വായനയ്ക്കിടയില്‍...

Tuesday, August 14, 2007

ടോട്ടോ-ചാന്‍ (ജനാലയ്ക്കരികിലെ വികൃതിക്കുട്ടി)

കുഞ്ഞുങ്ങളുടെ സഹജമായ ഇച്ഛകളെ തുരങ്കം വെയ്ക്കാതിരിക്കുക. അവരുടെ സ്വപ്നങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടേതിനേക്കാള്‍ മഹത്തരമാണു്



ജപ്പാന്‍കാരനായ ഫുക്കുവോക്കയുടെ ഒറ്റവൈക്കോല്‍ വിപ്ലവം എന്ന പുസ്തകത്തെയും ആശയത്തെയും പറ്റി നമ്മള്‍ കേട്ടിരിക്കുന്നു. സസ്യങ്ങളെ അതിന്റെ സ്വാഭാവിക വളര്‍ച്ചയ്ക്കു വിടുക എന്ന സുന്ദരമാ‍യ ഒരു സംഗതിയാണു് ഫുക്കുവോക്ക നിര്‍ദ്ദേശിക്കുന്നതു്. സ്വാഭാവികമായ അന്തരീക്ഷത്തില്‍ സസ്യങ്ങള്‍ക്കു് പ്രതിരോധശക്തി ലഭിക്കുമെന്നും. വളര്‍ച്ചയ്ക്കു പ്രതികൂലമായി വരുന്ന അവസ്ഥകളെല്ലാം തന്നെ കാലക്രമേണ ഇല്ലാതായിക്കൊള്ളുകയോ, അതിനു തക്ക പ്രതിരോധം വിത്തിലും ചെടിയിലും ഉണ്ടായി വരികയോ ചെയ്യുമെന്നും ഫുക്കുവോക്ക ചെയ്തു കാണിച്ചു തരുന്നതു് നമ്മെ തീര്‍ച്ചയായും ആകര്‍ഷിക്കും. എന്നാല്‍ ഇതു വായിക്കുന്ന ഒരാളും തങ്ങളും തങ്ങളുടെ കുഞ്ഞുങ്ങളും ഇപ്രകാരമാണോ വളരുന്നതെന്നു ചിന്തിക്കാന്‍ മിനക്കെടുന്നില്ല. അങ്ങനെ അബദ്ധത്തിലെങ്ങാനും ചിന്തിച്ചു പോയാല്‍ തന്നെ ഒരു ജീവിതകാലയളവുകൊണ്ടിതൊന്നും ശരിയാകാന്‍ പോകുന്നില്ലെന്നു് സ്വയം തീരുമാനിച്ചു് പിന്തിരിയുന്നു.

ചന്തയില്‍നിന്നു മേടിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതില്‍ നാം അതീവ ശ്രദ്ധാലുക്കളാണു്. നാട്ടുകാരതു കൂട്ടം കൂട്ടമായി വാങ്ങുന്നു എന്നതു് നമ്മെ സ്വാധീനിക്കുമെങ്കിലും നമുക്കതു തന്നെയാണോ വേണ്ടതു് എന്നു് ഒരു നിമിഷമെങ്കിലും ആലോചിക്കാതിരിക്കില്ല. നിര്‍ഭാഗ്യവശാല്‍, ചിന്തിക്കുന്ന ആളുകള്‍ പോലും അവനവന്റെ കുഞ്ഞിന്റെ വിദ്യാഭ്യാസകാര്യത്തില്‍ സ്വീകരിക്കുന്ന നയം ആശാവഹമായ ഒന്നല്ല. മനുഷ്യന്റെ, മനുഷ്യകുലത്തിന്റെ, സ്വാഭാവികമായ വളര്‍ച്ചയും പരിണാമവും വിഭാവനം ചെയ്യുന്ന ഒരു വിദ്യാഭ്യാസപദ്ധതിയുടെ ആവശ്യകതയെപ്പറ്റി അതിന്റെ ഉപഭോക്താക്കളില്‍ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്നറിയില്ല. പക്ഷേ അത്തരമൊരു വിദ്യാലയത്തില്‍ പഠിച്ച തെത്‌സുകോ കുറയോനഗി എഴുതിയ ടോട്ടോചാന്‍ എന്ന കൃതിയില്‍ അങ്ങനെ ചിന്തിക്കുകയും, ഉപേക്ഷിക്കപ്പെട്ട റെയില്‍ബോഗികളില്‍ അദ്ധ്യയനം നടത്തുകയും ചെയ്ത, ഫുക്കുവോക്കയുടെ നാട്ടുകാരനായ കൊബായാഷി മാസ്റ്ററെ പറ്റിയുള്ള ഓര്‍മ്മകള്‍ നിങ്ങള്‍ക്കു വായിക്കാം.

