വായനയ്ക്കിടയില്‍...

Tuesday, January 31, 2006

സ്വപ്നം ചിലർക്കു്.........

പുറം 24.
സ്വപ്നത്തിൽ കാണുന്ന വസ്തുക്കൾ ജാഗരിതത്തിൽ കാണാത്തതു കൊണ്ട് അവാസ്തവം എന്നു പറയുകയാണെങ്കിൽ ജാഗരിതത്തിൽ കാണുന്നതു സ്വപ്നത്തിൽ കാണാത്തതു കൊണ്ടു് അതും അവാസ്തവം എന്നു പറയേണ്ടിവരും - ഗൌതമന്റെ ന്യായസൂത്രം

പുറം 70
ശങ്കരാചര്യരുടെ ഗുരുവായ ഗോവിന്ദാചാര്യരുടെ ഗുരുവായിരുന്ന ഗൌഡപാദാചാര്യർ വൈതഥ്യപ്രകരണത്തിൽ അഞ്ചാമത്തെ കാരികയിൽ പറയുന്നു – “ പ്രസിദ്ധമായ കാരണങ്ങൾ കൊണ്ടു തന്നെ കാണപ്പെടുന്ന ഭാവങ്ങൾക്കു സാമ്യമുള്ളതു കൊണ്ട് സ്വപ്നവും ജാഗരിതവും ഒരു പോലെയാണെന്ന് വിദ്വാന്മാർ പറയുന്നു“.
എന്നാൽ സ്വപ്നത്തിലെ ഭാവങ്ങളെക്കൊണ്ടു് പ്രയോജനമില്ലല്ലോ എന്നു പറയുകയാണെങ്കിൽ ജാഗരിതത്തിലെ ഭാവങ്ങളെക്കൊണ്ട് സ്വപ്നത്തിലും പ്രയോജനമില്ല എന്നു പറയാമല്ലോ. ആദ്യന്തവത്ത്വം രണ്ടിലും തുല്യമായതു കൊണ്ട് സ്വപ്ന വസ്തുക്കളെപ്പോലെ ജാഗരിത വസ്തുക്കളും അയഥാർത്ഥങ്ങൾ തന്നെയാണെന്ന് പറയപ്പെടുന്നു. എന്നു മാത്രമല്ല സ്വപ്നാനുഭവം തികച്ചും നിഷ്പ്രയോജനമെന്നു പറഞ്ഞു കൂടാ. സ്വപ്നത്തിൽ സ്ത്രീയോ പുരുഷനോ കമിതാവുമായി ക്രീഡിക്കുന്നതായി സ്വപ്നം കാണുമ്പോൾ സഹശയനം നടത്താതെ തന്നെ രതിമൂർച്ഛയുണ്ടാവാറുണ്ടല്ലോ. ദാഹിക്കുമ്പോൾ വെള്ളം കുടിക്കുന്നതായി കാണുന്ന സ്വപ്നത്തിനു ദാഹ നിവൃത്തി ഉണ്ടാക്കാ‍ൻ കഴിയുന്നുണ്ടല്ലൊ. സ്വപ്നത്തിൽ നിന്നും ഉണരുമ്പോൾ അനുഭവം മറഞ്ഞു പോകുന്നെങ്കിൽ ജാഗരിതത്തിൽ നിന്നും ബോധഗതി മാറി വരുമ്പോൾ ജാഗരിതത്തിൽ കണ്ട പ്രയോജനവും ഇല്ലതാകുന്നു.

