ്രൊട്ടസ്റ്റന്റുകാർ എല്ലാം വിശദീകരിക്കാൻ ശ്രമിക്കുന്നു. ഫലം അറിയാമല്ലോ! രോഗികൾ സത്യം എത്ര കുറച്ചറിയുന്നുവോ, അത്രയും അവർക്കു് നന്നു്. തങ്ങളുടെ രോഗങ്ങളെക്കുറിച്ചു് രോഗികൾ ചിന്തിക്കുക എന്നതു പ്രകൃതിനിയമങ്ങളിൽ ഇടപെടുക എന്നതാണു്. ഇന്നതൊക്കെ ചെയ്യണം, ഇന്ന മരുന്നുകളൊക്കെ കഴിക്കണം, ഇത്രയേ അവരോടു പറയേണ്ടതുള്ളൂ. അനുസരിക്കാൻ തയ്യാറല്ലെങ്കിൽ അവർ എവിടെയെങ്കിലും പോയി തുലയട്ടെ. ഡോക്ടർ രാജാവിനെപ്പോലെയാണു് . കഴിയാവുന്നത്ര അകലത്തിൽ നിൽക്കണം. അല്ലെങ്കിൽ അവരുടെ അന്തസ്സിനു് ഇടിവുപറ്റും. ഇരുണ്ട വെളിച്ചത്തിൽ നന്മ തേടുന്നവരാണു് നമ്മളെല്ലാം. ഡോക്ടർമാരുടെ സ്വന്തം കുടുംബത്തിന്റെ കാര്യം തന്നെ നോക്കൂ. അവർ വേറൊരാളുടെ അടുത്ത് പോകാനാണു് ഇഷ്ടപ്പെടുക!! പാരീസിലെ അറിയപ്പെടുന്ന ഒരു ഡോക്ടറുടെ ഭാര്യയെപ്പോലും ഞാൻ രഹസ്യമായി ചികിത്സിക്കുന്നുണ്ടു്”
പുറം 142
സാൻ‌ മിഷേലിന്റെ കഥ
ആക്സൽ മുൻ‌തേ
വിവ: എൻ പി അബ്ദുൾ നാസർ.
മാതൃഭൂമി ബുക്സ്.

* ഇത്തിരി വിവാദപരമായ ഒരു കാര്യം പറഞ്ഞുവെന്നേയുള്ളൂ. നോവലിന്റെ രൂപം ഇതു തരില്ല.

എസ്പരാൻസയുടെ പുണ്യാളന്മാർ

-“അവർ ഇണ ചേർന്നു കൊണ്ടിരിക്കേ എൽ ഏഞ്ചൽ ജസ്റ്റിസിയറോ തന്റെ നെഞ്ചിനുള്ളിൽ എന്തോ തകർന്നുടയുന്ന ശബ്ദം അനുഭവിച്ചിരുന്നു. അത് തന്റെ ജീവിതം രണ്ടായി ഉടയുന്നതാണെന്നു് ഉടൻ അയാൾ മനസ്സിലാക്കി. അപ്പോൾ മുതൽ അയാളുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും രണ്ടായി പകുത്തു വയ്ക്കാവുന്നവയായി: ‘എസ്പെരാൻസയ്ക്കു മുൻപു് ‘, ‘എസ്പെരാൻസയ്ക്കു ശേഷം’

