വായനയ്ക്കിടയില്‍...

Saturday, August 26, 2006

ചോരശാസ്ത്രം



  


വി. ടി. ഭട്ടതിരിപ്പാടു് ആദ്യമായി അക്ഷരങ്ങളിലേക്കു് നോക്കിയപ്പോള്‍ കാണാനായതു് കുനിയനുറുമ്പു നിരയിട്ടതുപോലെ ചില ചിത്രങ്ങളായിരുന്നത്രേ. ഈ ചിത്രങ്ങള്‍ അക്ഷരങ്ങളും അവ പിന്നെ അര്‍ഥമുള്ള വാക്കുകളും വചനങ്ങളുമാവുന്നതു് വിദ്യ ഉണ്ടാവുമ്പോഴാണു്. ഈ അര്‍ഥങ്ങള്‍ ഒരു പ്രതലത്തിലെ X അക്ഷത്തില്‍ വയ്ക്കുക. Y അക്ഷത്തില്‍ നമ്മുടെ അനുഭവം, വാസന, സംസ്കാരം എന്നിവയും. അപ്പോള്‍ X, Y എന്നിവ ചേര്‍ന്നു് ബോധമണ്ഡലത്തിലുളവാക്കുന്ന ബിന്ദുക്കളാണു് ദര്‍ശനങ്ങള്‍. ദര്‍ശനം എന്നു പൊതുവില്‍ പറയപ്പെടുന്നതു് കണ്ടും കേട്ടും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ചില കാര്യങ്ങളെ (ഉദാഹരണത്തിനു് ആത്മാവു് എന്നാല്‍ എന്തെന്നു് മനസ്സിലാക്കേണ്ടതു് ആത്മാവുകൊണ്ടുതന്നെയായതുകൊണ്ടു് അതുമനസ്സിലാക്കാനും ബുദ്ധിമുട്ടാണു്) അറിയുന്നതിനെയാണു്. ഇതുതന്നെയാണു് തത്ത്വചിന്തകരും മറ്റും സാധാരണയായി പ്രയോഗിക്കുന്ന അര്‍ഥവും.

ദര്‍ശനങ്ങള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തങ്ങളായിരിക്കുന്നതു്, ഈ Y പലര്‍ക്കും വ്യത്യസ്തമായതു കൊണ്ടത്രേ. വി. ജെ. ജെയിംസിന്റെ ചോരശാസ്ത്രം എന്ന കൃതിയില്‍ ഞാന്‍ കണ്ടു എന്നു പറയുന്നതു് എല്ലാവരും കണ്ടു കൊള്ളണമെന്നില്ല.

കള്ളനു് വിദ്യ ലഭിക്കുന്നയിടത്തു നിന്നും ഈ കഥ തുടങ്ങുന്നു.
" അങ്ങനെ ആശിച്ചാശിച്ചൊടുവില്‍ കള്ളനു് നോട്ടം കൊണ്ടു് പൂട്ടു തുറക്കുന്ന വിദ്യ സ്വായത്തമായി." ഒരു അരക്കിറുക്കന്‍ പ്രൊഫസറാണവനതു പഠിപ്പിച്ചു കൊടുക്കുന്നതു്.

