വായനയ്ക്കിടയില്‍...

Saturday, August 26, 2006

ചോരശാസ്ത്രം  


വി. ടി. ഭട്ടതിരിപ്പാടു് ആദ്യമായി അക്ഷരങ്ങളിലേക്കു് നോക്കിയപ്പോള്‍ കാണാനായതു് കുനിയനുറുമ്പു നിരയിട്ടതുപോലെ ചില ചിത്രങ്ങളായിരുന്നത്രേ. ഈ ചിത്രങ്ങള്‍ അക്ഷരങ്ങളും അവ പിന്നെ അര്‍ഥമുള്ള വാക്കുകളും വചനങ്ങളുമാവുന്നതു് വിദ്യ ഉണ്ടാവുമ്പോഴാണു്. ഈ അര്‍ഥങ്ങള്‍ ഒരു പ്രതലത്തിലെ X അക്ഷത്തില്‍ വയ്ക്കുക. Y അക്ഷത്തില്‍ നമ്മുടെ അനുഭവം, വാസന, സംസ്കാരം എന്നിവയും. അപ്പോള്‍ X, Y എന്നിവ ചേര്‍ന്നു് ബോധമണ്ഡലത്തിലുളവാക്കുന്ന ബിന്ദുക്കളാണു് ദര്‍ശനങ്ങള്‍. ദര്‍ശനം എന്നു പൊതുവില്‍ പറയപ്പെടുന്നതു് കണ്ടും കേട്ടും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ചില കാര്യങ്ങളെ (ഉദാഹരണത്തിനു് ആത്മാവു് എന്നാല്‍ എന്തെന്നു് മനസ്സിലാക്കേണ്ടതു് ആത്മാവുകൊണ്ടുതന്നെയായതുകൊണ്ടു് അതുമനസ്സിലാക്കാനും ബുദ്ധിമുട്ടാണു്) അറിയുന്നതിനെയാണു്. ഇതുതന്നെയാണു് തത്ത്വചിന്തകരും മറ്റും സാധാരണയായി പ്രയോഗിക്കുന്ന അര്‍ഥവും.

ദര്‍ശനങ്ങള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തങ്ങളായിരിക്കുന്നതു്, ഈ Y പലര്‍ക്കും വ്യത്യസ്തമായതു കൊണ്ടത്രേ. വി. ജെ. ജെയിംസിന്റെ ചോരശാസ്ത്രം എന്ന കൃതിയില്‍ ഞാന്‍ കണ്ടു എന്നു പറയുന്നതു് എല്ലാവരും കണ്ടു കൊള്ളണമെന്നില്ല.

കള്ളനു് വിദ്യ ലഭിക്കുന്നയിടത്തു നിന്നും ഈ കഥ തുടങ്ങുന്നു.
" അങ്ങനെ ആശിച്ചാശിച്ചൊടുവില്‍ കള്ളനു് നോട്ടം കൊണ്ടു് പൂട്ടു തുറക്കുന്ന വിദ്യ സ്വായത്തമായി." ഒരു അരക്കിറുക്കന്‍ പ്രൊഫസറാണവനതു പഠിപ്പിച്ചു കൊടുക്കുന്നതു്.

കള്ളന്‍ അങ്കലാപ്പിലാവുന്നു. എന്തു ചെയ്യണം? എങ്ങനെ ചെയ്യണം?? കള്ളന്‍ സകലമാനയിടങ്ങളിലും കയറി മോഷ്ടിക്കുന്നു. സ്വത്തുക്കളും മറ്റു സുഖങ്ങളും കള്ളനെ തൃപ്തനാക്കുന്നില്ല. പ്രായേണ കള്ളനു് നിധിയിരിക്കുന്ന സ്ഥലം കാണാനുള്ള കഴിവും ലഭിക്കുന്നു. അതു് കള്ളനെ കൂടുതല്‍ സ്വാര്‍ത്ഥനാക്കുകയാണു് ചെയ്യുന്നതു്. അതൃപ്തനായ കള്ളനു് സഹകള്ളന്റെ മേന്മയില്‍ അസൂയയുണ്ടാകുമ്പോള്‍ തകര്‍ച്ച പൂര്‍ണ്ണമാവുന്നു. കള്ളന്‍ തിരിച്ചു് ഗുരുസമക്ഷത്തിലെത്തുന്നു. നിധി ദര്‍ശനവും അതു സ്വന്തമാക്കാനുള്ള വിദ്യയുമുണ്ടെങ്കില്‍ ആ നിധിയൊക്കെ നിന്റേതല്ലേ? എന്തിനു പിന്നെ വേവലാതിപ്പെടണം? എന്ന പ്രൊഫസറുടെ ചോദ്യം കള്ളനെ തെല്ലും തൃപ്തനാക്കുന്നില്ല. പ്രൊഫസറുടെ മുന്നറിയിപ്പു് വകവെക്കാതെ കള്ളന്‍ ചെന്നെത്തുന്നതു് അഗാധമായ ഒരു ഗര്‍ത്തത്തില്‍. ഭാഗ്യദാതാവെന്നു് കള്ളന്‍ കരുതിയിരുന്ന നാണയത്തിലെ രാജാവിനാലും കൈവെടിയപ്പെട്ടു് അഗ്നിയിലമരുമ്പോള്‍ കഥയവസാനിക്കുന്നു.

