വായനയ്ക്കിടയില്‍...

Tuesday, December 26, 2006

യോഗം എന്ന സഹജാവസ്ഥ

ദൈവവും ഭക്തനും തമ്മിലുള്ള ബന്ധം രണ്ടു രീതിയിലാണുള്ളതെന്നു് അറിവുള്ളവര്‍ പറയുന്നു. അതിലൊന്നത്രേ മാര്‍ജ്ജാരകിശോരന്യായം . എന്നു വച്ചാല്‍ പൂച്ച തന്റെ കുഞ്ഞിനെ എപ്രകാരമാണോ കടിച്ചു പിടിക്കുന്നതു് അപ്രകാരം ഭഗവാന്‍ ഭക്തനെ സംരക്ഷിച്ചിരിക്കുന്നുവെന്ന അറിവില്‍ ഭക്തന്‍ സ്വസ്ഥമായി ഭഗവാന്റെ കൈകളില്‍ അഭയം പ്രാപിച്ചു കിടക്കുമത്രേ.

ഇനി പൂച്ചയെപറ്റി കേട്ട മറ്റൊരു കാര്യം പറയാം. തന്റെ കുഞ്ഞുങ്ങളില്‍ ഭാവിയില്‍ ശേഷിക്കാന്‍ കഷ്ടപ്പെടും എന്നു തോന്നുന്നവയെ ഈ സാധ്വി തിന്നുകളയുമത്രേ. നാളെ ഇവന്‍ ആപ്പീസില്‍ പോയി സമ്പാദിച്ചു് നമുക്കുള്ള റേഷന്‍‌വാങ്ങിക്കൊണ്ടുവരാന്‍ കെല്പില്ലാത്തവനാണെന്നോര്‍ത്തല്ല അവളപ്രകാരം ചെയ്യുന്നതു്, മറിച്ചു് ജന്തുസഹജമായ വാസന, അല്ലെങ്കില്‍ പരമകാരുണികന്‍ അവളില്‍ നിക്ഷേപിച്ചു വച്ചിരിക്കുന്ന വ്യവസ്ഥ, കൊണ്ടാണെന്നതില്‍ സംശയമേതുമില്ല.

സ്വന്തം കുഞ്ഞിനെ തെല്ലും വേദനിപ്പിക്കാതെ, ഒരു കുഞ്ഞുപോലുമറിയാതെ കടിച്ചുതൂക്കി കാതങ്ങള്‍ നടന്നെത്തിക്കാനുള്ള സംവിധാനം ഒരുക്കിവച്ച തമ്പുരാന്‍ തന്നെയാണിതും വ്യവസ്ഥചെയ്തുവച്ചിരിക്കുന്നതു്. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ രണ്ടും ചെയ്യിക്കുന്നതു് അമ്മയിലുള്ള ജന്തു സഹജമായ വാസന തന്നെയത്രേ.

എന്നാലിങ്ങനെയൊരവസരത്തില്‍ മനുഷ്യന്‍ ചെയ്യുന്നതെന്താ‍ണെന്നുശ്രദ്ധിച്ചിട്ടുണ്ടോ?

എനിക്കുപരിചയമുള്ള പല അമ്മമാരും അവരുടെ ദുര്‍ബലനായ കുഞ്ഞിനെ മറ്റുള്ളവര്‍ക്കുള്ളതിലും കൂടുതല്‍ ശ്രദ്ധകൊടുത്തു് വളര്‍ത്തുന്നു. വഴക്കുകൂടുമ്പോള്‍ ദുര്‍ബലന്റെ പക്ഷം ചേരുന്നു.
സമൂഹത്തില്‍ ദുര്‍ബലന്റെ പക്ഷം ചേരാന്‍ ആളുകളുത്സാഹിക്കുന്നു. മദര്‍തെരേസയെ നമ്മള്‍ സ്നേഹിക്കുന്നു.റ്റെറ്റ്സുകോ കുറയോനഗി എന്ന വനിതയെഴുതിയ ടോട്ടോ ചാന്‍ എന്ന ആത്മകഥാപരമായ കൃതിയില്‍ താന്‍ പഠിച്ച വിദ്യാലയത്തിലെ കായികമത്സരങ്ങള്‍ കൂട്ടത്തിലുള്ള ഒരേയൊരു വികലാംഗനു ജയിക്കാന്‍ സാധ്യമായ രീതിയില്‍ തയ്യാറാക്കിയതായിരുന്നെന്നു പറയുന്നു. ഇത്രയും വായിക്കുമ്പോള്‍ തന്നെ കാരുണ്യജന്യമായ ഒരു സന്തോഷം നമ്മില്‍ നിറയുന്നതായി അനുഭവപ്പെടുന്നില്ലേ? ആ സന്തോഷത്തിനുവേണ്ടി ജീവിക്കാന്‍ തോന്നുന്നില്ലേ? ഇതാണു് മനുഷ്യസഹജമായ വാസന. പരമകാരുണികന്‍ മനുഷ്യസമൂഹത്തിന്റെ നന്മയ്ക്കായി നമ്മില്‍ സംരചിച്ചുവച്ച വ്യവസ്ഥ.