കള്ളന്‍ അങ്കലാപ്പിലാവുന്നു. എന്തു ചെയ്യണം? എങ്ങനെ ചെയ്യണം?? കള്ളന്‍ സകലമാനയിടങ്ങളിലും കയറി മോഷ്ടിക്കുന്നു. സ്വത്തുക്കളും മറ്റു സുഖങ്ങളും കള്ളനെ തൃപ്തനാക്കുന്നില്ല. പ്രായേണ കള്ളനു് നിധിയിരിക്കുന്ന സ്ഥലം കാണാനുള്ള കഴിവും ലഭിക്കുന്നു. അതു് കള്ളനെ കൂടുതല്‍ സ്വാര്‍ത്ഥനാക്കുകയാണു് ചെയ്യുന്നതു്. അതൃപ്തനായ കള്ളനു് സഹകള്ളന്റെ മേന്മയില്‍ അസൂയയുണ്ടാകുമ്പോള്‍ തകര്‍ച്ച പൂര്‍ണ്ണമാവുന്നു. കള്ളന്‍ തിരിച്ചു് ഗുരുസമക്ഷത്തിലെത്തുന്നു. നിധി ദര്‍ശനവും അതു സ്വന്തമാക്കാനുള്ള വിദ്യയുമുണ്ടെങ്കില്‍ ആ നിധിയൊക്കെ നിന്റേതല്ലേ? എന്തിനു പിന്നെ വേവലാതിപ്പെടണം? എന്ന പ്രൊഫസറുടെ ചോദ്യം കള്ളനെ തെല്ലും തൃപ്തനാക്കുന്നില്ല. പ്രൊഫസറുടെ മുന്നറിയിപ്പു് വകവെക്കാതെ കള്ളന്‍ ചെന്നെത്തുന്നതു് അഗാധമായ ഒരു ഗര്‍ത്തത്തില്‍. ഭാഗ്യദാതാവെന്നു് കള്ളന്‍ കരുതിയിരുന്ന നാണയത്തിലെ രാജാവിനാലും കൈവെടിയപ്പെട്ടു് അഗ്നിയിലമരുമ്പോള്‍ കഥയവസാനിക്കുന്നു.

ഇതു് കഥയിലെ കള്ളന്റെ കഥ. കഥയവസാനിക്കുമ്പോള്‍ കള്ളന്‍ വായനക്കാരന്‍ തന്നെയെന്നു്‌ തിരിച്ചറിയുന്നയിടത്തുനിന്നും കഥ വീണ്ടും തുടങ്ങുന്നു. സ്വന്തമായി ഒന്നുമില്ലാതെ ലോകത്തിലേക്കുവരുന്ന ഓരോരുത്തരും ഉപയോഗിക്കുന്നതു് മറ്റാരുടേതൊക്കെയോ ആണു്. കള്ളനു് കഥാന്ത്യത്തിനു തൊട്ടുമുന്‍പാണീ തിരിച്ചറിവുണ്ടാകുന്നതു്. തനിക്കു പകര്‍ന്നുകിട്ടിയ വിദ്യയും സ്വന്തം ഭാര്യയുമെല്ലാം മറ്റൊരാളുടേതാകേണ്ടതായിരുന്നു എന്ന തിരിച്ചറിവു പക്ഷേ, കള്ളനില്‍ വൈരാഗ്യമല്ല ജനിപ്പിക്കുന്നതു് മറിച്ചു്‌ ദുരയാണു്. നിധി ഇരിക്കുന്ന സ്ഥലം കാണാനായാല്‍ അതു് തന്റേതായിക്കഴിഞ്ഞു പിന്നെ അതു കവരാനെന്തിനുശ്രമിക്കണം എന്നു്‌ വീണ്ടും പ്രൊഫസര്‍ ചോദിക്കുന്നു. മോക്ഷത്തിനായി ഉപനിഷത്തുക്കളും ഇതു തന്നെയാണുപദേശിക്കുന്നതു്. മാ ഗൃധഃ കസ്യ സിദ്ധ്വനം? ( പിടിച്ചു പറിക്കേണ്ട, ആരുടേതാണീ ധനം) എന്നു്‌ ഈശാവാസ്യോപനിഷത്തു്‌. പിടിച്ചു പറിച്ചാലും അതു തന്റേതാവുന്നില്ല, പിടിച്ചുപറിക്കാന്‍ അതാരുടേതുമല്ല താനും.