തെത്‌സുകോ കുറയൊനഗി എന്ന ടോട്ടോചാനെ ആദ്യം പഠിച്ച സ്ക്കൂളില്‍ നിന്നു പറഞ്ഞയക്കുകയാണുണ്ടായതു്. തുടരെ തുടരെ പെന്‍സില്‍ ബോക്സ് തുറന്നടച്ചും, ജനാലയ്ക്കരികില്‍ ചെന്നു നിന്നു് തെരുവിലെ പാട്ടു സംഘത്തിനു് ചെവികൊടുത്തും. മറ്റും ശല്യപ്പെടുത്തുന്നുവെന്ന കാരണത്താല്‍ പുറത്താക്കപ്പെട്ട വിവരം ടോട്ടോയെ അറിയിക്കാതെ അമ്മ കൊബായാഷി മാസ്റ്ററുടെ റ്റോമോഗാക്വെന്‍ സ്ക്കൂളില്‍ കൊണ്ടു ചെല്ലുന്നു. കൊബായാഷി മാസ്റ്ററുടെ കുഞ്ഞുമായുള്ള അഭിമുഖം തന്നെ വളരെ രസകരമാണു്. സംസാരിച്ചു തുടങ്ങിയ ടോട്ടോ ഇനി ഒന്നും പറയാനില്ലാതെ നിര്‍ത്തുന്നതു വരെ മാസ്റ്റര്‍ അതു കേട്ടുകൊണ്ടിരുന്നു. ഏകദേശം നാലര മണിക്കൂര്‍. ഇന്റര്‍വ്യൂ അത്രതന്നെ. കുഞ്ഞിന്റെ എല്‍ കെ ജിയിലെ അഡ്മിഷനു വേണ്ടി ഉറക്കമിളച്ചു ജി.കെ ഉണ്ടാക്കുന്ന അച്ഛനമ്മമാര്‍ക്കും ഇവര്‍ക്കു ചോദ്യക്കടലാസുണ്ടാക്കുന്ന അദ്ധ്യാപകര്‍ക്കും ഒരു പക്ഷേ അതു് അന്നത്തെ കാലം ഇന്നതല്ല അവസ്ഥ എന്നൊരു ന്യായം പറയാനുണ്ടാവും. മത്സരം നിറഞ്ഞ ലോകത്തില്‍ ഇടിച്ചു നിന്നു് പത്തു കാശോ പേരോ ഉണ്ടാക്കാനുള്ളതാണു് വിദ്യാഭ്യാസം എന്ന തെറ്റിദ്ധാരണയാണിതിനു ഹേതു. കാലത്തിനാണോ വിദ്യാഭ്യാസം വേണ്ടതു്? കുഞ്ഞിനല്ലേ? കുഞ്ഞു് അന്നുമിന്നും ഒന്നാണു്.

സ്കൂളിലെ ഭക്ഷണരീതികള്‍ കണിശമാണു്. ചോറിനോടൊപ്പം മലകളില്‍ നിന്നൊരു പങ്കു് സമുദ്രത്തില്‍ നിന്നൊരു പങ്കു്. അതു നിര്‍ബന്ധം. മാസ്റ്റര്‍ എല്ലാവരുടെയും ചോറ്റുപാത്രം പരിശോധിച്ചു് ഏതെങ്കിലും പങ്കു് കുറവെന്നുകണ്ടാല്‍ അതു് കൊടുക്കാന്‍ പത്നിയെ ഏല്പിക്കും. കൃഷിയെക്കുറിച്ചു ക്ലാസെടുക്കാന്‍ വരുന്നതു് ഒരു അഗ്രികള്‍ചര്‍ ബിരുദധാരിയല്ല, മറിച്ചു് ഒരു കൃഷിക്കാരനാണു്. ഇങ്ങനെ ഒട്ടനവധി വിശേഷങ്ങളുണ്ടീ വിദ്യാലയത്തില്‍.