ഏഞ്ചൽ പോയ ശേഷം, എസ്പെരാൻസ അടുക്കളയ്ക്കരികിലെ ഭക്ഷണമേശയ്ക്കരികിൽ ഇരുന്നു. യൂദാസ് തദേവൂസിന്റെ പ്രത്യക്ഷീകരണത്തിനു വേണ്ടി അവൾ ശാന്തമായി കാത്തിരുന്നു. ഒരു നേരിയ കാഴ്ച മതിയായിരുന്നു അവൾക്കു്. അൾത്താരയിൽ നിന്നു് അവൾ വിശുദ്ധ യൂദാസ് തദേവൂസിന്റെയും വിശുദ്ധ അന്റോണിയോയുടേയും പ്രാർത്ഥനാകാർഡുകൾ എടുത്തിരുന്നു. പുരുഷനേയും സ്ത്രീയേയും ഒന്നിപ്പിക്കുന്ന പുണ്യാളനാണു് അന്റോണിയോ. ഇരുവരുടേയും ചിത്രങ്ങളിൽ അമർത്തി തടവിക്കൊണ്ടു് അവൾ പ്രാർത്ഥിച്ചു. വിശുദ്ധ അന്റോണിയോ, ഈ ഏഞ്ചൽ എന്നയാളെക്കൊണ്ടു് എന്റെ മേൽ ദയവായി തമാശ കാണിക്കരുതു്. ................
………………………
…….. പ്രിയ യൂദാസ് തദേവൂസ് പുണ്യാളാ, അങ്ങ് എന്നോടു് ബ്ലാൻകയെ കണ്ടു പിടിക്കണമെന്നു് നിർദ്ദേശിച്ചു. എന്നിട്ടിപ്പോൾ ഏഞ്ചൽ ഗാൽ‌വിനെ എന്റെ വഴിയിൽ പറഞ്ഞു വിടാനായി വിശുദ്ധ അന്റോണിയോയെ ഏർപ്പെടുത്തിയിരിക്കുന്നു. ഇതു മറ്റൊരു തടസ്സമാണോ? അല്ലെങ്കിൽ അയാൾ ബ്ളാൻകയെ പറ്റി എന്തെങ്കിലും സൂചന തരുമോ? ഒരേ സമയം എനിക്കു് ബ്ലാൻകയെ തിരയാനും പ്രണയത്തിലാകാനും കഴിയില്ല. നിങ്ങൾക്കു് രണ്ടുപേരുടേയും പ്രവൃത്തികൾ ഒന്നിച്ചു നടത്തിയാലെന്തു്? “

പുറം:138
പുസ്തകം: എസ്പെരാൻസയുടെ പുണ്യാളന്മാർ
(Espranza’s box of saints)
മരിയ അമ്പാരോ എസ്കാൻഡൻ
Published by Simon & Schuster, New York.
വിവർത്തനം: ബി. മുരളി.
Published by D.C. Books

നോവലിന്റെ ഏകദേശരൂപം തരുന്ന ഒരു ഭാഗമാണു മുകളിൽ കൊടുത്തിരിക്കുന്നതു്. പുണ്യാളന്മാരുടെ നിർദ്ദേശപ്രകാരം മകളെ തിരഞ്ഞിറങ്ങിയ വിധവയായ എസ്പെരാൻസ സഞ്ചരിക്കുന്ന വഴികളാണു വിഷയം. പുണ്യാളന്മാർ എസ്പെരാൻസയെയാണോ അതോ മറിച്ചാണൊ നയിച്ചത് എന്നു ശങ്ക തോന്നിയേക്കും, നോവൽ കഴിയുമ്പോൾ. നല്ല കഥന രീതി. എളുപ്പമുള്ള വായന.
ലാറ്റിനമേരിക്കൻ ഭാഷകളിൽ നോവലുകളെഴുതുന്നതും എളുപ്പമുള്ള കാര്യമാണെന്നു തോന്നുന്നു. ഒരു പേരു തന്നെ വരും ഒരു ഖണ്ഡിക. കേണൽ അറീലിയാനോ ബുവേൻഡിയ, ഡോ. ജൂവനൈൽ ആൽബിനോ, എന്നീ മാർകേസ് കഥാപാത്രങ്ങളെ ഓർമ്മയില്ലേ. ഇതൊക്കെ കേൾക്കുമ്പോൾ ഓർമ്മവരുന്ന ഒരു പേരുണ്ടു് - ‘സാഗർ ഏലിയാസ് ജാക്കി’

Tuesday, January 31, 2006

സ്വപ്നം ചിലർക്കു്.........

പുറം 24.
സ്വപ്നത്തിൽ കാണുന്ന വസ്തുക്കൾ ജാഗരിതത്തിൽ കാണാത്തതു കൊണ്ട് അവാസ്തവം എന്നു പറയുകയാണെങ്കിൽ ജാഗരിതത്തിൽ കാണുന്നതു സ്വപ്നത്തിൽ കാണാത്തതു കൊണ്ടു് അതും അവാസ്തവം എന്നു പറയേണ്ടിവരും - ഗൌതമന്റെ ന്യായസൂത്രം