ഇതു് കഥയിലെ കള്ളന്റെ കഥ. കഥയവസാനിക്കുമ്പോള്‍ കള്ളന്‍ വായനക്കാരന്‍ തന്നെയെന്നു്‌ തിരിച്ചറിയുന്നയിടത്തുനിന്നും കഥ വീണ്ടും തുടങ്ങുന്നു. സ്വന്തമായി ഒന്നുമില്ലാതെ ലോകത്തിലേക്കുവരുന്ന ഓരോരുത്തരും ഉപയോഗിക്കുന്നതു് മറ്റാരുടേതൊക്കെയോ ആണു്. കള്ളനു് കഥാന്ത്യത്തിനു തൊട്ടുമുന്‍പാണീ തിരിച്ചറിവുണ്ടാകുന്നതു്. തനിക്കു പകര്‍ന്നുകിട്ടിയ വിദ്യയും സ്വന്തം ഭാര്യയുമെല്ലാം മറ്റൊരാളുടേതാകേണ്ടതായിരുന്നു എന്ന തിരിച്ചറിവു പക്ഷേ, കള്ളനില്‍ വൈരാഗ്യമല്ല ജനിപ്പിക്കുന്നതു് മറിച്ചു്‌ ദുരയാണു്. നിധി ഇരിക്കുന്ന സ്ഥലം കാണാനായാല്‍ അതു് തന്റേതായിക്കഴിഞ്ഞു പിന്നെ അതു കവരാനെന്തിനുശ്രമിക്കണം എന്നു്‌ വീണ്ടും പ്രൊഫസര്‍ ചോദിക്കുന്നു. മോക്ഷത്തിനായി ഉപനിഷത്തുക്കളും ഇതു തന്നെയാണുപദേശിക്കുന്നതു്. മാ ഗൃധഃ കസ്യ സിദ്ധ്വനം? ( പിടിച്ചു പറിക്കേണ്ട, ആരുടേതാണീ ധനം) എന്നു്‌ ഈശാവാസ്യോപനിഷത്തു്‌. പിടിച്ചു പറിച്ചാലും അതു തന്റേതാവുന്നില്ല, പിടിച്ചുപറിക്കാന്‍ അതാരുടേതുമല്ല താനും.

തന്നില്‍ നിന്നന്യമല്ലാതെ എന്നു കാണുന്നു സര്‍വ്വവും
അന്നേതു ശോകമന്നേതു മോഹ,മേകത്വദൃക്കിനു് *1 എല്ലാം തന്റേതാണെന്നും താന്‍ തന്നെയാണെന്നും കണ്ടവനു്‌ ശോകവും മോഹവുമുണ്ടാവില്ല അതു തന്നെയാണു്‌ ഉപനിഷദ്പ്രോക്തമായ മോക്ഷം

ദുര ഓരോ മനുഷ്യനേയും ചെന്നെത്തിക്കുന്നതു് നിലയില്ലാത്ത അന്ധകാരത്തിലേക്കാണു്. അവിടെ പകച്ചു നില്‍ക്കുമ്പോള്‍ ഒരാളുമറിയുന്നില്ല തന്നെ ഇതിലേക്കു് നയിച്ചതെന്തെന്നു്. രക്ഷപ്പെടാനുള്ള വെപ്രാളമാണു് ഒരായുസ്സുമുഴുവനും. അവസാനം, പ്രകാശമെന്നു കരുതുന്നവ ചുറ്റും തീയായി പടരുമ്പോള്‍ അതിലെരിഞ്ഞടങ്ങുന്ന നിസ്സഹായനായ മനുഷ്യന്റെ കഥയാണു്‌ ചോരശാസ്ത്രം.*2 ജീവിത ദര്‍ശനം പകരുന്നയിടത്തു്, ഇതു് പാവ്‌ലോ കോയ്‌ലോയുടെ ആല്‍ക്കെമിസ്റ്റിനേക്കാള്‍ സാധാരണക്കാരനോടടുത്തു നില്‍ക്കുന്നു. ലാളിത്യത്തിലും ശൈലിയിലും.

"കാവലായ്‌ നിന്നതും കഴുകനായ്‌ വന്നതും നീയെന്നറിഞ്ഞു
കൊടുത്തവനും എടുത്തവനും നീയെന്നു കണ്ടു
എന്തൊക്കെ നിധിയറയുണ്ടോ, എല്ലാം സ്വന്തമെന്നു കണ്ടവന്റെ നിറവോടെ,
ആരുടേയും ഒന്നുമിനി മോഷ്ടിക്കാനില്ലാത്തവന്റെ ലാഘവത്തോടെ, കള്ളനിവന്‍ പിന്‍വാങ്ങുന്നു
ഇവന്റെ വഴിയില്‍ പൊരുളുണര്‍ത്താനെത്തിയ പുല്ലിനും തുരുമ്പിനും കൂടി വിനീതപ്രണാമം"

-ചോരശാസ്ത്രം അവസാന പുറം.

പൊരുളുണര്‍ത്തുന്ന കൃതികളുടെ അന്യം നിന്നു പോകുന്ന വംശത്തില്‍ പിറന്ന ഈ പുസ്തകം വായിച്ചിരിക്കേണ്ട ഒന്നാകുന്നു.


  


*1 യസ്മിന്‍ സര്‍വാണി ഭൂതാനി
ആത്മന്യേവാനു പശ്യത
തത്രകഃ മോഹ കഃ ശോക
ഏകത്വമനു പശ്യത -എന്ന ഈശാവാസ്യോപനിഷത്തിലെ വരികള്‍ക്കു്‌ ശ്രീനാരായണ ഗുരുവിന്റെ പരിഭാഷ.

*2 മോഷണത്തിനും ശാസ്ത്രം രചിക്കപ്പെട്ടിട്ടുണ്ടത്രേ. ബ്ലോഗര്‍മാര്‍ക്കാര്‍ക്കെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അറിയാമെങ്കില്‍ കമന്റിലിടുമല്ലോ.