തന്നില്‍ നിന്നന്യമല്ലാതെ എന്നു കാണുന്നു സര്‍വ്വവും
അന്നേതു ശോകമന്നേതു മോഹ,മേകത്വദൃക്കിനു് *1 എല്ലാം തന്റേതാണെന്നും താന്‍ തന്നെയാണെന്നും കണ്ടവനു്‌ ശോകവും മോഹവുമുണ്ടാവില്ല അതു തന്നെയാണു്‌ ഉപനിഷദ്പ്രോക്തമായ മോക്ഷം

ദുര ഓരോ മനുഷ്യനേയും ചെന്നെത്തിക്കുന്നതു് നിലയില്ലാത്ത അന്ധകാരത്തിലേക്കാണു്. അവിടെ പകച്ചു നില്‍ക്കുമ്പോള്‍ ഒരാളുമറിയുന്നില്ല തന്നെ ഇതിലേക്കു് നയിച്ചതെന്തെന്നു്. രക്ഷപ്പെടാനുള്ള വെപ്രാളമാണു് ഒരായുസ്സുമുഴുവനും. അവസാനം, പ്രകാശമെന്നു കരുതുന്നവ ചുറ്റും തീയായി പടരുമ്പോള്‍ അതിലെരിഞ്ഞടങ്ങുന്ന നിസ്സഹായനായ മനുഷ്യന്റെ കഥയാണു്‌ ചോരശാസ്ത്രം.*2 ജീവിത ദര്‍ശനം പകരുന്നയിടത്തു്, ഇതു് പാവ്‌ലോ കോയ്‌ലോയുടെ ആല്‍ക്കെമിസ്റ്റിനേക്കാള്‍ സാധാരണക്കാരനോടടുത്തു നില്‍ക്കുന്നു. ലാളിത്യത്തിലും ശൈലിയിലും.

"കാവലായ്‌ നിന്നതും കഴുകനായ്‌ വന്നതും നീയെന്നറിഞ്ഞു
കൊടുത്തവനും എടുത്തവനും നീയെന്നു കണ്ടു
എന്തൊക്കെ നിധിയറയുണ്ടോ, എല്ലാം സ്വന്തമെന്നു കണ്ടവന്റെ നിറവോടെ,
ആരുടേയും ഒന്നുമിനി മോഷ്ടിക്കാനില്ലാത്തവന്റെ ലാഘവത്തോടെ, കള്ളനിവന്‍ പിന്‍വാങ്ങുന്നു
ഇവന്റെ വഴിയില്‍ പൊരുളുണര്‍ത്താനെത്തിയ പുല്ലിനും തുരുമ്പിനും കൂടി വിനീതപ്രണാമം"

-ചോരശാസ്ത്രം അവസാന പുറം.

പൊരുളുണര്‍ത്തുന്ന കൃതികളുടെ അന്യം നിന്നു പോകുന്ന വംശത്തില്‍ പിറന്ന ഈ പുസ്തകം വായിച്ചിരിക്കേണ്ട ഒന്നാകുന്നു.


  


*1 യസ്മിന്‍ സര്‍വാണി ഭൂതാനി
ആത്മന്യേവാനു പശ്യത
തത്രകഃ മോഹ കഃ ശോക
ഏകത്വമനു പശ്യത -എന്ന ഈശാവാസ്യോപനിഷത്തിലെ വരികള്‍ക്കു്‌ ശ്രീനാരായണ ഗുരുവിന്റെ പരിഭാഷ.

*2 മോഷണത്തിനും ശാസ്ത്രം രചിക്കപ്പെട്ടിട്ടുണ്ടത്രേ. ബ്ലോഗര്‍മാര്‍ക്കാര്‍ക്കെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അറിയാമെങ്കില്‍ കമന്റിലിടുമല്ലോ.

19 Comments:

  • വെറുതെ വായിച്ചാല്‍ പോരാ, പ്രകാശം പരത്തുന്ന വിളക്കുകാലുകള്‍ക്കു താഴെയിരുന്നു വായിക്കണം എന്നു പറയുന്നതു വെറുതെയല്ല. മലയാളത്തില്‍ ‘എങ്ങിനെ വായിക്കണം’ എന്നു പറഞ്ഞുകൊടുക്കുന്നവര്‍ വിരളമാണു്, മിക്കവരും തങ്ങള്‍ വായിച്ചതിനെക്കുറിച്ചു വാതോരാതെ പ്രസംഗിക്കുമെങ്കിലും വായിക്കേണ്ടതെങ്ങിനെയെന്നു പറയുകയില്ല. സിദ്ധാര്‍ത്ഥന്‍ ആ വിടവാണു നികത്തുന്നതു്. ഈ വെളിച്ചത്തില്‍ എനിക്കു് ഒരിക്കല്‍ കൂടി ചോരശാസ്ത്രം വായിക്കേണ്ടിയിരിക്കുന്നു.