1937-ല്‍ ഒട്ടനവധി പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണു് സൊസാകു കൊബായാഷി റ്റോമോഗാക്വെന്‍ ആരംഭിച്ചതു്. “കുഞ്ഞുങ്ങളുടെ സഹജമായ ഇച്ഛകളെ തുരങ്കം വെയ്ക്കാതിരിക്കുക. അവരുടെ സ്വപ്നങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടേതിനേക്കാള്‍ മഹത്തരമാണു്” എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. ലോകത്തിന്റെ നെഞ്ചില്‍ തൊടുക്കപ്പെട്ട ആറ്റംബോംബിലാണു് ഈ സ്ക്കൂളും അവസാനിക്കുന്നതു്. വായിക്കാനും ഇന്നത്തെ വിദ്യാഭ്യാസപദ്ധതി അപര്യാപ്തമാണെന്ന ബോധം ഉണ്ടായിട്ടുള്ളവര്‍ക്കതെക്കുറിച്ചു് ചിന്തിക്കാനും ഉതകുന്ന ഒരു നല്ല പുസ്തകം. മൂലകൃതി ജാപനീസ് ഭാഷയില്‍. രചനാകാലം 1970- 1980. ഖണ്ഡശ്ശ ആയി പ്രസിദ്ധീകരിക്കപ്പെട്ടു് പിന്നീടു് പുസ്തകമായ ഈ കൃതി ജപ്പാനിലെ വിദ്യാഭ്യാസവിചക്ഷണന്മാ‍രെ ഏറെ സ്വാധീനിച്ചിരുന്നതായി പറയപ്പെടുന്നു. വിവര്‍ത്തനം: അന്‍‌വര്‍.

കൃതിയിലെ ഒരു ഭാഗം കൃതിയുടെയും കൊബായാഷി മാസ്റ്ററുടെ അദ്ധ്യയനരീതിയുടെയും ഏകദേശരൂപത്തിനായി ഇവിടെ ചേര്‍ക്കുന്നു.

ടോട്ടോചാനു് ഒരു ശീലമുണ്ടായിരുന്നു. ടോയ്ലറ്റില്‍ പോയതിനുശേഷം അവള്‍ കുഴിയിലേക്കു് എത്തിവലിഞ്ഞു നോക്കും. തീരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ അവളിതു ചെയ്യുമായിരുന്നു. പള്ളിക്കൂടത്തില്‍ പോയിത്തുടങ്ങുന്നതിനും മുമ്പ്‌, അനേകം കുഞ്ഞുതൊപ്പികള്‍ ഇത്തരത്തില്‍ അവള്‍ക്കു് നഷ്ടപ്പെട്ടിട്ടുണ്ടു്. വിലപിടിപ്പുള്ള പനമ്പുകൊണ്ടു നിര്‍മ്മിച്ച അപൂര്‍വ്വമായ ഒന്നും വെള്ളത്തൂവാല തുന്നിച്ചേര്‍ത്ത മറ്റൊന്നും ഉള്‍പടെ. അക്കാലത്തെ ടോയ്ലറ്റുകള്‍ ആധുനികരീതിയില്‍ നിര്‍മ്മിച്ചവയായിരുന്നില്ല. സ്ലാബിനടിയില്‍ ഓവുകളോടുകൂടിയ വലിയൊരു കുഴി തയ്യാറാക്കുകയാണു് പതിവൂ്. ഈ കുഴിയില്‍ തന്റെ ഹാറ്റുകള്‍ ഒഴുകിനടക്കുന്നതു് അവള്‍ക്കു കാണാം. ടോയ്ലറ്റ് ഉപയോഗിച്ചുകഴിഞ്ഞാല്‍ അതിലേക്കു് എത്തിവലിഞ്ഞു നോക്കരുതെന്നു് അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു.

അന്നേ ദിവസം ക്ലാസ്സ് തുടങ്ങുന്നതിനുമുമ്പു് ടോട്ടോചാനു് ടോയ്ലറ്റിലേക്കു് പോകേണ്ടി വന്നു. അമ്മയുടെ വിലക്കു് ഓര്‍ക്കാന്‍ കഴിയുന്നതിനു മുമ്പുതന്നെ അറിയാതെ താഴേക്കു നോക്കിപ്പോയി ആ ഒരു നിമിഷത്തില്‍ പേഴ്സിലെ പിടി ഒന്നയഞ്ഞിരിക്കണം. അതു കൈയില്‍ നിന്നും വഴുതിവീണു; വെള്ളം തെറിപ്പിച്ചു കൊണ്ടു് കുത്തനെകുഴിയിലേക്കു്. യ്യോ! താഴെ ഇരുട്ടിലേക്കു് കണ്ണും നട്ടു് ഒരപശബ്ദം പുറപ്പെടുവിക്കാനേ അവള്‍ക്കു കഴിഞ്ഞുള്ളൂ.

