വായനയ്ക്കിടയില്‍...

Tuesday, January 31, 2006

സ്വപ്നം ചിലർക്കു്.........

പുറം 24.
സ്വപ്നത്തിൽ കാണുന്ന വസ്തുക്കൾ ജാഗരിതത്തിൽ കാണാത്തതു കൊണ്ട് അവാസ്തവം എന്നു പറയുകയാണെങ്കിൽ ജാഗരിതത്തിൽ കാണുന്നതു സ്വപ്നത്തിൽ കാണാത്തതു കൊണ്ടു് അതും അവാസ്തവം എന്നു പറയേണ്ടിവരും - ഗൌതമന്റെ ന്യായസൂത്രം

പുറം 70
ശങ്കരാചര്യരുടെ ഗുരുവായ ഗോവിന്ദാചാര്യരുടെ ഗുരുവായിരുന്ന ഗൌഡപാദാചാര്യർ വൈതഥ്യപ്രകരണത്തിൽ അഞ്ചാമത്തെ കാരികയിൽ പറയുന്നു – “ പ്രസിദ്ധമായ കാരണങ്ങൾ കൊണ്ടു തന്നെ കാണപ്പെടുന്ന ഭാവങ്ങൾക്കു സാമ്യമുള്ളതു കൊണ്ട് സ്വപ്നവും ജാഗരിതവും ഒരു പോലെയാണെന്ന് വിദ്വാന്മാർ പറയുന്നു“.
എന്നാൽ സ്വപ്നത്തിലെ ഭാവങ്ങളെക്കൊണ്ടു് പ്രയോജനമില്ലല്ലോ എന്നു പറയുകയാണെങ്കിൽ ജാഗരിതത്തിലെ ഭാവങ്ങളെക്കൊണ്ട് സ്വപ്നത്തിലും പ്രയോജനമില്ല എന്നു പറയാമല്ലോ. ആദ്യന്തവത്ത്വം രണ്ടിലും തുല്യമായതു കൊണ്ട് സ്വപ്ന വസ്തുക്കളെപ്പോലെ ജാഗരിത വസ്തുക്കളും അയഥാർത്ഥങ്ങൾ തന്നെയാണെന്ന് പറയപ്പെടുന്നു. എന്നു മാത്രമല്ല സ്വപ്നാനുഭവം തികച്ചും നിഷ്പ്രയോജനമെന്നു പറഞ്ഞു കൂടാ. സ്വപ്നത്തിൽ സ്ത്രീയോ പുരുഷനോ കമിതാവുമായി ക്രീഡിക്കുന്നതായി സ്വപ്നം കാണുമ്പോൾ സഹശയനം നടത്താതെ തന്നെ രതിമൂർച്ഛയുണ്ടാവാറുണ്ടല്ലോ. ദാഹിക്കുമ്പോൾ വെള്ളം കുടിക്കുന്നതായി കാണുന്ന സ്വപ്നത്തിനു ദാഹ നിവൃത്തി ഉണ്ടാക്കാ‍ൻ കഴിയുന്നുണ്ടല്ലൊ. സ്വപ്നത്തിൽ നിന്നും ഉണരുമ്പോൾ അനുഭവം മറഞ്ഞു പോകുന്നെങ്കിൽ ജാഗരിതത്തിൽ നിന്നും ബോധഗതി മാറി വരുമ്പോൾ ജാഗരിതത്തിൽ കണ്ട പ്രയോജനവും ഇല്ലതാകുന്നു.