    By Blogger രാജ്, at 3:32 PM  

  • പെരിങ്ങോടര്‍ പറഞ്ഞതു തന്നെ. ചോരശാസ്ത്രം എന്തായാലും വായിക്കണം. അതിനു കാരണക്കാരന്‍ സിദ്ധാര്‍ത്ഥന്‍. നന്ദി, നന്ദി, നന്ദി.

    By Blogger myexperimentsandme, at 3:48 PM  

  • ചോരശാസ്ത്രം ഒരിക്കല്‍ കൂടി വായിക്കേണ്ടിയിരിക്കുന്നു.

    By Blogger asdfasdf asfdasdf, at 4:11 PM  

  • നല്ല ലേഖനം...Clinical എന്നു തന്നെ വിശേഷിപ്പിക്കാവുന്ന സമീപനം..
    കുറച്ചു കൂടി കൂടുതല്‍ എഴുതിയിരുന്നെങ്കില്‍ എന്നു തോന്നിപ്പോയി .....

    By Blogger ടി.പി.വിനോദ്, at 4:14 PM  

  • നന്നായി എഴുതിയിരിക്കുന്നു.

    By Blogger Unknown, at 5:54 PM  

  • സിദ്ധാര്‍ത്ഥോ നന്ദി. ഇനിയിപ്പോ ചോരശാസ്ത്രം തപ്പിപ്പിടിക്കണം.

    By Blogger Adithyan, at 6:06 PM  

  • നല്ല വാക്കുകള്‍ക്കു്‌ നന്ദി സുഹൃത്തുക്കളെ. പരിചയമില്ലാത്ത എഴുത്തുകാരെ വായിക്കാന്‍ മുന്‍വിധിയും സമയമില്ലായ്മയും നമ്മെ അനുവദിക്കാറില്ല. അതു കൊണ്ടാണു്‌ ഈ പുസ്തകത്തെപറ്റി ഉറപ്പായും എഴുതണമെന്നു്‌ ഈ പുസ്തകം വായിച്ചപ്പോള്‍ തന്നെ തീരുമാനിച്ചതു്‌. (എന്നിട്ടൊരുമാസത്തിലുമധികമായി കേട്ടൊ;-)വിശദീകരണം അധികമില്ലാത്തതിനു്‌ അതൊരു കാരണമാണു്‌ ലാപുട)

    യൂയേയിക്കാര്‍ക്കാര്‍ക്കെങ്കിലും ഇതു വായിക്കണമെന്നു്‌ തോന്നുകയാണെങ്കില്‍ സാധനം ദേവന്റെ കൈയിലുണ്ടു്‌. ദേവനതുടമസ്ഥനെ ഏല്‍പിച്ചുകഴിഞ്ഞാല്‍ പെരിങ്ങോടനെ പിടികൂടുക. ;-)

    By Blogger സിദ്ധാര്‍ത്ഥന്‍, at 6:18 PM  

  • സിദ്ധാര്‍ത്ഥന്‍,

    നല്ല ലേഖനം.
    ചോരശാസ്ത്രം വായിച്ചില്ല ഇതുവരെ.
    ഇനിയിപ്പൊ എങ്ങനെയെങ്കിലും സംഘടിപ്പിക്കണം.

    By Blogger Unknown, at 7:53 AM  

  • ചോരശാസ്ത്രത്തെയും ജയിംസിനെയും ശ്രദ്ധിക്കണമെന്നു പറയാന്‍ തുടങ്ങിയിട്ടു നാളേറെയായി. സിദ്ധാര്‍ത്ഥന്‍ വരച്ചിട്ടപോലെ സാരാംശം പകര്‍ന്നു കൊടുക്കാന്‍ കഴിയാതിരുന്നതിനാലാവാം അതു പറഞ്ഞപ്പോള്‍ പലരുമെന്നെ സംശയത്തോടെ നോക്കി. സിദ്ധാര്‍ത്ഥാ നന്നായിരിക്കുന്നു.