പക്ഷേ കുത്തിയിരുന്നു് കരയാന്‍ ടോട്ടോ കൂട്ടാ‍ക്കിയില്ല; പേഴ്സ് ഉപേക്ഷിക്കാനും. അവള്‍ നേരെ വാച്ചറുടെ ഷേഡ്ഡിലേക്കോടി. തോട്ടപ്പണിക്കുപയോഗിക്കുന്ന ഒരു കൂറ്റന്‍ മണ്‍‌വെട്ടി പണിപ്പെട്ടെടുത്തുകൊണ്ടുവന്നു. തടിയില്‍ പണിത പിടിക്കു തന്നെ അവളുടെ രണ്ടിരട്ടി നീളമുണ്ടായിരുന്നു. പക്ഷേ അതൊരു പ്രശ്നമേയല്ലെന്ന ഭാവത്തില്‍ മണ്വെട്ടിയും തോളിലേറ്റി അവള്‍ സ്ക്കൂളിന്റെ പിന്‍‌വശത്തേക്കു നടന്നു. ഓവുചാല്‍ അവസാനിക്കുന്ന സ്ഥലം എത്ര ശ്രമിച്ചിട്ടുമവള്‍ക്കു കണ്ടുപിടിക്കാനായില്ല. ടോയലറ്റിന്റെ പിന്മതിലിനു പുറത്തായിരിക്കും അതു ചെന്ന് നില്‍ക്കുന്നതെന്നായിരുന്നു അവളുടെ ധാരണ. കുറെ നേരത്തെ പരിശ്രമത്തിനുശേഷം അവളതു കണ്ടെത്തി. അല്പം അകലെയായി കോങ്ക്രീറ്റിലുള്ള ഒരു ചെറിയ സ്ലാബ്. വളരെകഷ്ടപ്പെട്ടു് അവള്‍ സ്ലാബുയര്‍ത്തി. താന്‍ തിരഞ്ഞ ‘സംഭവം’ തന്നെയാണിതെന്നു് അവള്‍ക്കു് ബോധ്യമായി. പതുക്കെ തല ഉള്ളിലേക്കു് കടത്തി.

“യ്യോ! ഇതു് കുഹോന്‍ബസതു കൊളത്തിന്റത്രയുമുണ്ടല്ലോ!” ടോട്ടോചാന്‍ അറിയാതെ പറഞ്ഞുപോയി.

അവള്‍ പണി ആരംഭിച്ചു. ആദ്യം പേഴ്സ് കണ്ടേക്കുമെന്നു് അവള്‍ക്കു തോന്നിയഭാഗത്തു നിന്നു് അഴുക്കു കുറേശ്ശെ കോരി മാറ്റാന്‍ തുടങ്ങി. മൂന്നു ടോയ്ലറ്റുകളിലേയും ഓവുകള്‍ ചെന്നു ചേരുന്ന കൂറ്റന്‍ ടാങ്കു്; ഇരുട്ടു നിറഞ്ഞതും ആ‍ഴമേറിയതും. ടോട്ടോചാന്റെ കുഞ്ഞു തല അപകടമാംവിധം ദ്വാരത്തിനുള്ളിലായിരുന്നു. അവള്‍ ഉള്ളില്‍ വീണു പോകാന്‍ തന്നെ ഇടയുണ്ടു്. കുറേക്കൂടി സുരക്ഷിതമായ സ്ഥാനത്തിരുന്നു് കുറേശ്ശെ കോരുക മാത്രമേ നിര്‍വ്വാഹമുള്ളൂ എന്നു് അവള്‍ക്കു് മനസ്സിലായി. ഉള്ളിലുള്ള പദാര്‍ത്ഥങ്ങള്‍ കോരിയെടുത്തു്, അവള്‍ ദ്വാരത്തിനു ചുറ്റുമായി നിക്ഷേപിച്ചുകൊണ്ടിരുന്നു. ഓരോ തവണയും ടോട്ടോചാന്‍ മണ്‍‌വെട്ടിയിലെ വസ്തുക്കള്‍ നന്നായി പരിശോധിച്ചു. പേഴ്സ് കണ്ടുപിടിക്കാന്‍ ഇത്രയേറെ കഷ്ടപ്പെടേണ്ടിവരുമെന്നവള്‍ കരുതിയിരുന്നില്ല. നേരം ഒരുപാടായി. അവള്‍ കോരിക്കൊണ്ടിരുന്നു. പേഴ്സെവിടെ? പേഴ്സ് പോയിട്ടു് അതിന്റെ പൊടി പോലും കാണാനില്ല. ഒടുവില്‍ മണി മുഴങ്ങി. ക്ലാസ് ആരംഭിക്കാന്‍ സമയമായി.
ഇനിയിപ്പൊ എന്താ ചെയ്ക? അവള്‍ക്കു് ഒരെത്തും പിടിയും കിട്ടിയില്ല. എന്തായാലും ഇത്രയുമായസ്ഥിതിക്കു് കുറച്ചു കൂടി നോക്കുക തന്നെ. പൂര്‍വ്വാധികം വാശിയോടെ അവള്‍ തിരച്ചില്‍ തുടര്‍ന്നു.