ഈ വാസനയെ ശ്രീനാരായണഗുരുവിന്റെ ആത്മോപദേശശതകത്തിലെ ഒരു ശ്ലോകത്തിനെ ആസ്പദമാക്കി വിവരിക്കുന്ന ഗുരു നിത്യചൈതന്യയതിയുടെ ഒരു ലേഖനം “യോഗം ഒരു സഹജാവസ്ഥ” എന്ന പുസ്തകത്തില്‍ സമാഹരിച്ചു വച്ചിരിക്കുന്നു.

ഒന്നിച്ചു കുന്നു കയറുന്ന കുറച്ചാളുകളിലേക്കു് ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണു് ഗുരു ലേഖനം തുടങ്ങുന്നതു്. അവരിലൊരാളുടെ ഹൃദയസ്പന്ദനത്തിനുണ്ടാകുന്ന ആവൃത്തിവ്യത്യാസം അയാളില്‍ അസ്വസ്ഥതയുണ്ടാക്കുമ്പോള്‍ കൂടെയുള്ളവരിലും അതു് പടരുന്നു. എല്ലാവരുടേയും ഉത്സാഹം കുറയുന്നു. ഇവിടെ ഒരാള്‍ക്കു് അപ്രിയമായതു് സംഭവിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കുമപ്രകാരം തന്നെ സംഭവിക്കുന്നു. ഉടനേ ഓരോരുത്തരും ഓരോ രീതികളില്‍ പ്രവര്‍ത്തിക്കുന്നു. തളര്‍ന്നുകിടക്കുന്നവനെ മടിയിലെടുത്തു് ആശ്വാസം പകരാന്‍ ഒരാള്‍ ശ്രമിക്കുന്നു. ചായപകരാനൊരാള്‍. വണ്ടികിട്ടുന്നിടം വരെ പോകാനൊരാളൊരുങ്ങുന്നു. അങ്ങനെ ഒരാള്‍ക്കു് ഹിതം ചെയ്തു കൊടുക്കുന്നതു് മറ്റൊരാള്‍ക്കു് പ്രിയമായി തീര്‍ന്നിരിക്കുന്നതു് ചൂണ്ടിക്കാണിച്ചു് ഗുരു “പ്രിയമപരന്റെയതെന്‍പ്രിയം” എന്നു പറയുന്നു.

അപ്പോള്‍ സ്വയം ഹിതമായ കാര്യമെന്താണു്? അതു് മറ്റുള്ളവരുടെ പ്രിയം തന്നെയാകുന്നു “സ്വകീയപ്രിയമപരപ്രിയം”.