    തസ്ക്കരവിദ്യാലയം എന്നൊരേര്‍പ്പാട് കേരളത്തില്‍ ഉണ്ടായിരുന്നു എന്നാണെനിക്കും ലഭിച്ച സൂചനകള്‍ (ഇപ്പോഴുള്ള തസ്ക്കരവിദ്യാലയങ്ങള്‍ പോലല്ല). നോവല്‍ വായിച്ചശേഷം ആ നിലയ്ക്കു കുറേ അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഇടയ്ക്കു നിന്നുപോയി. ജയിംസിനെ നേരിട്ടു കണ്ടിരുന്നെങ്കില്‍ ചില സൂചനകള്‍ ലഭിച്ചേനെ. അതിനൊട്ടു സാധിച്ചുമില്ല.

    ചോരശാസ്ത്രം വായിച്ച സ്ഥിതിക്ക് മറ്റൊരു റെക്കമെന്‍ഡേഷന്‍ കൂടി നടത്തിക്കളയാം. ടി. ഡി. രാമകൃഷ്ണന്റെ ആല്‍‌ഫ എന്ന നോവലും സിദ്ധാര്‍ത്ഥന്‍ വായിച്ചിരുന്നെങ്കില്‍ എന്നു ഞാനാശിച്ചുപോകുന്നു. വായിച്ചിട്ടുണ്ടെങ്കില്‍ ഇതുപോലൊരു കുറിപ്പ് അതെക്കുറിച്ചും.

    By Blogger Manjithkaini, at 8:07 AM  

  • താനുദ്ദേശിച്ചതും അതില്‍ കൂടുതലും മനസ്സിലാക്കാന്‍ കഴിയുന്ന വായനക്കാരുണ്ടാകുന്നതാണ് ഒരു എഴുത്തുകാരന്‍റെ ഏറ്റവും വലിയ ഭാഗ്യം.

    സിദ്ധാര്‍ത്ഥാ,താങ്കളുടെ ഉദ്യമം വളരെ നന്നായി.ഇനിയും കാത്തിരിക്കുന്നു.ഇത്തരം പരിചയപ്പെടുത്തലുകള്‍ക്കായി

    By Blogger വല്യമ്മായി, at 8:19 AM  

  • സിദ്ധാര്‍ത്ഥാ, നന്ദി! വളരെ മനോഹരമായി എഴുതിയിരിക്കുന്നു..
    മന്ജിത്ത് ഈ പുസ്തകത്തെ പറ്റി രണ്ടുമാസം മുന്‍പെഴുതിയിരുന്നത് വായിച്ച് ഇതു വാങ്ങാന്‍ ഏര്‍പാടാക്കിയവനാണു ഞാന്‍. ഓണത്തിനു നാട്ടില്‍ പോകുമ്പോള്‍ എടുത്തുകൊണ്ടുവരാം എന്ന നിലക്ക് നാട്ടിലെ അഡ്രസ്സാണ് delivery ക്ക് കൊടുത്തത്. ഓണത്തിന് ലീവ് കിട്ടാത്തതു കാരണം ‘ഓണമിനിയും വരും..’ന്നുള്ള കവിതയും കേട്ട് ഇവിടെ ഇങ്ങനെ ഇരിക്കുന്നു! ഡിസമ്പറില്‍ വായിക്കാം!
    നന്ദി!

    By Blogger Satheesh, at 9:31 AM  

  • സിദ്ധാ,
    നിരൂപഹണം (ക്രെഡിറ്റ്‌ നാണ്വാര്‍ക്ക്‌) നടത്താന്‍ ബൂലോഗത്ത്‌ ആളു തീരെയില്ലാതെ ഇരിക്കുകയായിരുന്നു. ഇപ്പണി നന്നായിട്ടു ചെയ്യാനറിയുന്ന സ്ഥിതിക്ക്‌ ഒരു സ്ഥിരം കോളമോ റോയോ തുടങ്ങരുതോ?