ഇതിനിടെ മാസ്റ്റര്‍ അതുവഴി വന്നു. അപ്പോഴേക്കും കുഴിക്കരികില്‍ അഴുക്കിന്റെ ഒരു കൂമ്പാരം തന്നെ ആയിക്കഴിഞ്ഞിരുന്നു. “ടോട്ടോ നീയെന്താ ചെയ്യണേ?” മാസ്റ്റര്‍ ചോദിച്ചു.

“എന്റെ പേഴ്സ് ടോയ്ലറ്റില്‍ വീണു” തിരച്ചിലിനിടയില്‍ ഒരു നിമിഷം പോലും പാഴാക്കാതെ അവള്‍ പറഞ്ഞു.

“ഉവ്വോ, നടക്കട്ടെ” തന്റെ പതിവുശൈലിയില്‍ കൈകള്‍ പിന്നില്‍ കെട്ടി അദ്ദേഹം നടന്നകന്നു.

നേരം കടന്നു പൊയ്ക്കൊണ്ടിരുന്നു. അവള്‍ക്കിതുവരെയും പെഴ്സ് കണ്ടെത്താനായില്ല. കൂനയുടെ ഉയരം കൂടിക്കൂടി വന്നു. ഗന്ധവും.

മാസ്റ്റര്‍ വീണ്ടും വന്നു. “കിട്ടിയോ?”

“ഇല്ല്യ” കൂനകള്‍ക്കിടയില്‍നിന്നു് ടോട്ടോ കഴുത്തുയര്‍ത്തി. മുഖം വിയര്‍ത്തൊലിക്കുന്നുണ്ടായിരുന്നു. കവിളുകള്‍ വല്ലാതെ ചുവന്നിരുന്നു.
അവളുടെ അടുത്തേക്കു് സ്വല്‍പം കൂടെ നീങ്ങി നിന്നു് സൌഹൃദഭാവത്തില്‍ അദ്ദേഹം പറഞ്ഞു. “ തെരഞ്ഞുകഴിഞ്ഞാലേ, ഒക്കേം തിരികെ കോരിയിടണം എന്താ ഇട്വോ?” ശേഷം പഴയമട്ടില്‍ അദ്ദേഹം നടന്നു മറഞ്ഞു
.


പുസ്തകത്തിന്റെ അവസാനത്തില്‍ ഈ സ്ക്കൂളില്‍ ടോട്ടോയോടൊപ്പം‌ പഠിച്ചവരില്‍ ചിലരുടെ വിവരങ്ങളും മറ്റും ചേര്‍ത്തിട്ടുണ്ടു്. എന്നാല്‍ അവയൊന്നും നമുക്കു വേണ്ടിവരില്ല; ഈ അദ്ധ്യയനരീതിയുടെ മേന്മ മനസ്സിലാക്കാന്‍. ഒരേഴെട്ടു വര്‍ഷം മുമ്പു് ഈ പുസ്തകം എന്നെ തേടിപ്പിടിച്ചെനിക്കെത്തിച്ച ഒരു സുഹൃത്തിനെ നന്ദിയോടെ ഇത്തരുണത്തില്‍ സ്മരിക്കുന്നു.

Labels:

21 Comments:

  • കുട്ടികളെ നിങ്ങളെപ്പോലെ ആക്കാന്‍ ശ്രമിക്കാതിരിക്കുക. നിങ്ങള്‍ക്കു ശ്രമിക്കാം; അവരെപ്പോലെ ആയിത്തീരാന്‍- ഖലീല്‍ ജിബ്രാന്‍ ( മരുഭൂമിയിലെ പ്രവാചകന്‍)

    By Blogger സിദ്ധാര്‍ത്ഥന്‍, at 1:55 PM  

  • ഇതൊരു സുന്ദര വായന അനുഭവം തരുന്ന ബുക്ക്‌ ആണു ..പഴയ തീവണ്ടി ബൊഗികള്‍ അല്ലെ ക്ലാസ്സ്‌ മുറികള്‍?..മറന്നു തുടങ്ങി..
    qw_er_ty