പുറം 70
ശങ്കരാചര്യരുടെ ഗുരുവായ ഗോവിന്ദാചാര്യരുടെ ഗുരുവായിരുന്ന ഗൌഡപാദാചാര്യർ വൈതഥ്യപ്രകരണത്തിൽ അഞ്ചാമത്തെ കാരികയിൽ പറയുന്നു – “ പ്രസിദ്ധമായ കാരണങ്ങൾ കൊണ്ടു തന്നെ കാണപ്പെടുന്ന ഭാവങ്ങൾക്കു സാമ്യമുള്ളതു കൊണ്ട് സ്വപ്നവും ജാഗരിതവും ഒരു പോലെയാണെന്ന് വിദ്വാന്മാർ പറയുന്നു“.
എന്നാൽ സ്വപ്നത്തിലെ ഭാവങ്ങളെക്കൊണ്ടു് പ്രയോജനമില്ലല്ലോ എന്നു പറയുകയാണെങ്കിൽ ജാഗരിതത്തിലെ ഭാവങ്ങളെക്കൊണ്ട് സ്വപ്നത്തിലും പ്രയോജനമില്ല എന്നു പറയാമല്ലോ. ആദ്യന്തവത്ത്വം രണ്ടിലും തുല്യമായതു കൊണ്ട് സ്വപ്ന വസ്തുക്കളെപ്പോലെ ജാഗരിത വസ്തുക്കളും അയഥാർത്ഥങ്ങൾ തന്നെയാണെന്ന് പറയപ്പെടുന്നു. എന്നു മാത്രമല്ല സ്വപ്നാനുഭവം തികച്ചും നിഷ്പ്രയോജനമെന്നു പറഞ്ഞു കൂടാ. സ്വപ്നത്തിൽ സ്ത്രീയോ പുരുഷനോ കമിതാവുമായി ക്രീഡിക്കുന്നതായി സ്വപ്നം കാണുമ്പോൾ സഹശയനം നടത്താതെ തന്നെ രതിമൂർച്ഛയുണ്ടാവാറുണ്ടല്ലോ. ദാഹിക്കുമ്പോൾ വെള്ളം കുടിക്കുന്നതായി കാണുന്ന സ്വപ്നത്തിനു ദാഹ നിവൃത്തി ഉണ്ടാക്കാ‍ൻ കഴിയുന്നുണ്ടല്ലൊ. സ്വപ്നത്തിൽ നിന്നും ഉണരുമ്പോൾ അനുഭവം മറഞ്ഞു പോകുന്നെങ്കിൽ ജാഗരിതത്തിൽ നിന്നും ബോധഗതി മാറി വരുമ്പോൾ ജാഗരിതത്തിൽ കണ്ട പ്രയോജനവും ഇല്ലതാകുന്നു.