“മനുഷ്യവര്‍ഗ്ഗത്തില്‍ ആകവേകാണുന്ന, ഞൊടിയിടയില്‍ സമഷ്ടിയുടെ നന്മയ്ക്കായ് കൊതിക്കുന്നു, എന്നതിനെ നാരായണഗുരു സര്‍വസാധാരണമായി കാണുന്നു. ദാര്‍ശനികമായ ഒരു തത്വത്തെ മുന്നില്‍ വച്ചുകൊണ്ടു് എല്ലാവരേയും സ്നേഹിക്കണം. അതുകൊണ്ടു് ഹൃദ്രോഗം വന്നവനെ ഞാനും സ്നേഹിക്കണം എന്നു ചിന്തിക്കുന്നതു് യാന്ത്രികമാണു്. സഹജമല്ല.
ആര്‍ത്തനെ കണ്ടു് ശ്രദ്ധയില്ലാതെ പോകുന്ന പരീശന്റേയും പുരോഹിതന്റേയും ഉപേക്ഷയേക്കാള്‍ മോശമാണതു്”

(പേജ് 61)
ഇതു ധര്‍മ്മശാസ്ത്രങ്ങള്‍ നിഷ്കര്‍ഷിക്കുന്നതുകൊണ്ടല്ല മറിച്ചു് സഹജമായ ഒരു വാസനയാണെന്നതുകൊണ്ടു് ചെയ്യണം. ഇതാണു് രീതി, ഇപ്രകാരമാകും നയം എന്നതുകൊണ്ടു് ചെയ്യണം.

ചുരുക്കത്തില്‍ നരനു നന്മ നല്‍കുന്ന ക്രിയ മറ്റൊരുവനു് പ്രിയഹേതുവായ ക്രിയ തന്നെയാകുന്നു.

ആ‍കയാല്‍,
പ്രിയമപരന്റെയതെന്‍ പ്രിയം സ്വകീയ
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ, നരന്നു നന്മനല്‍കും
ക്രിയയപരപ്രിയ ഹേതുവായ് വരേണം
(ആ.ശ.22)

മറിച്ചാകുന്നതു് ഈ നയത്തിനു വിരുദ്ധമായതുകൊണ്ടാണു് തന്റെ അയല്‍ക്കാരനെ സ്നേഹിക്കുവാന്‍ ക്രിസ്തു ആവശ്യപ്പെടുന്നതു്. തന്നെ സ്നേഹിക്കുന്നതും അയല്‍ക്കാരനെ സ്നേഹിക്കുന്നതും നയത്തില്‍ വ്യത്യാസമുള്ളതല്ല. അതുകൊണ്ടു് വചനത്തില്‍ ‘തന്നെ പോലെ’ എന്നുകൂടെ ചേര്‍ത്തിരിക്കുന്നു. നയത്തിനുയോജിച്ചകാര്യങ്ങള്‍ നിഷ്ക്കര്‍ഷിച്ചുവച്ച്, അവ ധിക്കരിക്കുന്നവരെ, ഇതേ നയത്തിന്റെ ഉപഭോക്താവായിരിക്കേ നന്ദികേടു കാണിക്കുന്നവരുടെ കൂട്ടത്തില്‍പെടുത്തുന്നു മുഹമ്മദ് നബി. ‘ശുകറി‘ന്റെ വിപരീതാര്‍ഥമാണു് ‘കുഫ്‌‌റി’നു്*. നന്ദികേടു കാണിക്കുന്നവന്‍ കാഫിര്‍ ആകുന്നു.

അപ്പോള്‍ യഥാര്‍ഥത്തില്‍ പാപം അതാകുന്നതു് നമ്മുടെ സഹജാവസ്ഥയ്ക്കതെതിരെന്നതുകൊണ്ടത്രേ. അല്ലാതെ, അവയ്ക്കുള്ള ശിക്ഷയായി നമ്മെ കാത്തിരിക്കുന്ന പരശ്ശതം സൂര്യന്മാരുടെ ചൂടോടു കൂടിയ അഗ്നികുണ്ഡങ്ങള്‍ മൂലമല്ല.

----x-----

ബൂലോകത്തില്‍ ഈയിടെയായി ചര്‍ച്ച ചെയ്യപ്പെടുന്ന യോഗം, യോഗ എന്ന യോജിക്കലും സഹജമായ ഒരു അവസ്ഥയാണെന്നു പറയുന്നു ഗുരു ഇതേ പുസ്തകത്തിലെ മറ്റൊരു ലേഖനത്തില്‍.