    By Blogger പ്രിയംവദ-priyamvada, at 2:21 PM  

  • എന്നെ വളരെ അധികം സന്തോഷിപ്പിച്ചിട്ടുള്ള വായനാ അനുഭവമാണ്‌ ടോട്ടോ-ചാന്‍. ടോട്ടോ
    ആദ്യമായി ഈ പുതിയ സ്കൂളില്‍ എത്തിയ ദിവസം ഞാനും കൂടിയതാണാകുട്ടികളുടെ കൂടെ. അവളുടെ മുഖത്തെ ഓരോ ആശ്ചര്യ ചിഹ്നവും എന്റേതും കൂടിയായി .. ടോട്ടോ ആ 'വളരുന്ന ഗേറ്റും' തീവണ്ടി ബോഗികളുടെ ക്ളാസ് മുറികളുമൊക്കെ കണ്ട്പ്പോഴും, നിലത്തെ വലിയ ബ്ളാക്ക് ബോര്ഡില്‍ ചോക്ക് കൊണ്ട് വരച്ച് തിമിര്ത്തപ്പോഴുമൊക്കെ നമുക്കും അവളുടെ ഒപ്പം ആസ്വദിക്കാനാകുന്നു എന്നത് തന്നെയാവും ഇത് മികച്ച ഒരു കൃതി ആകുന്നതും ഇന്നും അങ്ങിനെ തന്നെ തുടരുന്നതും. കുട്ടിത്തം അരങ്ങ് വാഴുപോഴും, അതിലൊളിപ്പിച്ചു വെച്ചിരിക്കുന്ന മഹനീയമായ വിദ്യാഭ്യാസ ആശയങ്ങള്‍ എത്രയൊ കണ്ട് വ്യത്യസ്ത മാണ്‌..പകര്‍ത്തപ്പെടേണ്ടതും..!!.

    By Blogger അലിഫ് /alif, at 5:01 PM  

  • ടോട്ടോ- ചാന്‍  ആംഗലേയ വിവര്‍ത്തനത്തിന്റെ പി.ഡി.എഫ് കോപ്പി ഇവിടെ http://ebooks.du.ac.in/edu-resources/Resources/books/Tottochan.pdf ലഭ്യമാണ്‌.

    By Blogger അലിഫ് /alif, at 5:47 PM  

  • നന്ദി അലിഫ്.
    ആശയത്തിന്റെ കാര്യം പറയുന്നതിനിടയ്ക്കു് ഞാനതു പറയാന്‍ മറന്നു. കുട്ടിയുടെ കാഴ്ചപ്പാടില്‍ നിന്നുള്ള രസകരമായ വിവരണം തീര്‍ച്ചയായും പരാമര്‍ശിക്കേണ്ടതു തന്നെ.

    By Blogger സിദ്ധാര്‍ത്ഥന്‍, at 6:14 PM  

  • തീവണ്ടി ബോഗികള്‍ തന്നെ ക്ലാസ് റുമുകള്‍.. ലോകമഹായുദ്ധത്തില്‍ തീവണ്ടി അപ്രത്യക്ഷമായി...

    പലവട്ടം ആവര്‍ത്തിച്ച് വായിച്ചിട്ടുണ്ടാ പുസ്തകം. ഇപ്പോഴും മതിവരാത്തതുപോലെ

    By Blogger ഗുപ്തന്‍, at 7:16 PM  

  • എന്നെ രാജഹത്യയ്ക്ക് പ്രേരിപ്പിച്ച സിദ്ധാര്‍ത്ഥനോടും അലിഫിനോടും കൂട്ടുവെട്ടി :)

    അലിഫ് തന്ന ലിങ്കില്‍ പോയി സംഭവം ഡൌണ്‍‌ലോഡ് ചെയ്തു, സ്റ്റേപ്പിള്‍ ചെയ്തു, വായനയും തുടങ്ങി-എല്ലാം ഓഫീസ് സമയത്ത് ഓഫീസ് സംവിധാനങ്ങള്‍ മാത്രം ഉപയോഗിച്ച്. മൊത്തം ഒഫീഷ്യലീ ഒഫീഷ്യല്‍.

    സിദ്ധാര്‍ത്ഥാ, നന്ദി. അലിഫേ, നന്ദി.

    By Blogger myexperimentsandme, at 8:59 PM  

  • ഈ അദ്ധ്യാപകന്‍ (റിട്ട.) എന്തേ ഇതുവരെ ടോട്ടോ ചാന്‍ നെ പറ്റി എഴുതിയില്ല എന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഞാന്‍ :)

    By Blogger ദേവന്‍, at 1:31 AM  

  • ഇത്രയും വായിച്ചപ്പോള്‍ അതുമുഴുവന്‍ വായിക്കാന്‍ തോന്നുന്നു. അലിഫിനു നന്ദി.