പുറം 73
“സ്വപ്നത്തിൽ മനസ്സിൽ സങ്കല്പിക്കുന്നതും കാലം കൊണ്ടു മാത്രം പരിച്ഛേദിക്കപ്പെടുന്നവയും, ജാഗരിതത്തിൽ രണ്ടുവസ്തുക്കളുടെ അന്യോന്യതാരതമ്യം കൊണ്ടുകൂടി കാലം പരിച്ഛേദിക്കപ്പെടുന്നവയുമായ വസ്തുക്കളെല്ലാം കല്പിതങ്ങളാണു്. കല്പനയിലുള്ള വ്യത്യാസമല്ലാതെ അവയ്ക്കു മറ്റു വിശേഷമൊന്നുമില്ല“. ഗൌഡപാദന്റെ ഈ ആശയത്തിനു മൃഢാനന്ദസ്വാമികളുടെ കുറിപ്പിങ്ങനെയാണു്.
-സ്വപ്നദൃശ്യങ്ങളും ജാഗരിതദൃശ്യങ്ങളും തുല്യങ്ങളാണെന്നതിനു മറ്റൊരു ആക്ഷേപവും കൂടിയുണ്ടു്. സ്വപ്നത്തിലെ ദൃശ്യങ്ങളെല്ലാം നാം സങ്കല്പിക്കുന്ന സമയത്തു മാത്രമേയുള്ളൂ. സങ്കല്പം വിടുമ്പോൾ ആ വസ്തുക്കളും ഇല്ലാതാകുന്നു. എന്നാൽ ജാഗരിതത്തിലെ ദൃശ്യങ്ങൾ നാം സങ്കല്പിക്കുന്നതിനു മുൻപും പിൻപും നിലനിൽക്കുന്നുണ്ടു്. വസ്തുക്കളെ അന്യോന്യം താരതമ്യപ്പെടുത്തി അവയുടെ സത്ത്വത്വം അറിയുകയും ചെയ്യാം. ‘ പശുവിനെ കറക്കുന്നിടത്തോളം സമയം അവൻ അവിടെ ഇരിക്കുന്നു ‘ എന്നു പറയുമ്പോൾ പശുവിനെ കറക്കുന്നതിന്റേയും അവൻ ഇരിക്കുന്നതിന്റേയും സമയത്തെ അന്യോന്യം പരിച്ഛേദിക്കുകയാണു ചെയ്യുന്നത്. ജാഗരിതത്തിലുള്ള വസ്തുക്കളെല്ലാം ഇങ്ങനെ ദ്വയകാലമുളവാക്കുന്നു. ഒരാളുടെ സങ്കല്പത്തെ ആശ്രയിക്കാതെ തന്നെ അവ നിലനിൽക്കുന്നതായി നമുക്കനുഭവമാകുന്നു. അതുകൊണ്ടു് സ്വപ്നത്തിലേയും ജാഗരിതത്തിലേയും ഭാവങ്ങൾ ഒരു പോലെയാണെന്നു പറയുന്നതു ശരിയല്ല എന്നാണു ആക്ഷേപം.
എന്നാൽ സൂക്ഷ്മപരിശോധനയിൽ ഇവയെല്ലാം ഒരുപോലെ മനസ്സിന്റെ ഭാവനയാണെന്നു കാണാം ഭൂതം ഭാവി വർത്തമാനം എന്ന കാലഗണനയും മനസ്സിന്റെ ഭാവനയല്ലാതെ മറ്റൊന്നുമല്ല. സ്വപ്നത്തിൽ ഒരാൾ മാത്രമാണു ഭാവന ചെയ്യുന്നതു് ജാഗരിതത്തിൽ പലരും ഒരു പോലെ ഭാവന ചെയ്യുന്നു എന്ന വ്യത്യാസമേയുള്ളൂ. സ്വപ്നത്തിൽ നാം വളരെക്കാലം കൊണ്ടു നടന്ന പല സംഭവങ്ങളേയും കാണുന്നു. ജാഗരിതത്തിൽ ആ കാലദൈർഘ്യം മിഥ്യയായി നമുക്കു തൊന്നുന്നു. ഇതു പോലെയാണു് ജാഗരിതത്തിൽ ദീർഘമായി തോന്നുന്ന കാലവും. സന്തോഷം വരുമ്പോൾ സമയം വേഗം കഴിഞ്ഞു പോകുന്നതായും ദു:ഖത്തിൽ സമയം നീണ്ടുനിൽക്കുന്നതായും നമുക്കു തോന്നാറുണ്ടു്. ലോകത്തിലെ വസ്തുക്കൾ നിലനിൽക്കുന്നു എന്ന മനസ്സിന്റെ ഭാവനയല്ലാതെ മറ്റൊന്നല്ല. ഭാവനാജന്യങ്ങളും ദൃശ്യങ്ങളുമാണെന്ന നിലയിൽ സ്വപ്നത്തിലേയും ജാഗരിതത്തിലേയും ഭാ‍വങ്ങൾ തമ്മിൽ യാതൊരു വ്യത്യാസവുമില്ല.

ഗ്രന്ഥം :സ്വപ്നം
ഗുരു നിത്യചൈതന്യയതി.
പാശ്ചാത്യവും പൌരസ്ത്യവുമായ വീക്ഷണങ്ങളെ അവധാനപൂർവ്വം പരിശോധിക്കുന്ന ഈ പുസ്തകം സ്വപ്നത്തെ പറ്റി പഠിക്കാനാഗ്രഹിക്കുന്നവർക്കൊരമൂല്യഗ്രന്ഥമാകുന്നു.
Printed and published by nalappat books.

മുഖവുര

വായിച്ച പുസ്തകത്തിൽ നിന്നു് പ്രധാനപ്പെട്ടതെന്നു് തോന്നുന്ന അല്ലെങ്കിൽ കൃതിയുടെ ഏകദേശരൂപം തരുന്ന ഒരു ഭാഗം ശ്രദ്ധയിൽ‌ പെടുത്താനുള്ള ഒരു ശ്രമമാണിവിടെ.
എഴുതിവച്ചതു തന്നെയാണോ വായിച്ചറിഞ്ഞതു് എന്നറിയാനുള്ള ശ്രമം എന്നും പറയാം.
വായിക്കാനാരെയെങ്കിലും പ്രേരിപ്പിക്കാനുള്ള ശ്രമം എന്നും പറയാം.
വായിച്ചതോർമ്മിക്കാനുള്ള ശ്രമം എന്നു പറഞ്ഞാലും,
ഇതൊന്നും പറഞ്ഞില്ലെങ്കിലും, തരക്കേടില്ല.

തൽക്കാലം മറ്റൊരിടത്തു് എഴുതിയിട്ടവയെ വെട്ടിയിടുന്നു.