പുറം 73
“സ്വപ്നത്തിൽ മനസ്സിൽ സങ്കല്പിക്കുന്നതും കാലം കൊണ്ടു മാത്രം പരിച്ഛേദിക്കപ്പെടുന്നവയും, ജാഗരിതത്തിൽ രണ്ടുവസ്തുക്കളുടെ അന്യോന്യതാരതമ്യം കൊണ്ടുകൂടി കാലം പരിച്ഛേദിക്കപ്പെടുന്നവയുമായ വസ്തുക്കളെല്ലാം കല്പിതങ്ങളാണു്. കല്പനയിലുള്ള വ്യത്യാസമല്ലാതെ അവയ്ക്കു മറ്റു വിശേഷമൊന്നുമില്ല“. ഗൌഡപാദന്റെ ഈ ആശയത്തിനു മൃഢാനന്ദസ്വാമികളുടെ കുറിപ്പിങ്ങനെയാണു്.
-സ്വപ്നദൃശ്യങ്ങളും ജാഗരിതദൃശ്യങ്ങളും തുല്യങ്ങളാണെന്നതിനു മറ്റൊരു ആക്ഷേപവും കൂടിയുണ്ടു്. സ്വപ്നത്തിലെ ദൃശ്യങ്ങളെല്ലാം നാം സങ്കല്പിക്കുന്ന സമയത്തു മാത്രമേയുള്ളൂ. സങ്കല്പം വിടുമ്പോൾ ആ വസ്തുക്കളും ഇല്ലാതാകുന്നു. എന്നാൽ ജാഗരിതത്തിലെ ദൃശ്യങ്ങൾ നാം സങ്കല്പിക്കുന്നതിനു മുൻപും പിൻപും നിലനിൽക്കുന്നുണ്ടു്. വസ്തുക്കളെ അന്യോന്യം താരതമ്യപ്പെടുത്തി അവയുടെ സത്ത്വത്വം അറിയുകയും ചെയ്യാം. ‘ പശുവിനെ കറക്കുന്നിടത്തോളം സമയം അവൻ അവിടെ ഇരിക്കുന്നു ‘ എന്നു പറയുമ്പോൾ പശുവിനെ കറക്കുന്നതിന്റേയും അവൻ ഇരിക്കുന്നതിന്റേയും സമയത്തെ അന്യോന്യം പരിച്ഛേദിക്കുകയാണു ചെയ്യുന്നത്. ജാഗരിതത്തിലുള്ള വസ്തുക്കളെല്ലാം ഇങ്ങനെ ദ്വയകാലമുളവാക്കുന്നു. ഒരാളുടെ സങ്കല്പത്തെ ആശ്രയിക്കാതെ തന്നെ അവ നിലനിൽക്കുന്നതായി നമുക്കനുഭവമാകുന്നു. അതുകൊണ്ടു് സ്വപ്നത്തിലേയും ജാഗരിതത്തിലേയും ഭാവങ്ങൾ ഒരു പോലെയാണെന്നു പറയുന്നതു ശരിയല്ല എന്നാണു ആക്ഷേപം.
എന്നാൽ സൂക്ഷ്മപരിശോധനയിൽ ഇവയെല്ലാം ഒരുപോലെ മനസ്സിന്റെ ഭാവനയാണെന്നു കാണാം ഭൂതം ഭാവി വർത്തമാനം എന്ന കാലഗണനയും മനസ്സിന്റെ ഭാവനയല്ലാതെ മറ്റൊന്നുമല്ല. സ്വപ്നത്തിൽ ഒരാൾ മാത്രമാണു ഭാവന ചെയ്യുന്നതു് ജാഗരിതത്തിൽ പലരും ഒരു പോലെ ഭാവന ചെയ്യുന്നു എന്ന വ്യത്യാസമേയുള്ളൂ. സ്വപ്നത്തിൽ നാം വളരെക്കാലം കൊണ്ടു നടന്ന പല സംഭവങ്ങളേയും കാണുന്നു. ജാഗരിതത്തിൽ ആ കാലദൈർഘ്യം മിഥ്യയായി നമുക്കു തൊന്നുന്നു. ഇതു പോലെയാണു് ജാഗരിതത്തിൽ ദീർഘമായി തോന്നുന്ന കാലവും. സന്തോഷം വരുമ്പോൾ സമയം വേഗം കഴിഞ്ഞു പോകുന്നതായും ദു:ഖത്തിൽ സമയം നീണ്ടുനിൽക്കുന്നതായും നമുക്കു തോന്നാറുണ്ടു്. ലോകത്തിലെ വസ്തുക്കൾ നിലനിൽക്കുന്നു എന്ന മനസ്സിന്റെ ഭാവനയല്ലാതെ മറ്റൊന്നല്ല. ഭാവനാജന്യങ്ങളും ദൃശ്യങ്ങളുമാണെന്ന നിലയിൽ സ്വപ്നത്തിലേയും ജാഗരിതത്തിലേയും ഭാ‍വങ്ങൾ തമ്മിൽ യാതൊരു വ്യത്യാസവുമില്ല.

ഗ്രന്ഥം :സ്വപ്നം
ഗുരു നിത്യചൈതന്യയതി.
പാശ്ചാത്യവും പൌരസ്ത്യവുമായ വീക്ഷണങ്ങളെ അവധാനപൂർവ്വം പരിശോധിക്കുന്ന ഈ പുസ്തകം സ്വപ്നത്തെ പറ്റി പഠിക്കാനാഗ്രഹിക്കുന്നവർക്കൊരമൂല്യഗ്രന്ഥമാകുന്നു.
Printed and published by nalappat books.

5 Comments:

 • സിദ്ധാര്‍ത്ഥാ,
  ആദ്യം കണ്ടപ്പോഴേ പറയാന്‍ തുടങ്ങിയതാ..
  ജാഗരിതമില്ലാതെ സ്വപ്നത്തിനു നിലനില്‍പ്പില്ല, സ്വപ്നമില്ലാതെ ജാഗരിതത്തിനു നിലനില്‍പ്പുണ്ടെന്നാണ് മനസ്സിലാക്കുന്നത്..