    By Blogger ബിന്ദു, at 8:01 AM  

  • സിദ്ധാര്‍ഥന്‍, ഇത് എന്റേയും പ്രിയപ്പെട്ട പുസ്തകം. ഇന്നും സന്തോഷം വന്നാല്‍ പാടുന്ന ഒരു ഒറ്റവരിപ്പാട്ടും ടൊട്ടൊയുടെ "ഹായ് ഹൂയ് എന്തുരസം! എന്തു രസം ഹായ് എന്തുരസം! എന്തിനാ നിനക്കിത്രേം രസം?" :)

    By Blogger പുള്ളി, at 9:33 AM  

  • നന്ദി, സിദ്ധാര്‍ത്ഥന്‍, അലിഫ്. പി ഡി എഫ് വായിക്കാന്‍ തുടങ്ങി.

    By Blogger ശാലിനി, at 12:07 PM  

  • ഏതാണു ഒരു കൊല്ലം മുമ്പ് ഈ അദ്ധ്യാപകനോട് ഇതിലെഴുതിയ വിദ്യഭാസ രീതിയുമായിട്ട് സംവേദിച്ചിരുന്നു. അന്ന് താക്കിത് നല്‍കിയതാണു ഇത് പോലെ ഒന്നും പറഞ് എന്റെ മാനസീക നില തെറ്റിയ്കരുതെന്ന്!

    തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ചിന്തിയ്കാനുള്ള ഒരുവന്റെ കഴിവിനും (സ്വാതന്ത്ര്യത്തിനും) ഒക്കെയുള്ള വലിയ ഒരു തടയാണു ഇപ്പോഴത്തേ വിദ്യാഭാസ രീതി. കുട്ടികള്‍ രത്നങ്ങള്‍ ആണെന്നും, അവര്‍ വിദ്യാഭാസത്തിനു അടിമപെടുമ്പോഴാണു മാറ്റ് കുറയുന്നതെന്നും എവിടെയോ വായിച്ചതായിട്ട് ഞാന്‍ ഓര്‍ക്കുന്നു.

    പക്ഷെ അച്ചടിച്ച കട്ടി ക്കടലാസിലെ ബിരുദങ്ങള്‍ ആണു വ്യക്തിയുടെ വില നിശ്ചയിയ്കുന്നത് എന്ന രീതി വരെ എത്തിപെട്ട് നില്‍കുന്ന ഈ അവസരത്തില്‍ വായനാ സുഖം തന്ന്, പിന്നീട് തലയില്‍ തീ കോരിയിടുന്ന ഇമ്മാതിരിയുള്ള പുസ്തക പരിചയം ഇനി മേലാല്‍ ദയവായി ആവര്‍ത്തിയ്കരുത്.

    പക്ഷെ ഈ രീതിയിലുള്ള ഒരു വിദ്യഭാസ രീതിയേ കുറിച്ച് ഈയ്യിടെയായി കൈരളി റ്റി.വി പരിപാടിയില്‍ ഒരു ശ്രീ ബീരാനിക്കയേ പരിചയപെടുത്തുകയുണ്ടായിരുന്നു. ഉള്‍നാടിലെത്തി ഒരു വിദ്യഭാസ ശാല തുടങ്ങി അവിടെ കുട്ടികളെ അവര്‍ക്ക് ഇഷ്ടമുള്ള രീതികളില്‍ ചട്ടക്കുടുകള്‍ തീര്‍ക്കാതെ അവരുടെ ചിന്തകള്‍ക്ക് വിലങ് തടിയാവത്ത രൂപത്തില്‍ ആശയങ്ങള്‍ പകര്‍ന്ന് നല്‍കുക എന്ന ഉദ്ദേശത്തൊടെ. നിനക്ക് അറിയാവുന്ന ഒരു കാര്യം ചെയ്യൂ എന്ന് ഒരു കുഞിനൊട് പറഞപ്പോ, ആ കുട്ടി, നേരെ പോയി ഒരു 2 മിനിറ്റ് അസ്സല്ലായി തവളം ചാട്ടം ചാടി!

    തിരിച്ച് പോട്ടെ വേഗം ഞാന്‍, ചെക്കനെ എണ്ട്രന്‍സ് കോച്ചിങ്ങിന്റെ ക്ലാസ്സിനു കൊണ്ട് വിടേണ്ടതുണ്ട്.

    ആലിഫ് - ലിങ്കിനു നന്ദി.

    By Blogger അതുല്യ, at 12:12 PM  

  • വായിക്കട്ടെ ഞാന്‍!

    By Blogger കണ്ണൂസ്‌, at 1:52 PM  

  • ഗ്രൂഷോ മാര്‍ക്സോ മറ്റോ "ഐ വാസ് ബോണ്‍ ഇന്റെലിജെന്റ് ബട്ട് എജ്യൂക്കേഷന്‍ സ്പോയില്‍ഡ് മീ" എന്ന് നിരീക്ഷിച്ചത് കേട്ടിട്ടില്ലേ അതുല്യാമ്മോ?