ഇരുപത്തിനാലു മണിക്കൂറില്‍ ഒരു അഞ്ചാറുമിനിറ്റെങ്കിലും ‘ഇതു്’ എന്തെന്നും ‘ഞാന്‍’ ആരെന്നും ചോദിക്കാതെ തന്നില്‍ത്തന്നെ പൂര്‍ണ്ണമായി ലയിച്ചുകഴിയുന്ന സമയം എല്ലാവരിലുമുണ്ടു്. യോഗാരൂഢത്വം എന്നൊന്നുണ്ടെങ്കില്‍ ആ സ്ഥിതിയെ പ്രാപിച്ചവരെല്ലാം യോഗാരൂഢന്മാരാണു്.

അതിനൊരു പേരു കൊടുക്കാനോ യോഗത്തിന്റെ പേരില്‍ ഉണ്ടാക്കിയ സ്ഥാപനങ്ങളില്‍ അതു പഠിപ്പിച്ചു കൊടുക്കുവാനോ ആര്‍ക്കും ഒക്കുകയില്ല.

ആ അവസ്ഥയില്‍ നിന്നും ഉണര്‍ന്നു് പിന്നെയും ജാഗരിതാവസ്ഥയില്‍ വന്നാല്‍ ഉടന്‍ ചോദ്യങ്ങളായി. എന്തേ എന്റെമനസ്സിങ്ങനെ? ഒരു തെരുവുനായയെപ്പോലെ ഓടുകയും കുരയ്ക്കുകയും ചെയ്യുന്ന എന്റെ മനസ്സിനെ എങ്ങനെ അടക്കാം? എനിക്കു് ഏകാഗ്രത എങ്ങനെ കിട്ടും? മനസ്സിങ്ങനെ ഓടിനടക്കാന്‍ അതിനു കൈയോ കാലോ ഉണ്ടൊ? ഏകാഗ്രത എന്നുപറഞ്ഞാല്‍ എന്തു്? അതെവിടെയെങ്കിലും ഇരിക്കുകയാണോ പോയി കണ്ടെത്താന്‍?

ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. ലോകത്തില്‍ സ്ക്കൂളുകളും കോളെജുകളും ഉള്ളതുപോലെ അതിനൊക്കെ സമാന്തരമായ ഒരു പ്രചരണസംഘവുമുണ്ടു്. അതു് കേട്ടുകേള്‍വികളെ ശേഖരിച്ചു കേള്‍ക്കാത്തവര്‍ക്കു പറഞ്ഞുകൊടുക്കുന്ന കേട്ടുകേള്‍വി സംഘത്തിന്റേതാണു്. അങ്ങനെ നടന്നു് ജനങ്ങള്‍ക്കു് രോഗമുക്തി ഉണ്ടാക്കാന്‍ ശ്രമിക്കുന്ന വൈദ്യന്മാരോടു് യേശു ഒരിക്കല്‍ പറഞ്ഞു. “ ഹേ വൈദ്യാ, ആദ്യം നീ നിന്നെ തന്നെ ചികിത്സിച്ചു ഭേദമാക്കുക. അന്യന്റെ കണ്ണിലെ കരടിനെ എടുക്കുവാന്‍ ശ്രമിക്കുന്നവനേ, നിന്റെ കണ്ണിലെ കോലുകള്‍ ആദ്യം എടുക്കുക.” യേശു തുടര്‍ന്നു പറഞ്ഞു. “ മറ്റുള്ളവരുടെ വിശ്വാസം മാറ്റാന്‍ ഓടി നടക്കുന്ന നിങ്ങള്‍ മറ്റുള്ളവരെ നിങ്ങളെക്കാള്‍ ബുദ്ധിഹീനന്മാരാക്കുന്നു”.