  പുതിയ പോസ്റ്റൊന്നും കണ്ടില്ല ?

  By Blogger nalan::നളന്‍, at 9:33 PM  

 • ഇത്തരം സംശയങ്ങളൊന്നും പിന്നേക്കു വക്കരുതു് നളാ അപ്പപ്പോ ചോദിച്ചോണം.

  ആദ്യമൊരു കാര്യം പറയട്ടെ, സ്വപ്നമെന്നാലെന്തെന്നതിലുപരി, ജീവിതമെന്നാലെന്തെന്നു് പറയാനാണു് ഈ സ്വപ്ന പഠനം ഇവിടെ ഉദ്ധരിക്കപ്പെട്ടതു്. ഇനി നിലനില്പിനെ പറ്റി. അതു മനസ്സിലാക്കാൻ ഞാനൊരു വഴി പറഞ്ഞു തരാം.

  സ്വപ്നവും ജാഗരിതവും ചേർത്തുവച്ചു് മനസ്സിലാക്കേണ്ടതാണു്. ജാഗരിതത്തിലെത്തുമ്പോളാണു് നാം സ്വപ്നത്തെ തിരിച്ചറിയുന്നതെന്നതു കൊണ്ടാണു് ജാഗരിതമില്ലാതെ സ്വപ്നത്തിനു് നിലനിൽപ്പില്ലെന്നു പറയപ്പെടുന്നതു്. എന്നാൽ സ്വപ്നത്തെ സത്യമായും ജാഗരിതത്തെ ഇടയ്ക്കിടയ്ക്കു വന്നു പോകുന്നതായും ആലോചിച്ചു നോക്കുക. മരണം എന്ന പ്രക്രിയ കഴിഞ്ഞാലും സ്വപ്നത്തിനു നിലനിൽപ്പുണ്ടായാലോ എന്നു കൂടി ചിന്തിക്കുമ്പോൾ, സ്വപ്നത്തിനു് ജാഗരിതം കൂടാതെ നിലനിൽക്കുവാനുള്ള സാധ്യത തെളിയും

  By Blogger സിദ്ധാര്‍ത്ഥന്‍, at 11:51 PM  

 • സിദ്ധാര്‍ഥന്‍ ചേട്ടാ, സ്വപനത്തിന്റേയും ജാഗരത്തിന്റേയും ഉദാഹരണങ്ങള്‍ യതി കുറേയിടത്ത് ഉപയോഗിച്ചിരുന്നത് ശ്രദ്ധിച്ചിരുന്നു. പ്രത്യേകിച്ചും ഭാരതീയ മനശാസ്ത്രം വിഷയമാക്കുന്നിടത്ത്. ഒരു ഹൈപ്പൊതെസിസ് എന്ന നിലയ്ക്ക് ബുദ്ധന്‍ പറഞ്ഞതും ഇതും വിശ്വസിക്കമെങ്കിലും ഒരു തിയറി ആക്കാന്‍ ശ്രമിക്കുമ്പോള്‍ നളന്‍ പറഞ്ഞത് പോലെ ഉയര്‍ന്ന് വരുന്ന ചോദ്യങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനമായി തോന്നിയത്,
  1. ജാഗരവുമായി താരതമ്യം ചെയ്യുമ്പോല്‍ സ്വപ്നത്തിന്റെ സമയം തുലോം കുറവാണ്. (ജീവിതം എന്തെന്ന് പടിപ്പിക്കാനണെങ്കില്‍ ഇതു വൈരുദ്ധാത്മകം ആകും)
  2. ഏതു നിമിഷം വേണമെങ്കിലും നമുക്ക് ഉറക്കത്തില്‍ നിന്നും (സ്വപ്നത്തില്‍ നിന്നും) ജാഗരത്തിലെയ്ക്ക് വരാം) എന്നാല്‍ നമ്മുക്ക് തോന്നുന്ന നേരത്ത് സ്വപ്നം വരുന്നില്ല.
  3. സ്വപ്നത്തിന്റെ സ്ഥിരതയില്ലായ്മ. ഇന്നു കണ്ട സ്വപ്നം ജീവിതത്തിലൊരിക്കലും പിന്നെ കണ്ടെന്ന് വരില്ല. (ഇതിനൊരു ഉത്തരം ഞാന്‍ കണ്ട് വച്ചീട്ടുണ്ട്. എന്നാലും അത്ര സാറ്റിസ്ഫക്ടി അല്ല.)