    By Blogger ദേവന്‍, at 12:39 AM  

  • hh

    By Blogger Sudha, at 1:33 PM  

  • njan eekkadhayile kurachu bhagangal classil paranju kodukkuka pathivayiruunnu. students used to enjoy it so much.
    thurannadakkunna desk `dhappo`nnu palavattom adchu teachere sundi pidippikkunnathum,auditoriathile tent adichulla campingum...malappankum kadalppankum..oh,its wonderful.
    u have done a service by introducing the book to the blog readers.keep it up.

    By Blogger Sudha, at 1:37 PM  

  • എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം...

    തെളിവു വേണ്ടല്ലോ...

    By Blogger ടോട്ടോചാന്‍, at 6:50 PM  

  • ചില പുസ്തകങ്ങളങ്ങനെയാണു്. വായിച്ചു മറന്നാലും അതു നമ്മെ തേടി വരും. വായിക്കൂ നിങ്ങള്‍ ചിലതൊക്കെ മറന്നു പോയിരിക്കുന്നു എന്നു പറയും. പറയാ‍ന്‍ സന്മനസ്സു കാണിച്ച, സുധടീച്ചര്‍ക്കും കൃതിയെ പേരിലാവാഹിച്ച സുഹൃത്തിനും നന്ദി

    By Blogger സിദ്ധാര്‍ത്ഥന്‍, at 9:40 AM  

  • സ്വപ്നങ്ങള്‍ നഷ്ടപ്പെട്ടവര്‍ നമ്മെ പഠിപ്പിച്ചു..അദ്ധ്യാപകരും acadamyകളും സര്‍വകലാശാലകളും.
    സ്വപ്നം കാണാന്‍ അറിയാത്ത അവര്‍ നമ്മെ നിറങ്ങളില്‍
    നിന്നകറ്റി...ഈണങ്ങളില്‍നിന്നും കല്‍പനകളില്‍നിന്നും അകറ്റി..
    അവര്‍ മരുഭൂമികള്‍ സൃഷ്ടിച്ചു.
    എങ്കിലും പച്ചപ്പ് പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ലാത്ത ചില മുഖങ്ങളഉം മനസ്സുകളും ക്ലാസ്സ്മുറികളില്‍ അപൂര്‍വമായി തെളിഞിരുന്നതു
    ഞാന്‍ ഓര്‍ക്കുന്നു..
    നന്മയും ചിരിയും നിറഞ്ഞ ആ മുഖങ്ങള്‍ ഞ്ഞാന്‍ ഇന്നും ഓര്‍ക്കുന്നു..

    By Blogger ചൊവന്നതാടി, at 11:31 AM  

  • enteyum ishtappetta oru book aanu totto-chan..enikkormma varunnathu theevandi murikalulla classroom..athile bhakshanam kazhikkunna reethi..pinne neenthalkkulam..kuttikalil anaavashyamaaya kauthukam vachu pularthaathirikkaan sramicha adyaapakan..ingane oru school undaayirunnenkil ennu aagrahichupokunnu..

    By Blogger അപർണ, at 5:59 AM  

  • ഒരുപാട് സന്തോഷമുണ്ട് ഞാൻ എന്റെ ജീവിതത്തിൽ ഒരു പുസ്തകം മാത്രമാണ് മുഴുവൻ വായിച്ചു തീർത്തത് എൻമകജെ . മറ്റൊരു പുസ്തകവും വായിക്കണമെന്നില്ലായിരുന്നു.എന്നാൽ അതിനുശേഷം വായിക്കുന്ന പുസ്തകം ടോട്ടോ -ചാൻ ആണ്. എനിക്ക് അത് വായിക്കാൻ പ്രേരണ ഉണ്ടായതു ഹെഡ്മാസ്റ്ററിന്റെ കടലിൽ നിന്നൊരു പങ്ക്, മലകളിൽ നിന്നുള്ള പങ്ക് എന്നുള്ള വാക്കുകളാണ്. എന്തു രസമാണ് അല്ലെ.കുട്ടികൾ പോഷകാഹാരങ്ങൾ കഴിക്കണമെന്ന പ്രയോഗമാണ്. കടലിൽ നിന്നുള്ള മീനുകൾ, കൊഞ്ച്, കണവ. മലകളിൽ നിന്ന് ചീര,ആട്, കോഴി ,പോത്ത് എന്തു നല്ല പ്രയോഗങ്ങളാ..... ഒരു അധ്യാപകൻ എങ്ങനെയായിരിക്കണമെന്ന് അദ്യപടിയായിട്ടാണ് എനിക്കു തോന്നിയത്

    By Blogger ചെണ്ടുമല്ലി, at 2:07 PM  

Post a Comment

<< Home