അതുപോലെ യോഗികളാകാനും യോഗാരൂഢത്വം നല്‍കാനും ശ്രമിക്കുന്നവരോടു് നിങ്ങള്‍ പറയേണ്ടുന്നതു്, ‘ നിങ്ങള്‍ കണ്ണടച്ചുകൊണ്ടു് ലോകത്തെ നോക്കാതെ കണ്ണുതുറന്നു മുന്നില്‍ കാണുന്ന ഈ മരങ്ങളെ മരങ്ങളായും മേഘങ്ങളെ മേഘങ്ങളായും ആകാശത്തെ ആകാശമായും മനുഷ്യനെ മനുഷ്യനായും കണ്ടു സന്തോഷിക്കുവിന്‍. നിങ്ങള്‍ യോഗികള്‍ ഒന്നും ആകേണ്ട. ഈ പ്രപഞ്ചം എങ്ങനെയാണോ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു് അതില്‍ നമുക്കു നമ്മളായി ജീവിക്കാം.’ ”
(പേജ് 16-17)

യോഗം എന്ന സഹജാവസ്ഥ
ഗുരു നിത്യചൈതന്യയതി
Printed and published by current books
distributed by cosmo books

ജീവിതത്തില്‍, വസ്ത്രത്തിലും, ഭക്ഷണത്തിലും, പെരുമാറ്റത്തിലും എല്ലാം ഇപ്രകാരം യോജ്യമായവ തിരഞ്ഞെടുത്തു് യോഗികളായി ജീവിക്കാന്‍ സന്ദേശം നല്‍കുന്ന മഹാന്മാര്‍ നൂറ്റാണ്ടിലൊന്നേയുണ്ടാവൂ. അവരുടെ പുസ്തകങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുകയില്ല. പകരം അതിനെ കാണാന്‍ നിങ്ങള്‍ക്കൊരു കണ്ണിനെ തരും. സ്വച്ഛനിര്‍മ്മലമായ ഒരു കണ്ണു്. അതില്‍ ലോകത്തിലെ മനോഹരങ്ങളാ‍യ ദൃശ്യങ്ങള്‍ നിങ്ങള്‍ക്കു ദര്‍ശിക്കാനാവും. നിങ്ങള്‍ തന്നെ അത്തരത്തിലുള്ള ഒരു ദൃശ്യമായി മാറും. ഉറപ്പു്.


ഈ ഭാഗ്യം നമുക്കെല്ലാം ഉണ്ടായിവരട്ടെ.
ഹാപ്പി ന്യൂ ഇയര്‍

12 Comments:

  • പതിവുപോലെ കാമ്പുള്ള ചിന്തകളെ പങ്കുവെയ്ക്കുന്ന എഴുത്ത്...പുസ്തകത്തെ പരിചയപ്പെടുത്തിയതിന് നന്ദി..
    നവവത്സരാശംസകള്‍...

    By Blogger ടി.പി.വിനോദ്, at 5:30 PM  

  • This comment has been removed by a blog administrator.

    By Blogger സു | Su, at 5:41 PM  

  • നല്ല ചിന്തകള്‍ :) നന്ദി.

    പുതുവത്സരാശംസകള്‍

    By Blogger സു | Su, at 5:41 PM  

  • അപ്പോ ഒരു പുസ്തകം കൂടി വാങ്ങണം പുതുതായി.
    അസ്സലൊരു പുസ്തക പരിചയം.

    ഒരു സംശയമുണ്ടേ.

    “മനുഷ്യവര്‍ഗ്ഗത്തില്‍ ആകവേകാണുന്ന, ഞൊടിയിടയില്‍ സമഷ്ടിയുടെ നന്മയ്ക്കായ് കൊതിക്കുന്നു, എന്നതിനെ നാരായണഗുരു സര്‍വസാധാരണമായി കാണുന്നു. ദാര്‍ശനികമായ ഒരു തത്വത്തെ മുന്നില്‍ വച്ചുകൊണ്ടു് എല്ലാവരേയും സ്നേഹിക്കണം. അതുകൊണ്ടു് ഹൃദ്രോഗം വന്നവനെ ഞാനും സ്നേഹിക്കണം എന്നു ചിന്തിക്കുന്നതു് യാന്ത്രികമാണു്. സഹജമല്ല.
    ആര്‍ത്തനെ കണ്ടു് ശ്രദ്ധയില്ലാതെ പോകുന്ന പരീശന്റേയും പുരോഹിതന്റേയും ഉപേക്ഷയേക്കാള്‍ മോശമാണതു്”

    ഇത് മനസ്സിലായില്ല.

    (പുസ്തകം വായിച്ച് മനസ്സിലാക്കാമല്ലേ?)