  By Blogger ഡാലി, at 5:26 PM  

 • ഡാലിയേ,
  വൈരുദ്ധ്യാത്മകം എന്ന വാക്കു് ആംഗലേയത്തിലെ ഡയലറ്റിക്സ് എന്ന പദത്തിന്റെ അര്‍ത്ഥത്തിലായിരിക്കുമല്ലോ പ്രയോഗിച്ചിട്ടുള്ളതു്. ചില കാര്യങ്ങള്‍ പഠിക്കാന്‍ ഈ ഒരു പദ്ധതി വളരെ സഹായകരമാണു്. ഭാര്യ എന്ന പദം മനസ്സിലാക്കണമെങ്കില്‍ ഭര്‍ത്താവു് എന്ന പദത്തെയും ഒരേ സമയം മനസ്സിലാക്കിയേ പറ്റൂ. സ്വപ്നത്തെ പറ്റി പഠിക്കാനും ഈ വിദ്യതന്നെ ആണുപയോഗിക്കുന്നതു്.

  1) ജാഗരത്തില്‍ സമയം കൂടുതലുണ്ടെന്നുള്ളതു് ജാഗരത്തിലിരിക്കുമ്പോള്‍ ഉള്ള അനുഭവമാണു്. സ്വപ്നത്തില്‍ മറിച്ചും അനുഭവപ്പെടും. ജാഗരിതത്തിലെ സമയം തന്നെ പലപ്പോഴും കൂടുതലോ കുറവോ ആയി നമുക്കനുഭവപ്പെടുന്നതിനുദാഹരണങ്ങള്‍ പോസ്റ്റില്‍ വായിക്കാം.

  2) നമുക്കു തോന്നുന്ന നേരത്തു് ജാഗരിതത്തിലേക്കു് വരാം എന്നതബദ്ധം ആണു്. അതിനു കഴിയുകയില്ല.

  3)ജീവിതത്തില്‍ പിന്നീടൊരിക്കലും കാണാത്തവ ഇതു വരെ ഉണ്ടായിട്ടില്ലേ? തുടര്‍ച്ച ആണു വിവക്ഷയെങ്കില്‍ പലസ്വപ്നങ്ങള്‍ക്കും തുടര്‍ച്ചയുണ്ടു്. സ്വപ്നത്തില്‍ നമ്മള്‍ ഒരിക്കലും പെറ്റു വീണ കുഞ്ഞിനെപ്പോലെയല്ലല്ലോ പെരുമാറുന്നതു്. നമ്മള്‍ കോളേജിലോ സ്ക്കൂളിലോ പോകുന്നതായും ജോലിയില്‍ പിശകുവരുന്നതായും ഇസ്രയേലിലുള്ളതായും ഒക്കെ സ്വപ്നങ്ങള്‍ കണ്ടിട്ടില്ലേ? ഇതു തുടര്‍ച്ച തന്നെയാണു്. ഒരു സ്വപ്നത്തിന്റെ തുടര്‍ച്ചയായിട്ടും സ്വപ്നങ്ങള്‍ നമ്മള്‍ കാണാറുണ്ടു്. കാണുന്ന സ്വപ്നങ്ങളില്‍ പലതും നമ്മള്‍ ഓര്‍ക്കാറില്ലെന്നു മാത്രം. ഇതു പോലെ ജീവിതത്തിലെ കാര്യങ്ങളും നമ്മള്‍ സ്വപനത്തിലോര്‍ക്കാറില്ല. ഞാന്‍ ഈയിടെ ഷര്‍ട്ടിടാന്‍ ‍ മറന്നു് സ്ക്കൂളില്‍ പോയതായി സ്വപ്നം കണ്ടു.

  By Blogger സിദ്ധാര്‍ത്ഥന്‍, at 11:18 AM  

 • ഡാ..യതിയെ QUOT ചെയ്ത നീ എന്താ ഫ്രൊയിഡിനെ ഉദ്ധരിക്കാത്തത്?നിന്റെ ഉദ്ധാരണശേഷി നഷ്റ്റപ്പെട്ടോ??
  സ്വപ്നങ്ങളെ പറ്റി പറയാന്‍ യതിയെ quotചെയ്യേണ്ട ആവശ്യം ഒന്നും ഇല്ല.. ഭഗവദ്ഗീതയും ആയുര്‍വേദത്തിലെ മാനസമിത്ര ശാഖയും വേണ്ട...
  എം.ബി.ബി.എസിനു പഠിയ്കുന്ന് പില്ലേരുടെ ന്യൂറോളജി പുസ്തകം മതി...A TEXT BOOK ON NEUROLOGY-WRITTEN BY K.KURMI

  By Blogger ചൊവന്നതാടി, at 1:59 PM  

Post a Comment

Links to this post:

Create a Link

<< Home