    മഞ്ജിത്ത്‌ ഒരിക്കല്‍ എം വിയില്‍ എഴുതിയാണ്‌ ഞാന്‍ ഈ പുസ്തകത്തെക്കുറിച്ചും ജെയിംസിനെക്കുറിച്ചും കേള്‍ക്കുന്നത്‌. പിന്നെ രാജും പറയുകയുണ്ടായി.

    ( പെരിങ്ങോടന്റെ ചോരയും ആയുസ്സിന്റെ പുസ്തകവും എന്റെ കയ്യിലുണ്ട്‌. ഒരൊറ്റ മണിക്കൂര്‍ ഫ്രീയായി കിട്ടുന്നയന്ന് തിരിച്ചേല്‍പ്പിച്ച്‌ രശീതി കൈപ്പറ്റും.സിഡ്‌, കമന്റ്‌ പോപ്പ്‌ അപ്പ്‌ ആയി വന്നാല്‍ കമന്റാനായി പോപ്പപ്പ്‌ ബ്ലോക്കര്‍ ഓഫണം.)

    By Blogger ദേവന്‍, at 9:36 AM  

  • മകനേ സിദ്ധൂ, ഇത്തവണ നാട്ടില്പോയപ്പോള്‍ കൊണ്ടുവന്ന രണ്ടു പുസ്തകങള്‍ ചോരശാസ്ത്രവും “ഡി” എന്ന നോവലും ആയിരുന്നു. വായിക്കട്ടെ അഭിപ്രായം പറയാം പിന്നീട്‌. “ആനന്ദപ്പാതുവിന്റെ രഹസ്യങള്‍”
    കൂടാതെ കവിതകളായി:
    കനം-പി.രാമന്‍
    മഴക്കാലം -അന്‍‌വര്‍ അലി
    സൌമ്യകാശി-ഡി.വിനയചന്ദ്രന്‍
    കവിതകളെപ്പറ്റി സുനില്‍ കൃഷ്ണന്‍ പറയുന്നതാണു.-സു-

    By Anonymous Anonymous, at 12:19 PM  

  • പിന്നെ പറഞുവരുമ്പോള്‍ ഹെമിങ്വേയ്യുടെ കിഴവനും കടലുമായി ഒരു വിദൂരബന്ധമുണ്ടോ? -സു-

    By Anonymous Anonymous, at 12:23 PM  

  • എഴുതിയിട്ട സംഗതി, പുസ്തകം വായിക്കാന്‍ പലരേയും രണ്ടാമതു വായിക്കാന്‍ ചിലരേയും പ്രേരിപ്പിച്ചതില്‍ ബഹുസന്തോഷം. അതിവിടെ പറഞ്ഞതില്‍ ബഹുത്ത് നന്ദി.

    മന്‍‌ജിത്തു് പറഞ്ഞ നോവല്‍ പെരിങ്ങോടന്റെ പക്കലുണ്ടെന്നാണു് കേള്‍വി. ടിയാന്‍ കനിഞ്ഞാല്‍ വായിച്ചഭിപ്രായം എഴുതാം. (നാലഞ്ചു പുസ്തകങ്ങളുള്ളതു തിരിച്ചേല്‍പ്പിക്കാതെ നീചന്‍ കനിയുമെന്നു തോന്നുന്നില്ല ;))

    പോപ്പിനെ നാടുകടത്തി ദേവാ;-) വേറെ എവിടെയെങ്കിലും പോയി നല്ലകാര്യങ്ങളു ചെയ്തു ജീവിച്ചോളാന്‍ പറഞ്ഞു.

    -സു- കൊണ്ടുവന്നവയില്‍ കൊള്ളാവുന്ന പുസ്തകത്തിന്റെ വിവരം വായനശാലയിലുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു. ഡി-യെ പറ്റി ആരോ കൊള്ളാമെന്നു പറഞ്ഞതായൊരോര്‍മ്മ. കിഴവനും കടലും വായിച്ചിട്ടില്ല. ചോ.ശാ വായിച്ചു കഴിഞ്ഞാല്‍ തീര്‍ച്ചയായും അഭിപ്രായം ഇവിടെ പറയണേ.