    By Blogger ഡാലി, at 6:01 PM  

  • ചോരശാസ്ത്രം വാങ്ങാന്‍ പ്രചോദനമായ ലേഖനം പോലെ,പുതിയ പുസ്തകത്തെ പരിചയപ്പെടുത്തിയതിനു് നന്ദി.
    പുതുവത്സരാശംസകള്‍ .

    By Blogger വേണു venu, at 6:19 PM  

  • :) നന്ദി സിദ്ധാര്‍ത്ഥന്‍. (ഞാനും സൂവിനു പഠിക്കുന്നു. ഏറ്റവും സാത്വികമായ ഒരു കമന്റിടാന്‍ ഇത്രയേറെ നല്ല ഒരു മാര്‍‌ഗമില്ല.)

    By Blogger പൊന്നപ്പന്‍ - the Alien, at 7:07 PM  

  • പശുക്കളും കാളകള്ഉമൊക്കെ കൂട്ടത്തോടെ ന്നടക്കുമ്പോ പിന്നാലേയ്ക്ക് വലിയണ കക്ഷീനെ മറ്റുള്ള മിടൂക്കന്മാര്‍ വന്ന് ഓരോ തള്ള് കൊട്ത്ത് കൂട്ടത്തിന്‍റെ ഇടയില്‍ കയറ്റണ കണ്ട്ണ്ട്. പക്ഷെ പാഠൊന്നും പഠിച്ചില്ല്യ. ഭഗവാനേ , നാല്‍ക്കാലികള്‍ക്ക് സഹജായിട്ട് ള്ള സഹാനുഭൂതീം കൂടി എനിക്കില്ല്യേ!അതോ ഇതാണോ ഇനി എന്‍റെ സഹജവാസന? ഫേണ്‍ ഹില്ലില്‍ ഇന്നലെപ്പോയി വന്നേ ള്ളൂ. ഇതു കണ്ടപ്പൊ സന്തോഷം.എത്ര ദിവസായീ ആ പുസ്തകൊക്കേം കൊണ്ടോയിട്ട്. വേം വേം ബാക്കീം കൂടി വായിച്ച് ഇങ്ങനെ എഴുതു കുട്ടി.നന്ദി.സ്നേഹം.

    By Anonymous Anonymous, at 8:53 PM  

  • daly,
    ഞൊടിയിടയില്‍, ഒരു പക്ഷേ ബോധപൂര്‍വമല്ലാതെ തന്നെ, സമഷ്ടിയുടെ നന്മയ്ക്കായി കൊതിക്കുന്നു എന്നതു മനുഷ്യവര്‍ഗ്ഗത്തില്‍ ആകവേ കാണുന്നു. നാരായണഗുരു ഇതിനെ സര്‍വസാധാരണമായി കാണുന്നു.

    സര്‍വസാധാരണമായി കാണുന്നു എന്നു വച്ചാല്‍, നമ്മള്‍ ശ്വാസം കഴിക്കുകയും വിശക്കുമ്പോള്‍ ഭക്ഷണം അന്വേഷിക്കുകയും ചെയ്യുന്നതു പോലെ സാധാരണം. വിശക്കുമ്പോള്‍ നമ്മള്‍ ഭക്ഷണം കഴിക്കേണ്ടതാണു്, ശ്വാസം മിനിറ്റില്‍ മൂന്നുപ്രാവശ്യം വലിക്കേണ്ടതാണു്, അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്കു് സ്വര്‍ഗ്ഗം കിട്ടും, ചെയ്തില്ലെങ്കില്‍ നരകം എന്നേതെങ്കിലും ധര്‍മ്മശാസ്ത്രത്തിലുള്ളതുകൊണ്ടല്ലല്ലോ നമ്മളതു ചെയ്യുന്നതു്? അതുപോലെ സാധാരണം.

    മറിച്ചാവുമ്പോഴാണു് അതു് യാന്ത്രികമാവുന്നതു്. അവിടെ കര്‍തൃത്വമുണ്ടാവുന്നു. വലതുകൈ ചെയ്യുന്നതു് ഇടതുകൈ അറിയുന്നു. നല്ല ശമരിയാക്കാരന്റെ കഥയിലെ പരീശനും പുരോഹിതനും ഇതിലും ഭേദമാണു്. എന്നാണു്‌ പറയുന്നതു്.