പുറം 73
“സ്വപ്നത്തിൽ മനസ്സിൽ സങ്കല്പിക്കുന്നതും കാലം കൊണ്ടു മാത്രം പരിച്ഛേദിക്കപ്പെടുന്നവയും, ജാഗരിതത്തിൽ രണ്ടുവസ്തുക്കളുടെ അന്യോന്യതാരതമ്യം കൊണ്ടുകൂടി കാലം പരിച്ഛേദിക്കപ്പെടുന്നവയുമായ വസ്തുക്കളെല്ലാം കല്പിതങ്ങളാണു്. കല്പനയിലുള്ള വ്യത്യാസമല്ലാതെ അവയ്ക്കു മറ്റു വിശേഷമൊന്നുമില്ല“. ഗൌഡപാദന്റെ ഈ ആശയത്തിനു മൃഢാനന്ദസ്വാമികളുടെ കുറിപ്പിങ്ങനെയാണു്.
-സ്വപ്നദൃശ്യങ്ങളും ജാഗരിതദൃശ്യങ്ങളും തുല്യങ്ങളാണെന്നതിനു മറ്റൊരു ആക്ഷേപവും കൂടിയുണ്ടു്. സ്വപ്നത്തിലെ ദൃശ്യങ്ങളെല്ലാം നാം സങ്കല്പിക്കുന്ന സമയത്തു മാത്രമേയുള്ളൂ. സങ്കല്പം വിടുമ്പോൾ ആ വസ്തുക്കളും ഇല്ലാതാകുന്നു. എന്നാൽ ജാഗരിതത്തിലെ ദൃശ്യങ്ങൾ നാം സങ്കല്പിക്കുന്നതിനു മുൻപും പിൻപും നിലനിൽക്കുന്നുണ്ടു്. വസ്തുക്കളെ അന്യോന്യം താരതമ്യപ്പെടുത്തി അവയുടെ സത്ത്വത്വം അറിയുകയും ചെയ്യാം. ‘ പശുവിനെ കറക്കുന്നിടത്തോളം സമയം അവൻ അവിടെ ഇരിക്കുന്നു ‘ എന്നു പറയുമ്പോൾ പശുവിനെ കറക്കുന്നതിന്റേയും അവൻ ഇരിക്കുന്നതിന്റേയും സമയത്തെ അന്യോന്യം പരിച്ഛേദിക്കുകയാണു ചെയ്യുന്നത്. ജാഗരിതത്തിലുള്ള വസ്തുക്കളെല്ലാം ഇങ്ങനെ ദ്വയകാലമുളവാക്കുന്നു. ഒരാളുടെ സങ്കല്പത്തെ ആശ്രയിക്കാതെ തന്നെ അവ നിലനിൽക്കുന്നതായി നമുക്കനുഭവമാകുന്നു. അതുകൊണ്ടു് സ്വപ്നത്തിലേയും ജാഗരിതത്തിലേയും ഭാവങ്ങൾ ഒരു പോലെയാണെന്നു പറയുന്നതു ശരിയല്ല എന്നാണു ആക്ഷേപം.
എന്നാൽ സൂക്ഷ്മപരിശോധനയിൽ ഇവയെല്ലാം ഒരുപോലെ മനസ്സിന്റെ ഭാവനയാണെന്നു കാണാം ഭൂതം ഭാവി വർത്തമാനം എന്ന കാലഗണനയും മനസ്സിന്റെ ഭാവനയല്ലാതെ മറ്റൊന്നുമല്ല. സ്വപ്നത്തിൽ ഒരാൾ മാത്രമാണു ഭാവന ചെയ്യുന്നതു് ജാഗരിതത്തിൽ പലരും ഒരു പോലെ ഭാവന ചെയ്യുന്നു എന്ന വ്യത്യാസമേയുള്ളൂ. സ്വപ്നത്തിൽ നാം വളരെക്കാലം കൊണ്ടു നടന്ന പല സംഭവങ്ങളേയും കാണുന്നു. ജാഗരിതത്തിൽ ആ കാലദൈർഘ്യം മിഥ്യയായി നമുക്കു തൊന്നുന്നു. ഇതു പോലെയാണു് ജാഗരിതത്തിൽ ദീർഘമായി തോന്നുന്ന കാലവും. സന്തോഷം വരുമ്പോൾ സമയം വേഗം കഴിഞ്ഞു പോകുന്നതായും ദു:ഖത്തിൽ സമയം നീണ്ടുനിൽക്കുന്നതായും നമുക്കു തോന്നാറുണ്ടു്. ലോകത്തിലെ വസ്തുക്കൾ നിലനിൽക്കുന്നു എന്ന മനസ്സിന്റെ ഭാവനയല്ലാതെ മറ്റൊന്നല്ല. ഭാവനാജന്യങ്ങളും ദൃശ്യങ്ങളുമാണെന്ന നിലയിൽ സ്വപ്നത്തിലേയും ജാഗരിതത്തിലേയും ഭാ‍വങ്ങൾ തമ്മിൽ യാതൊരു വ്യത്യാസവുമില്ല.

ഗ്രന്ഥം :സ്വപ്നം
ഗുരു നിത്യചൈതന്യയതി.
പാശ്ചാത്യവും പൌരസ്ത്യവുമായ വീക്ഷണങ്ങളെ അവധാനപൂർവ്വം പരിശോധിക്കുന്ന ഈ പുസ്തകം സ്വപ്നത്തെ പറ്റി പഠിക്കാനാഗ്രഹിക്കുന്നവർക്കൊരമൂല്യഗ്രന്ഥമാകുന്നു.
Printed and published by nalappat books.

മുഖവുര

വായിച്ച പുസ്തകത്തിൽ നിന്നു് പ്രധാനപ്പെട്ടതെന്നു് തോന്നുന്ന അല്ലെങ്കിൽ കൃതിയുടെ ഏകദേശരൂപം തരുന്ന ഒരു ഭാഗം ശ്രദ്ധയിൽ‌ പെടുത്താനുള്ള ഒരു ശ്രമമാണിവിടെ.
എഴുതിവച്ചതു തന്നെയാണോ വായിച്ചറിഞ്ഞതു് എന്നറിയാനുള്ള ശ്രമം എന്നും പറയാം.
വായിക്കാനാരെയെങ്കിലും പ്രേരിപ്പിക്കാനുള്ള ശ്രമം എന്നും പറയാം.
വായിച്ചതോർമ്മിക്കാനുള്ള ശ്രമം എന്നു പറഞ്ഞാലും,
ഇതൊന്നും പറഞ്ഞില്ലെങ്കിലും, തരക്കേടില്ല.

തൽക്കാലം മറ്റൊരിടത്തു് എഴുതിയിട്ടവയെ വെട്ടിയിടുന്നു.