    By Blogger സിദ്ധാര്‍ത്ഥന്‍, at 5:26 PM  

  • തിരക്കുകള്‍ക്കിടയില്‍ പുതിയ എഴുത്തുകാരുടെ രചനകള്‍ പലപ്പോഴും വായിക്കാന്‍ സമയം കിട്ടാറില്ല. ചോരശാസ്ത്രത്തെക്കുറിച്ചുള്ള താങ്കളുടെ പോസ്റ്റ്‌ വളരെ നന്നായിരിക്കുന്നു. ഇനിയതു തപ്പിയെടുത്ത്‌ വായിച്ചിട്ട്‌ അഭിപ്രായം പറയാം. ഈയ്യിടെ ശ്രീ ബെന്യാമിന്‍ എന്ന യുവ എഴുത്തുകാരന്റെ റയിന്‍ബോ പ്രസിദ്ധീകരിച്ച "പെണ്മാറാട്ടം" എന്ന ചെറുകഥാ സമാഹാരം വായിക്കാനിടയായി. തീര്‍ച്ചയായും അതിനെക്കുറിച്ചൊരു പോസ്റ്റിടണമെന്ന് താങ്കളൂടെ ഈ വരികള്‍ വായിച്ചപ്പോള്‍ തോന്നുകയാണ്‌. യുവ എഴുത്തുകാര്‍ക്ക്‌ പലപ്പോളും മീഡിയാ കവറേജില്ലാത്തതിനാല്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടുവാന്‍ കഴിയുന്നില്ല എന്ന താണ്‌ സത്യം.

    By Blogger paarppidam, at 12:38 PM  

  • സിദ്ധര്‍ത്ഥേട്ടാ,
    ഇതു വളരെ നന്നായി. പണ്ടെന്നോട് മന്‍ജിത്ത് ജി ആണെന്ന് തോന്നണു, പറഞ്ഞപ്പൊ ഞാന്‍ കരുതി, ഏ കള്ളന്‍ മോട്ടിക്കണതിനേക്കുറിച്ച് എന്താ ഇത്ര വായിക്കാന്‍ എന്ന്? ഞാന്‍ കരുതി എന്തോ തമാശാ പുസ്തകമാണെന്ന്.
    ഇതിനി ഉറപ്പായിട്ടും വായിച്ചില്ലെങ്കില്‍ എനിക്ക് ശ്വാസം മുട്ടും. നല്ല നിരൂപണം ഹൈ. ഇനിയും ഇങ്ങിനെ ഒരോന്ന് എഴുതൊ?

    By Anonymous Anonymous, at 9:19 AM  

  • എന്നെ ചോരശാസ്ത്രം വാങ്ങിപ്പിക്കാനും വായിപ്പിക്കാനും പ്രേരിപ്പിച്ച സിദ്ധാര്‍ത്ഥാ, നന്ദിഹി, നന്ദിഹി, നന്ദിഹി (കഴിഞ്ഞതിന്റെ മുന്നിലത്തിന്റെ മുന്നിലത്തെതിന്റെ മുന്നിലത്തെ തവണ നാട്ടില്‍ പോയപ്പോള്‍ തന്നെ സംഭവം വാങ്ങിച്ചിരുന്നു. ഇപ്പോഴെങ്കിലും നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടൂ)

    By Blogger myexperimentsandme, at 9:01 PM  

  • ചോരശാസ്ത്രം ഈയിടെയാണ് വായിച്ചത്..അതിനു തൊട്ടു തന്നെ വി ജെ ജെയിംസ്‌ നെ പരിചയപ്പെടാനുമായി..ജാഡ തൊട്ടു തീണ്ടിയിട്ടില്ലാത്ത നല്ല മനുഷ്യന്‍..തിരുവനന്തപുരത്ത് വച്ച് നടന്ന ബ്ലോഗ്‌ മീറ്റില്‍ അദ്ദേഹവും എത്തി..സിദ്ധാര്‍ഥന്റെ വായന എന്റെ വായനക്ക് സമമായത്തില്‍ സന്തോഷം

    By Blogger അൻവർ തഴവാ, at 7:44 PM  

Post a Comment

<< Home