    മനസ്സിലായില്ലെങ്കില്‍ പറ. ഞാനിതൊക്കെ കേള്‍ക്കാന്‍ ആളെ കിട്ടാതിരിക്കുകയാണു്. ;-)

    നന്ദി പറഞ്ഞവര്‍ക്കൊക്കെ നന്ദി. ( ഇപ്പരിപാടിക്കു് ക്രെഡിറ്റ് വക്കാരിക്കാണെന്ന ദില്‍ബാസുരന്യായം പ്രകാരം ആയതു് രേഖപ്പെടുത്തുന്നു)

    By Blogger സിദ്ധാര്‍ത്ഥന്‍, at 9:05 AM  

  • ഇപ്പോ എല്ലാം ക്ലിയര്‍.
    ഞാന്‍ മനസ്സിലക്കിയത് നാരായണ ഗുരു ഈ സഹജാവബോധത്തെ യാന്ത്രികമായി കണ്ടു എന്നായിരുന്നു. അപ്പോ ഒരു കല്ലുകടി.

    ചോദ്യത്തിന് ഉത്തരം പറയാന്‍ ഇരിക്കല്ലേ ഒരു സംശയം കൂടി.
    എന്തുകൊണ്ട് മനുഷ്യന്‍ ഈ സഹജാവബോധത്തില്‍ നിന്നും മാറുന്നു എന്ന് ആ പുസ്തകത്തില്‍ പറയുന്നുണ്ടോ? (നമുക്കൊരു ഉത്തരമുണ്ട് യതി എന്തു പറയുന്നു എന്നറിയാനാ. യതി പറയുമ്പോള്‍ ഫേണ്‍ഹില്ലിലെ ഒരു കുളിര് അറിയാതെ അനുഭവിക്കുന്ന ഒരാളന്നെ ഞാനും.)

    ഓഫ്: അപ്പോ ഇനി അചിന്ത്യ ചേച്ചിയമ്മയുടെ ലൈബ്രറിയില്‍ കയറിയാല്‍ യതിയുടെ വാക്കുകള്‍ ഹോള്‍ സെയിലായിട്ട് മോഷ്ടിക്കാം അല്ലെ?

    By Blogger ഡാലി, at 2:18 PM  

  • സിദ്ധാര്‍ത്ഥേട്ടാ,
    പരിചയപ്പെടുത്തിയതിന് നന്ദി. പുസ്തകം നോട്ട് ചെയ്തു. :-)

    By Blogger Unknown, at 5:50 PM  

  • ഡാലിയേ,

    നിത്യചൈതന്യയതി 1976 നു മുന്‍പെഴുതിയതാണീ ലേഖനം. ഇതുപിന്നീടെപ്പൊഴൊ മലയാളമനോരമ വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു.(സ്നേഹസംവാദം എന്ന പംക്തിയിലായിരുന്നെന്നാണോര്‍മ്മ). അതു് ഈ പുസ്തകത്തില്‍ ചേര്‍ത്തുവെന്നെയുള്ളൂ. അതുകൊണ്ടു് മനുഷ്യന്‍ അതെന്തുകൊണ്ടു് തിരിച്ചറിയാതിരിക്കുന്നുവെന്നോ അതിനെ ഉപേക്ഷിച്ചു് പെരുമാറുന്നുവെന്നോ പറയുന്നില്ല.

    തീര്‍ച്ചയായും ആ കാര്യങ്ങള്‍ നമുക്കു വിചിന്തനം ചെയ്യാവുന്നവയാണു്. ഡാലിയുടെ ചിന്തകള്‍ പങ്കുവെയ്ക്കുക.

    By Blogger സിദ്ധാര്‍ത്ഥന്‍, at 11:33 PM  

  • ൊകാള്ളാം. മിനക്കെട്ടു വായിച്ചു.

    By Blogger Radheesh, at 10:54 AM  

Post a Comment

<< Home